സർക്കാരിനു മീതേ റസിഡന്റുമാരില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

pinarayi-malappuram-caa
പൗരത്വ നിയമത്തിനെതിരെ എൽഡിഎഫ് മലപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: സമീർ എ.ഹമീദ്
SHARE

മലപ്പുറം ∙ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ല. പണ്ടു നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനു മീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചത്. താന്‍ റബര്‍ സ്റ്റാംപല്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. ആരും നിയമത്തിന് അതീതരല്ലെന്ന് ഉറപ്പാക്കും. പൗരത്വ വിഷയത്തില്‍ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പത്രവാര്‍ത്തകളില്‍ നിന്നല്ല ഇക്കാര്യം താന്‍ അറിയേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെയാണ് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ പരസ്യവിയോജിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഫയല്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ ചേരാനിരിക്കേ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ സാംഗത്യത്തെയും ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്തു. ഓര്‍ഡിനന്‍സിന് രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന ആരോപണവും അദ്ദേഹം പരോക്ഷമായി ഉന്നയിച്ചു.

English Summary: CM Pinarayi Vijayan Against Governor Arif Muhammad Khan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA