കോഴിക്കോട് കലക്ടറേറ്റിൽ ലഹരിവിരുദ്ധ പ്രതിജ്ഞ; പക്ഷേ ‘ജീവനക്കാർ അറിഞ്ഞില്ല’

kozhikode-collectorate
SHARE

കോഴിക്കോട് ∙ ജീവനക്കാരറിയാതെ കലക്ടറേറ്റിൽ ‘ജീവനക്കാരുടെ’ ലഹരിവിരുദ്ധ പ്രതിജ്ഞ. 90 ദിന ലഹരി വിമുക്ത തീവ്രയത്നത്തിന്റെ ഭാഗമായി ജില്ലയിൽ എല്ലാ സർക്കാർ ഓഫിസുകളിലും വ്യാഴാഴ്ച രാവിലെ 11ന് ജീവനക്കാർ ഒത്തുകൂടി ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുമെന്നായിരുന്നു അറിയിപ്പ്. കലക്ടറേറ്റിലെ പരിപാടി കോൺഫറൻസ് ഹാളിലാണു നിശ്ചയിച്ചിരുന്നത്.

എന്നാൽ, വിവരമറിഞ്ഞു സ്ഥലത്തെത്തുമ്പോൾ കലക്ടറുമില്ല, പ്രതിജ്ഞയുമില്ല! ജീവനക്കാരോട് ആരാഞ്ഞപ്പോൾ പത്രങ്ങളിൽ കണ്ട അറിവേയുള്ളൂവെന്നും തങ്ങളോടാരും പറഞ്ഞിട്ടില്ലെന്നും മറുപടി. പ്രതിജ്ഞയെടുക്കുമെന്നറിയിച്ച സമയത്ത് എൻജിഒ യൂണിയൻ വാർഷികത്തിന്റെ നോട്ടിസുകൾ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു ജീവനക്കാർ.

അതേസമയം, പരിപാടി സമയത്തുതന്നെ നടന്നതായാണ് ഉന്നതോദ്യോഗസ്ഥരുടെ അവകാശവാദം. പ്രതിജ്ഞ നടത്താൻ തീരുമാനിച്ച കോൺഫറൻസ് ഹാൾ പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിയുടെ സിറ്റിങ്ങിനു വേണ്ടി വിട്ടുനൽകേണ്ടിവന്നതിനാൽ എഡിഎമ്മിന്റെ ഓഫിസിൽവച്ചു നടത്തിയെന്നും എല്ലാ വിഭാഗങ്ങളിലും അറിയിപ്പു നൽകിയിരുന്നതായുമാണു വിശദീകരണം.

എന്നാൽ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിങ് മുൻപേ നിശ്ചയിച്ചതാണ്. അതറിയാതെയാണോ ഇതേ ഹാളിൽ ഇതേ സമയത്തു ലഹരി വിരുദ്ധ പ്രതി‍ജ്ഞ നിശ്ചയിച്ചതെന്നു ചോദിച്ചാ‍ൽ വ്യക്തമായ ഉത്തരമില്ല. എല്ലാ ജീവനക്കാർക്കും ഒത്തുകൂടാൻ കഴിയുന്ന തുറന്ന സ്ഥലങ്ങളുണ്ടായിട്ടും ഇരുപതിൽ താഴെ ജീവനക്കാരെ എഡിഎമ്മിന്റെ ചേംബറിൽ വിളിച്ചുവരുത്തി ‘പ്രതിജ്ഞാ പ്രഹസനം’ നടത്തുന്നത് എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല.

English Summary: Anti-Drug Pledge at Kozhikode Collectorate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA