കെഎസ്ഇബിയുടെ എൽഇഡി ബൾബ് പദ്ധതിയിൽ കോടികളുടെ അഴിമതി: ആരോപണവുമായി ശാസ്ത്ര പ്രതിഭ

led-bulbs
എൽഇഡി ബൾബുകൾ
SHARE

കോഴിക്കോട് ∙ ഊർജസംരക്ഷണത്തിനായി സംസ്ഥാനത്ത് കെഎസ്ഇബി വിതരണം ചെയ്യാൻ പോകുന്ന ഒന്നര കോടി എൽഇഡി ബൾബുകളുടെ കാര്യത്തിൽ കോടികളുടെ അഴിമതി ആരോപണവുമായി ഭിന്നശേഷിക്കാരനായ ശാസ്ത്ര പ്രതിഭ എം.എ.ജോൺസൺ രംഗത്തെത്തി. പെരുവണ്ണാമൂഴി സ്വദേശിയും 80 ശതമാനത്തിലേറെ ശാരീരിക വൈകല്യങ്ങളുമുള്ള എം.എ. ജോൺസൺ 2004ൽ എൽഇഡി ബൾബ് വെളിച്ചത്തിനായി ഉപയോഗിക്കാവുന്ന തരത്തിൽ രൂപകൽപന ചെയ്ത ശാസ്ത്രപ്രതിഭയാണ്. 

ഊർജ–പാരിസ്ഥിതിക സംരക്ഷണത്തിന്റെ പേരിലാണ് കെഎസ്ഇബി 9 വാട്ട് എൽഇഡി ബൾബ് 65 രൂപയ്ക്ക് വിതരണം ചെയ്യാൻ പോകുന്നത്. എന്നാൽ ഒന്നര കോടി ബൾബുകളുടെ ഓർഡർ ഉണ്ടെങ്കിൽ ബൾബ് ഒന്നിനു 49 രൂപയ്ക്കു നൽകാനാകുമെന്നാണ് എം.എ.ജോൺസൺ പറയുന്നത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള എൽഇഡി യൂണിറ്റുകളെ ഒഴിവാക്കിയാണ് രാജ്യാന്തര കമ്പനികളിൽ നിന്നു വലിയ വിലയ്ക്കു ബൾബുകൾ വാങ്ങി വിതരണം ചെയ്യാൻ ശ്രമിക്കുന്നത്. ഇങ്ങനെയെത്തിക്കുന്ന ബൾബുകൾ വൻ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കും. ഇപ്പോൾ വിതരണം ചെയ്യുന്ന എൽഇഡി ബൾബുകൾ കേടായാൽ ഉപേക്ഷിക്കേണ്ടവയാണ്.

എന്നാൽ കേരളത്തിൽ ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹകരണത്തോടെയുള്ള ചെറുകിട യൂണിറ്റുകളിൽ നിർമിക്കുന്ന എൽഇഡി ബൾബുകൾ കേടായാൽ റിപ്പയർ ചെയ്തു വീണ്ടും ഉപയോഗിക്കാവുന്നവയാണ്. ഇവയാണ് സർക്കാരുകളുടെയോ മറ്റു ഏജൻസികളുടെയോ സാമ്പത്തിക സഹായം ഒന്നും ഇല്ലാതെ 49 രൂപയ്ക്കു നൽകാൻ കഴിയുക. എൻവയർമെന്റൽ ഓർഗനൈസേഷനായ സത്‌വയുടെ സഹകരണത്തോടെയാണ് ജോൺസൺ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

എംടെക് എന്ന പേരിലുള്ള തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ 25–ാം വാർഷികത്തോടനുബന്ധിച്ച് ‘നമ്മുടെ ജനതയ്ക്കു തൊഴിൽ, നമ്മുടെ തന്നെ ഉപയോഗം’ എന്ന പദ്ധതിയിലൂടെ വനിത സംരംഭകർക്ക് എൽഇഡി നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള എല്ലാ സാങ്കേതിക സഹായവും അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും നൽകി എൽഇഡി ബൾബ് നിർമാണ യൂണിറ്റുകൾ ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ആരംഭിച്ചിട്ടുണ്ട്.

സർക്കാർ ഇറക്കുമതി ചെയ്തു വിതരണം ചെയ്യുന്ന ബൾബുകൾക്കു പകരം ഇത്തരം യൂണിറ്റുകളിൽ നിർമിക്കുന്ന ബൾബുകൾ ഏറ്റെടുത്തു വിതരണം ചെയ്താൽ ഇവിടത്തെ തൊഴിലില്ലായ്മയ്ക്കു പരിഹാരവും നാടിനു സാമ്പത്തിക ഉന്നതിയുമുണ്ടാകുമെന്നും എം.എ.ജോൺസൺ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഇത്തരം യൂണിറ്റുകൾ ആരംഭിച്ചു സ്ത്രീകൾ‌ക്കു തൊഴിൽ അവസരം ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതെന്നും ജോൺസൺ ആവശ്യപ്പെട്ടു.

English Summary: Crores of corruption in KSEB LED bulb project, says Scientific Genius

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA