ADVERTISEMENT

കൊച്ചി∙ ‘മാവോയിസ്റ്റുകളാണ് ഞങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ ഞങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബ് വച്ചതെന്നതിനും തെളിവു കൊണ്ടു വരട്ടെ’ എന്ന് അലൻ ഷുഹൈബും താഹ ഫസലും. ‘ഞങ്ങൾ സിപിഎമ്മുകാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ചവരാണ്. ബൂത്ത് ഏജന്റുമാരായി പ്രവർത്തിച്ചവരാണ്’ എന്നും ഇരുവരും പ്രതികരിച്ചു. എറണാകുളം എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കുമ്പോഴാണ് ഇരുവരുടെയും പ്രതികരണം. 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശികളായ അലന്റെയും താഹയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി അടുത്ത മാസം 14 വരെ നീട്ടാൻ എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടു. ഇരുവരെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റാനും കോടതി നിർദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കോടതി നാളെ പരിഗണിക്കും. ഇരുവരെയും ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. 

സിപിഎം പ്രവർത്തകരായിരുന്ന ഇരുവർക്കുമെതിരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ്(20) നിയമ വിദ്യാർഥിയും ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ട് പറമ്പിൽ താഹ ഫസൽ (24) ജേർണലിസം വിദ്യാർഥിയുമാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ഇവർ ലഘുലേഖകൾ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സിപിഎം ജില്ലാ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും എതിരായ തെളിവുകൾ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ജില്ലാകമ്മിറ്റിയംഗം പി.കെ. പ്രേംനാഥ് വിശദീകരിച്ചിരുന്നു. 

English Summary: Judicial custody of Alan Suhaib and Thaha Fazal extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com