ADVERTISEMENT

തിരുവനന്തപുരം ∙ പൗരത്വ നിയമത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ അറിയാതെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാരിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ തലവൻ എന്ന രീതിയിൽ തന്നെ അറിയിക്കേണ്ടതായിരുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു.

താൻ റബർ സ്റ്റാംപ് അല്ലെന്ന് തുറന്നു പറഞ്ഞ ഗവർണർ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം നടത്തി. തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ല എന്നു പറഞ്ഞിട്ടില്ലെന്നും ഗവർണർ പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിടും മുൻപ് തനിക്കു ചില കാര്യങ്ങൾ ബോധ്യപ്പെടണം. സംശയങ്ങൾ മാറേണ്ടതുണ്ട്. ഫയൽ ലഭിച്ച സാഹചര്യത്തിൽ സർക്കാരിനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് ചെയ്തത്. പൗരത്വ നിയമത്തിലെ തന്റെ നിലപാടുകളുമായി ഈ വിഷയത്തിനു ബന്ധമില്ല. ആരും നിയമത്തിനു മുകളിലല്ല. ഈ മാസം അവസാനം നിയമസഭ ചേരാനിരിക്കെ എന്തിനാണ് ഓർഡിനൻസ് എന്നും ഗവർണർ ചോദിച്ചു.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭ ചേരാമെങ്കിൽ ഈ നിയമം പാസാക്കാനും സഭ ചേർന്നുകൂടെയെന്നു തദ്ദേശമന്ത്രി എ.സി.മൊയ്തീനോട് ഗവർണർ ചോദിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ജനസംഖ്യാ വർധനവിന് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണം കൂട്ടാനാണ് ഓർഡിനൻസെന്നാണ് സർക്കാർ വിശദീകരണം. സെൻസസിനു മുൻപ് ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണർക്ക് തിരിച്ചയയ്ക്കാം. സർക്കാർ വീണ്ടും അയച്ചാൽ ഗവർണർക്ക് ഒപ്പിടേണ്ടിവരും. ഈ മാസം 31ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കാനുമാകും. സെൻസസ് നടക്കാനിരിക്കുന്നതിനാൽ 2019 ഡിസംബർ 31ന് ശേഷം വാർഡ് വിഭജനം പാടില്ലെന്നു സെപ്റ്റംബർ 9ന് സെൻസസ് ഡയറക്ടർ അറിയിച്ചിരുന്നു. എന്നാൽ ഡിസംബർ 27നു സർക്കാർ ഓർഡിനൻസ് അയച്ചു.

ഡിസംബർ 31ന് പൗരത്വ നിയമത്തിൽ പ്രമേയം പാസാക്കാൻ സഭ ചേർന്നു. സഭ ചേർന്നുകഴിഞ്ഞാൽ ഓർഡിനൻസുകൾക്ക് വീണ്ടും ഗവർണറുടെ അംഗീകാരം വേണം. ഗവർണറുടെ മുന്നിൽ ഫയൽ എത്തിയപ്പോൾ സെൻസസ് ഡയറക്ടറുടെ വിജ്ഞാപനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി ഒപ്പിടാതെ ഫയൽ മടക്കുകയായിരുന്നു. വിഷയത്തിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

English Summary: Governor Arif Mohammad Khan hit out against State Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com