ADVERTISEMENT

മെക്സിക്കോ സിറ്റി ∙ മെക്സിക്കോയെ വീണ്ടും ചോരയിൽ മുക്കി രാജ്യാന്തര ലഹരിമരുന്നു മാഫിയ. സെൻട്രൽ മെക്സിക്കോയിലെ സെലായയിലെ ക്രിസ്ത്യൻ പള്ളിയിൽ വധുവിനെ വിവാഹചടങ്ങിനിടെ വെടിവച്ചു കൊന്നു. വരനെ മാഫിയ സംഘം തട്ടിക്കൊണ്ടു പോയെന്ന് പൊലീസ് പറയുന്നു. വിവാഹകർമ്മങ്ങൾ അവസാനിച്ചതോടെ പള്ളിയിൽ പ്രവേശിച്ച മാഫിയ സംഘം വിവാഹചടങ്ങിൽ എത്തിയവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നതിൽ വ്യക്തതയില്ല. മെക്സിക്കൻ അധോലോക നായകൻ ഹോസെ ആന്റണിയോ എൽ മാരോ യെപെസ് ഒരടിസിന്റെ സഹോദരി കരീം ലിസ്ബെത്ത് യെപെസ് ഒരടിസാണ് കൊല്ലപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

2017 മുതൽ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സാന്ത റോസ് ഡി ലാമ കാർട്ടലിന്റെ തലവനാണ് ആന്റണിയോ. സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല കൊല്ലപ്പെട്ട യുവതിക്കായിരുന്നു. ആക്രമണം തുടങ്ങിയപ്പോൾ ഇവിടെ നിന്ന് ആന്റണിയോ രക്ഷപ്പെട്ടു. ഹലീസ്കോയിലെ ന്യൂ ജനറേഷൻ കാർട്ടൽ എന്ന മാഫിയ സംഘമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. പള്ളിക്കു പുറത്തു മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പതിനെട്ടുകാരനെയും സംഘം വെടിവച്ചു വീഴ്ത്തി. ലാ ബോകാൻഡയിൽ മെക്സിക്കോ പൊലീസിന്റെ വെടിയേറ്റ് ജലിസ്കോ കാർട്ടലിലെ വനിതാ അംഗമായ 21 കാരി ലോപ്പസ് എസ്ക്വൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വിവാഹച്ചടങ്ങിൽ വെടിവയ്പ്പുണ്ടായത്. ‘ലാ കത്രീന’ എന്ന വിളിപ്പേരിലാണ് മെക്സിക്കോ ലഹരിമരുന്നു മാഫിയകൾക്കിടയിൽ ലോപ്പസ് എസ്ക്വൽ അറിയപ്പെട്ടിരുന്നത്.

നവംബർ 4, 2019 ന് മെക്സിക്കോ-അരിസോണ അതിർത്തിയിൽ ഒൻപതു പേരെ ലഹരിമരുന്നു മാഫിയ വെടിവച്ചുകൊന്നതാണ് ഇതിനു മുൻപ് ലോകത്തെ നടുക്കിയ സംഭവം. സംഭവത്തിനു പിന്നാലെ മെക്സിക്കോയിൽ അരങ്ങുവാഴുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസ്–മെക്സിക്കോ ഇരട്ടപൗരത്വമുള്ള മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. എട്ടുമാസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

സൊനാറായിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ മൂന്ന് എസ്‌യുവികളിലായി യാത്ര തിരിച്ച കുടുംബമാണ് അപകടത്തിൽപെട്ടത്. സംഭവത്തിനു പിന്നിൽ സിനലോവ കാർട്ടലാണെന്നു ആരോപണം ഉയർന്നിരുന്നു. ലഹരിമരുന്നു മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്നും ഐഎസ് ഭീകരരേക്കാൾ വിനാശികാരികളാണ് മെക്സിക്കോയിലെ ലഹരിക്കടത്ത് മാഫിയയെന്ന്  യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സംഭവത്തിനു പിന്നാലെ പ്രതികരിച്ചത് രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 

ലഹരിമരുന്നു മാഫിയകൾ ഐഎസിനെക്കാൾ അപകടകാരികളാണെന്ന യുഎസ് ഭരണകൂടത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തു വിട്ട കണക്കുകൾ പറയുന്നത്.  2014 ൽ 9000 പൗരൻമാരെയാണ് ഐഎസ് ഇറാഖിൽ  മാത്രം കൊന്നുതള്ളിയത്. 17,386 പേർക്ക് ഗുരുതരമായി പരുക്കേറ്റു. സിറിയയിലും ആയിരക്കണക്കിനാളുകളെ ഐഎസ് ഭീകരർ കൊലപ്പെടുത്തി. എന്നാൽ 2013ൽ മാത്രം മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ കൊന്നുതള്ളിയത് 16,000ത്തോളം നിരപരാധികളെയാണ് യുഎൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

2006 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 60,000 പേരാണ് ലഹരിമാഫിയകളുടെ കുടിപ്പകയിൽ ജീവിതം ഹോമിക്കപ്പെട്ടത്. ഒരോ അരമണിക്കൂറിലും മെക്സിക്കോയിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നു മെക്സിക്കൻ ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ത്രീകളെ  ബലാത്സംഗത്തിനിരയാക്കിയും എതിർക്കുന്നവരെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്നും കഴുത്തറത്തു തലകീഴായി കെട്ടിത്തൂക്കിയും ആളുകളിൽ ഭീതിപടർത്തുന്ന ഐഎസ് ഭീകരരുടെ മറ്റൊരു പതിപ്പാണ് മെക്സിക്കോയിലെ ലഹരിക്കടത്തു മാഫിയയെന്നും യുഎസ് ആരോപിക്കുന്നു.

English Summary: Bride executed at her own wedding and groom kidnapped by enemies of her Mexican cartel boss brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com