ദേവീന്ദറിന് പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടോ; അന്വേഷിക്കാൻ കശ്മീർ പൊലീസ്

jammu-kashmir-Davinder-Singh
ജമ്മു കശ്മീർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്
SHARE

ന്യൂ‍ഡൽഹി ∙ അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിന് 2001ലെ പാർലമെന്റ് ആക്രമണവുമായി പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജമ്മു കശ്മീർ പൊലീസ്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. ജമ്മു-ശ്രീനഗർ ഹൈവേയിൽ ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരർക്കൊപ്പമാണു ദേവിന്ദർ സിങ് ശനിയാഴ്ച അറസ്റ്റിലായത്.

‘എന്തെങ്കിലും വെളിച്ചത്തുവന്നാൽ അത് അന്വേഷിക്കും. ഒരു വശവും അന്വേഷിക്കുന്നതിനു തടസ്സമില്ല. കറുത്ത ആടുകളെ എവിടെനിന്നും കണ്ടെത്താമെന്ന് ഗവര്‍ണർ പറഞ്ഞിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരെയും വെറുതെവിടില്ല’– ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു. പാർലമെന്റ് ആക്രമണത്തിൽ ദേവീന്ദർ സിങ്ങിന്റെ പങ്ക് അന്വേഷിക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാർലമെന്റ് ആക്രമണ കുറ്റവാളിയായ അഫ്സൽ ഗുരുവിനെ ഡൽഹിയിലേക്ക് അയച്ചതിനും ഭീകരർക്കായി സേവനങ്ങൾ ക്രമീകരിച്ചതിനും ദേവീന്ദർ സിങ് മുൻപ് ആരോപണം നേരിട്ടിരുന്നു. 2013ൽ വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് അഫ്സൽ ഗുരു എഴുതിയ കത്തിൽ പാര്‍ലമെന്റ് ആക്രമണത്തിന്റെ പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകാനും താമസിക്കാൻ ക്രമീകരണമൊരുക്കാനും പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

ദേവീന്ദർ സിങ്ങിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ വീട്ടിൽ നടത്തിയ റെയ്ഡിൽ എകെ റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തി. കഴിഞ്ഞയാഴ്ച ജമ്മു കശ്മീർ സന്ദർശനത്തിനായി യുഎസ് പ്രതിനിധി ഉൾപ്പെടെ 15 വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ എത്തിയപ്പോൾ ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിൽ ദേവീന്ദർ സിങ്ങിനും ചുമതലയുണ്ടായിരുന്നു. കരസേനയുടെ 15 കോർപ്സ് ഹെഡ്ക്വാർട്ടേഴ്സിനടുത്തുള്ള ഔദ്യോഗിക വീട്ടിൽ ഭീകരരർക്ക് അഭയം നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ശനിയാഴ്ച രാവിലെ ജമ്മുവിലേക്ക് പുറപ്പെട്ട അവർ ഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. സിങ്ങിന്റെ ഡൽഹി സന്ദർശനത്തിന് റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും. പുൽവാമയിൽ 2017 ഓഗസ്റ്റിൽ നടന്ന ഭീകരാക്രമണത്തെ നേരിട്ടതിന് ദേവീന്ദർ സിങ്ങിന് ഷേർ-ഇ-കശ്മീർ പൊലീസ് ഗാലന്ററി മെഡൽ ലഭിച്ചിരുന്നു.

ആക്രമണത്തിൽ നാലു പൊലീസുകാർ കൊല്ലപ്പെട്ടു. ആക്രമണവുമായി ഇദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിനു പിന്നാലെ മെഡൽ തിരിച്ചെടുത്തതായി ജമ്മു കശ്മീർ ഭരണകൂടം പ്രഖ്യാപിച്ചു. ജമ്മു കശ്മീരിന്റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെയും സംയുക്ത സംഘമാണ് ദേവീന്ദർ സിങ്ങിനെ ചോദ്യം ചെയ്യുന്നത്.

English Summary: Arrested Cop's Role In Parliament Attack? J&K Police May Investigate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA