ADVERTISEMENT

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണവും നിരോധിത കറൻസിയും പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് പരിശോധനയിൽ 52 ലക്ഷം രൂപ വിലവരുന്ന ഒന്നര കിലോ സ്വർണമാണ് പിടികൂടിയത്.

ദുബായിൽ നിന്ന് വന്ന വയനാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണവും സൗദി അറേബ്യൻ വിമാനത്തിൽ ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയിൽ നിന്ന് അര കിലോ സ്വർണവുമാണ് പിടികൂടിയത്. ഒരു കിലോ സ്വർണം മിക്സിയുടെ മോട്ടോറിൽ പൽചക്രങ്ങൾക്കിടയിൽ ഉരുക്കി ഒഴിച്ചുണ്ടാക്കിയ ഡിസ്കുകളുടെ രൂപത്തിലാണ് സൂക്ഷിച്ചിരുന്നത്. അര കിലോ സ്വർണം ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിലും.

നിരോധിച്ച നോട്ടുമായി സ്വദേശത്തേയ്ക്ക് മടങ്ങാനെത്തിയ സ്വീഡിഷ് വനിതയാണു സിഐഎസ്എഫിന്റെ പിടിയിലായത്. കൽബർഗ് ആസ മരിയ എന്ന 56 കാരിയിൽ നിന്ന് 51,500 രൂപയുടെ പഴയ 1000, 500 നോട്ടുകൾ കണ്ടെടുത്തു. സ്ക്രീനിങ്ങിനിടെയാണ് ഇവരുടെ പക്കൽ കറൻസിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇവരെ കസ്റ്റംസിന് കൈമാറി. 2014ൽ ഇവർ ഇന്ത്യയിൽ വന്നപ്പോൾ വാങ്ങിയതാണ് രൂപയെന്നും നോട്ടുനിരോധനം വന്ന വിവരം അറിയാതെ ഇതുമായാണ് വന്നതെന്നും ഇവർ പറയുന്നു.

ഈ സാമ്പത്തിക വർഷം നെടുമ്പാശേരിയിൽ ഇതുവരെ എയർ കസ്റ്റംസ് 132 കിലോ സ്വർണം പിടികൂടി. സ്വർണക്കടത്തിന് കടത്തുകാർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ കൃത്യമായി അറിയാൻ സംവിധാനങ്ങൾ ഉള്ളതിനാലാണ് കടത്ത് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതെന്ന് കസ്റ്റംസ് പറഞ്ഞു. എല്ലാ കടത്തു സംഘത്തിലും കൃത്യമായി ഇൻഫോർമർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ ഉപയോഗപ്പെടുത്തുന്നതാണ് സ്വർണവുമായി എത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നത്.

English Summary: Gold smuggling through Nedumbassery Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com