ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം ആരംഭിച്ചു. രാത്രിയോടെ 70 സീറ്റുകളിലെയും സ്ഥാനാർഥികളുടെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. നാളെ മുതൽ പത്രിക നൽകി തുടങ്ങും.

മുഖ്യമന്ത്രി സ്ഥാനാർഥിയാരാണെന്ന് പ്രഖ്യാപിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മീനാക്ഷി ലേഖി, സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, വിജയ് ഗോയൽ എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. ആരെയും മുൻ നിർത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ ബലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനാണു നീക്കമെന്നു നേതാക്കൾ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞയാഴ്ച പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ 7 മണിക്കൂറോളം സ്ഥാനാർഥികളെ തീരുമാനിക്കാൻ ചർച്ച നടത്തി. പാർട്ടിയുടെ 7 എംപിമാരെയും മത്സരിപ്പിക്കാൻ ഈ യോഗത്തിൽ ചിലർ ആവശ്യമുന്നയിച്ചു. ഏതെങ്കിലും ഒരാളെ മാത്രം മത്സരിപ്പിച്ചാൽ അത് മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു വ്യാഖ്യാനിക്കപ്പെടുമെന്നും അതിനാൽ എല്ലാവരെയും മത്സരിപ്പിക്കണമെന്നുമായിരുന്നു ആവശ്യം.

മനോജ് തിവാരി മുഖ്യമന്ത്രി സ്ഥാനാർഥിയാകുന്നതിൽ താൽപര്യമില്ലാത്തവരാണ് ആവശ്യമുന്നയിച്ചത്. ഇതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. എങ്കിലും മീനാക്ഷി ലേഖി ഉൾപ്പെടെ ചില എംപിമാരെ മത്സരിപ്പിക്കണമെന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

സുഷമ സ്വരാജ് സർക്കാരിനു ശേഷം 23 വർഷമായി ഡൽഹിയിൽ ബിജെപി അധികാരത്തിനു പുറത്താണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70ൽ 3 സീറ്റുകളാണ് ബിജെപിക്കു ലഭിച്ചത്. ആം ആദ്മി പാർട്ടി 67 സീറ്റുകളിൽ ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 7 സീറ്റുകളിലും ബിജെപി വൻ ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു.

English Summary: BJP candidates for the Delhi Election announce soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com