ADVERTISEMENT

കോഴിക്കോട് ∙ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽ നിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും വീട്ടിനുള്ളിൽ നിന്നു മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന ഹ്യുണ്ടായ് അനസ്(32) പൊലീസ് പിടിയിൽ. ടെറസ് വഴി അകത്ത് കടന്നും ജനൽ വഴിയും മറ്റും കൈക്കലാക്കുന്ന മോഷ്ടാവിനെ പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ. ജോസിന്റെയും സബ് ഇൻസ്പെക്ടർ വി.എം ജയന്റെയും നേതൃത്വത്തിലാണ് പിടികൂടിയത്. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയും ഇപ്പോൾ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ അനസ് പിടിയിലായതോടെ കോഴിക്കോട് മെഡിക്കൽ കോളജ്, പന്തീരാങ്കാവ്, നല്ലളം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കേസുകൾക്ക് തുമ്പുണ്ടായി.

കഴിഞ്ഞ വർഷം മേയ് മാസത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈൻ എന്നയാളുടെ വീട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുബാലികയെ എടുത്തുകൊണ്ടുപോയി പോയി ആഭരണങ്ങൾ കവർന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാപിതാക്കൾ ചെന്നുനോക്കുമ്പോൾ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചുപോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നു.

രണ്ടാഴ്ചയ്ക്കുശേഷം പ്രതി താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്ലാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയ എന്നയാളുടെ വീട്ടിലും സമാനമായ രീതിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പോയി. ചെയിനും തണ്ടയും അരഞ്ഞാണവും കവർന്നെടുത്ത് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. ആശങ്കയിലായ നാട്ടുകാർ കളവുകൾക്ക് പിന്നിൽ ഇതരസംസ്ഥാനക്കാർ ആണെന്ന് സംശയം ഉന്നയിക്കുകയും പൊലീസ് ഇതരസംസ്ഥാനങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പരിശോധിക്കുകയും ചെയ്തിരുന്നു. പുത്തൂർ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണങ്ങൾ തുടർക്കഥയാകുന്നത് പൊലീസിനും നാട്ടുകാർക്കും വലിയ തലവേദനയായിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ശ്രീ.എ.വി.ജോർജിന്റെ നിർദേശപ്രകാരം ഇത്തരത്തിൽ മോഷണ രീതിയുള്ള കള്ളന്മാരുടെ പട്ടിക തയാറാക്കി അന്വേഷണം നടത്തി വരവെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അനസിനെ രഹസ്യമായി നിരീക്ഷിച്ച പൊലീസ്, ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

വർഷങ്ങളായി രാത്രികാലങ്ങളിൽ ഇറങ്ങി നടന്നു വീടുകളിൽ ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാൻ അനസിന് പ്രചോദനമായത്. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലെ ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളജ്, കുന്നമംഗലം, കസബ തുടങ്ങിയ സ്റ്റേഷനുകളിലായി നൂറോളം കേസുകൾ നിലവിലുണ്ട്. പല കേസുകളും വിചാരണ ഘട്ടത്തിലാണ്. മോഷണമുതലുകൾ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മോഷണമുതൽ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളിൽ ആർഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചെലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒറ്റ നില ടെറസ് വീടുകളിൽ അകത്ത് നിന്നു ടെറസിലേക്കുള്ള കോണിപ്പടികൾ ഉള്ള വീടുകളിലാണ് അനസ് കൂടുതൽ മോഷണങ്ങളും നടത്തിവന്നത്. ടെറസിൽ നിന്ന് വീട്ടിനുള്ളിലേക്കുള്ള പടികളിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്നും ഉഷ്ണമേറിയ കാലാവസ്ഥയിൽ ജനൽ തുറന്നിട്ട് ഉറങ്ങുന്ന വീടുകളിൽ ജനൽ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു അനസ് മോഷണം നടത്തി വരാറുള്ളത്. പല വീടുകളിൽ നിന്നും മൊബൈൽഫോൺ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പൊലീസ് പിടികൂടാൻ സാധ്യതയുള്ളതിനാൽ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. സിറ്റി സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.മുഹമ്മദ് ഷാഫി, എം.സജി, എം.ഷാലു, കെ.അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, എൻ.നവീൻ, എം.ജിനേഷ് പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ മുരളീധരൻ, ഉണ്ണി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary: Thief Hyundai Anas Arrested at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com