sections
MORE

തദ്ദേശ തിരെഞ്ഞെടുപ്പ്: 2019 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന് ജോസ് കെ.മാണി

jose-k-mani
കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന നേതൃക്യാംപില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. സംസാരിക്കുന്നു
SHARE

ചരല്‍ക്കുന്ന് ∙ തദ്ദേശസ്വയംഭരണ തിരെഞ്ഞെടുപ്പില്‍ 2019 ലെ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന നേതൃക്യാംപില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വോട്ടര്‍ പട്ടിക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വരം മാറ്റത്തിന്റെ പിന്നില്‍ ദുഷ്ട ലക്ഷ്യമുണ്ട്. 2015 ലെ തദ്ദേശസ്വയംഭരണ തിരെഞ്ഞെടുപ്പില്‍ 2014 ലെ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയാണ് ഉപയോഗിച്ചത്. വരാന്‍ പോകുന്ന തിരെഞ്ഞെടുപ്പില്‍ 2015 വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി മുന്നോട്ടുപോകും എന്ന സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. 2016 ലെ അസംബ്ലി തിരെഞ്ഞെടുപ്പിലും 2019 ലെ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പിലും വോട്ട് ചെയ്ത ലക്ഷകണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കലാണിത്. 

ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ള എല്ലാ പൗരന്മാര്‍ക്കും അതിനുള്ള അവസരം ഉറപ്പുവരുത്തേണ്ടത് തിരെഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ചുമതലയാണ്. സമയ നഷ്ടത്തിന്റെയും സാമ്പത്തിക ചെലവിന്റെയും പേരു പറഞ്ഞ് ഇത് നിഷേധിക്കുന്നത് ജനാധിപത്യത്തെ നിഷേധിക്കലാണ്. തദ്ദേശസ്വയംഭരണ തിരെഞ്ഞെടുപ്പിന്റെ തീയതി പെട്ടെന്ന് നിശ്ചയിച്ചതല്ല. ഇതിനുള്ള തയ്യാറെടുപ്പുകള്‍ കമ്മിഷനും സംസ്ഥാന സര്‍ക്കാരും നേരത്തെ ചെയ്യേണ്ടതായിരുന്നു. 2019 ലെ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പിന്റെ പട്ടിക അടിസ്ഥാനമാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചാല്‍ അധിക ചെലവ് ഒഴിവാക്കാനാവും. ഇക്കാര്യത്തില്‍ നിലപാട് മാറ്റാന്‍ സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും ജോസ് കെ.മാണി പറഞ്ഞു. 

കുട്ടനാട് ഉപതിരെഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ക്യാംപ് തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള തിരെഞ്ഞെടുപ്പ് വിഷയങ്ങള്‍ തീരുമാനിക്കുന്നതിനായി തോമസ് ചാഴികാടന്‍ കണ്‍വീനറായും മുൻ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരി, വി.സി ഫ്രാന്‍സിസ്, വി.ടി ജോസഫ്, ജേക്കബ് തോമസ് അരികുപുറം എന്നിവര്‍ അംഗങ്ങളായുള്ള ഉപസമതിക്ക് രൂപം നല്‍കാന്‍ ക്യാംപില്‍ ചേര്‍ന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. 

പൗരത്വ ഭേദഗതി നിയമത്തിനു പിന്നിലെ വിഭജനത്തിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തെ ജനാധിപത്യ ഇന്ത്യ അംഗീകരിക്കില്ലെന്ന് ക്യാംപ് അംഗീകരിച്ച പ്രമേയം പ്രഖ്യാപിച്ചു. മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുകയും ഒരു ജനതയെ പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളാക്കി മാറ്റുകയും ചെയ്യുന്ന ഫാസിസ്റ്റ് സമീപനം അംഗീകരിക്കാനാവില്ല. ഇതിനെതിരെ രാജ്യത്താകെ ഉയരുന്ന പ്രതിഷേധങ്ങളോട് ക്യാംപ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം നിരവധി രാജ്യാന്തര കരാറുകളിലാണ് ഇന്ത്യ ഒപ്പിട്ടത്. ഏറ്റവും ഒടുവില്‍ ആര്‍സിഇപി കരാര്‍ ഒപ്പിടുന്നതില്‍ നിന്നും അന്തിമഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത് ഇന്ത്യയിലെ കാര്‍ഷിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ്. ആഗോള കരാറുകള്‍ കനത്ത ആഘാതം സൃഷ്ടിച്ചത് കാര്‍ഷിക മേഖലയിലാണ്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും ജനജീവിതത്തിലും ഇത്തരം കരാറുകള്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും അറിയാനുള്ള അവകാശം ഇന്ത്യന്‍ ജനതയ്ക്കുണ്ട്. ഇതിനകം ഇന്ത്യ ഒപ്പിട്ട രാജ്യാന്തര കരാറുകള്‍ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ രാജ്യാന്തര കരാറുകളില്‍ ഇന്ത്യ ഒപ്പിടാന്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാരിനോട് ക്യാംപ് ആവശ്യപ്പെട്ടു. 

കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ കാരുണ്യ പദ്ധതിയും കര്‍ഷകത്തൊഴിലാളി പെന്‍ഷനും കര്‍ഷകപെന്‍ഷനും ദേശീയ തലത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ക്യാംപ് ആവശ്യപ്പെട്ടു.

കെ.എം മാണിയുടെ വേര്‍പാടിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഏപ്രില്‍ മാസത്തില്‍ കോട്ടയത്ത് ലക്ഷംപേര്‍ പങ്കെടുക്കുന്ന  കെ.എം മാണി സ്മൃതി സംഗമം സംഘടിപ്പിക്കും. ജോസ് കെ.മാണി എം.പി ചെയര്‍മാനും റോഷി അഗസ്റ്റിന്‍ എം.എല്‍.എ കണ്‍വീനറുമായി ഇതിന്റെ സംസ്ഥാനതല സംഘാടക സമിതിക്ക് രൂപം നല്‍കി.

കെ.എം മാണി സാറിന്റെ ജന്മദിനമായ ജനുവരി 29 കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലേയും തിരെഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, ബാലഭവനുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

English Summary: Use 2019 voters list for local body polls, says Jose K Mani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA