ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കത്തിച്ചു; പ്രതി അറസ്റ്റിൽ

crime-representation
പ്രതീകാത്മക ചിത്രം
SHARE

റായ് ബറേലി ∙ ഗർഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി കത്തിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ റായ് ബറേലിയിൽ ജനുവരി നാലിനാണ് സംഭവം നടന്നത്. കൊലപാതകത്തിന് സാക്ഷിയായ മൂത്ത മകൾ മുത്തശ്ശിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

മരിച്ച ഊർമളയുടെ (27) സഹോദരി വിദ്യാദേവി ദീഹ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രതി രവീന്ദ്ര കുമാറിനെ (35) അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹ അവശിഷ്ടങ്ങൾ ലഖ്‌നൗവിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ വിനീത് സിങ് പറഞ്ഞു. ജനുവരി നാലിന് രവീന്ദ്ര പൊലീസിനെ ഫോൺ വിളിച്ച് ഊർമിളയെ കാണാനില്ലെന്ന് അറിയിച്ചിരുന്നു.

2011 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് ഏഴും പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളുണ്ട്. രവീന്ദ്ര ആൺകുട്ടിയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായും ഊർമിള  വീണ്ടും പെൺകുഞ്ഞിനെ പ്രസവിക്കുമോയെന്ന് സംശയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ മുത്തച്ഛൻ കരം ചന്ദ്ര, അമ്മാവന്മാരായ സഞ്ജീവ്, ബ്രിജേഷ് എന്നിവർക്കും പങ്കുണ്ടെന്ന് മകൾ പൊലീസിനോട് പറഞ്ഞു. 

ചോദ്യം ചെയ്യലിനിടെ രവീന്ദ്ര കുമാർ പൊട്ടിക്കരഞ്ഞു. വാക്കു തർക്കത്തെ തുടർന്ന് ദേഷ്യത്തിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. ശേഷം മൃതദേഹം മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചുമാറ്റി. അവശിഷ്ടങ്ങൾ കത്തിച്ചശേഷം ചാരം ബാഗിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. 

English Summary: Man Arrested In Wife's Murder Burnt Her Body After Chopping, Grinding It

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA