ADVERTISEMENT

തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്ക് തയാറെടുക്കാനായി അവധിയിൽ പ്രവേശിച്ചിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർ പരീക്ഷ എഴുതുകയാണെങ്കിൽ അവരെ അയോഗ്യരാക്കണമെന്ന് പൊതുഭരണ സെക്രട്ടറിയുടെ കുറിപ്പ്. ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് പോകുന്നത് സെക്രട്ടേറിയറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയുടെ നടപടി. ഒന്നുകിൽ ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുകയോ ലീവ് റദ്ദു ചെയ്ത് ജോലിയിൽ പ്രവേശിക്കുകയോ ചെയ്യാൻ നിർദേശിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 22നാണ് കെഎഎസ് പ്രാഥമിക പരീക്ഷ.

സെക്രട്ടേറിയറ്റിലെ അൻപതിലധികം അസിസ്റ്റന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർ കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കാനായി അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നു കുറിപ്പിൽ പറയുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങളെ ഇതു ബാധിച്ചിട്ടുണ്ട്. ഈ മാസം 31ന് നിയമസഭ തുടങ്ങുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ ഇതു താളം തെറ്റിക്കും. സർവീസിൽ ഇരിക്കെ, നിലവിലെ ജോലിക്കു വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ അവധിയെടുത്ത് മറ്റൊരു ജോലിക്കു ശ്രമിക്കുന്നത് ജീവനക്കാരുടെ സാമൂഹിക പ്രതിബന്ധത ഇല്ലായ്മയാണ് കാണിക്കുന്നത്.

ഉദ്യോഗസ്ഥർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ഈ ഒഴിവുകളിൽ പിഎസ്‌സിക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ കഴിയില്ല. പൊതുജനത്തിനു നൽകേണ്ട സേവനം മറന്ന് സ്വന്തം കരിയർ മാത്രം മെച്ചപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുൽസാഹപ്പെടുത്തണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.  

ആകെ 4,01,379 പേരാണ് കെഎഎസ് പരീക്ഷ എഴുതുന്നത്. മൂന്നു സ്ട്രീമുകളിലേക്കും പൊതുപരീക്ഷയാണ് നടത്തുക. ഒബ്ജക്ടീവ് രീതിയിൽ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് 100 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. സമയം 90 മിനിറ്റ് വീതം.  പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷയുണ്ട്. വിവരണാത്മക രീതിയിൽ നടക്കുന്ന മെയിൻ പരീക്ഷയ്ക്ക് 3 പേപ്പറുകളാണുള്ളത്. ഇതിൽ വിജയിക്കുന്നവർക്ക് അഭിമുഖംകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെയിൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.

English Summary : Notice against secretariat employees who take long leave for KAS Exam preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com