ADVERTISEMENT

ആലപ്പുഴ ∙ കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റിനു പുതിയ അവകാശവാദം. ജോണി നെല്ലൂരിനെ സ്ഥാനാർഥിയാക്കണമെന്നു യൂത്ത് ഫ്രണ്ട് (ജേക്കബ്) നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു രാഹുൽ ഗാന്ധിക്കും യുഡിഎഫ് നേതൃത്വത്തിനും കത്തു നൽകും. സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസ് ജോസ് കെ.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കമുള്ളതിനാൽ വിജയസാധ്യത പരിഗണിച്ചു ജോണി നെല്ലൂരിനെ യുഡിഎഫിന്റെ പൊതു സ്ഥാനാർഥിയാക്കണമെന്നു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രേംസൺ പോൾ മാഞ്ഞാമറ്റം പറഞ്ഞു.

ജോണി നെല്ലൂരിന് 2016ൽ അങ്കമാലി സീറ്റ് നൽകാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അവസാന നിമിഷം നിഷേധിച്ചിരുന്നു. അതിനു പകരമായാണു കുട്ടനാട് ആവശ്യപ്പെടുന്നത്. സീറ്റിൽ 2001ൽ പാർട്ടി വൈസ് ചെയർമാൻ പ്രഫ. ഉമ്മൻ മാത്യു മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് (ജേക്കബ്) ഡിഐസിയിൽ ലയിച്ചപ്പോൾ കെ.കരുണാകരന്റെ ആഗ്രഹപ്രകാരം 2006ൽ തോമസ് ചാണ്ടിക്കു കൊടുക്കുകയായിരുന്നു. പിന്നീടു പാർട്ടി ഡിഐസി വിട്ടു യുഡിഎഫിൽ ചേർന്നപ്പോൾ എൻസിപിയിലൂടെ എൽഡിഎഫിലെത്തി തോമസ് ചാണ്ടി സീറ്റ് നിലനിർത്തി.

2011ൽ യൂത്ത് ഫ്രണ്ടിന് അവകാശപ്പെട്ട സീറ്റ് മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന്റെ പേരിൽ മാണി ഗ്രൂപ്പിനു നൽകി. 2016ലും സീറ്റ് കേരള കോൺഗ്രസിനു (എം) നൽകി. ഇപ്പോൾ പഴയ കേരള കോൺഗ്രസ് (എം) മൂന്നു വിഭാഗമായി. സീറ്റിനായി ജോസഫ്, മാണി വിഭാഗങ്ങൾ തർക്കത്തിലുമാണ്. പിറവവും മുവാറ്റുപുഴയും കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവും അധികം പഞ്ചായത്ത് അംഗങ്ങളുള്ളതു കുട്ടനാട്ടിലാണെന്നും യൂത്ത് ഫ്രണ്ട് (ജേക്കബ്) നേതാക്കൾ പറഞ്ഞു.

English Summary: Youth Front (Jacob) for Kuttanad Seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com