ADVERTISEMENT

പത്തനംതിട്ട∙ ചെക്ക്പോസ്റ്റുകളിൽ അഴിമതിയുടെ കഥ അവസാനിക്കുന്നില്ലെന്ന് ബോധ്യമായതോടെ മോട്ടർ വാഹന വകുപ്പിന്റെ ചുമതലയിലുള്ള ചെക്ക്പോസ്റ്റുകളിൽ അടിയന്തര നടപടികൾക്ക് നിർദേശം. ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി വാങ്ങുന്നതിനെതിരെ വിജിലൻസിന്റെ മുന്നറിയിപ്പു ബോർഡുകൾ എല്ലാവരും കാണുന്ന തരത്തിൽ ഉടൻ സ്ഥാപിക്കാൻ നിർദ്ദേശിച്ചു.

കൈക്കൂലി വാങ്ങുന്നതിനെതിരെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിജിലൻസിന്റെ ബോർഡ് സ്ഥാപിക്കണമെന്നാണ് നിർദേശമെങ്കിലും ചെക്കു പോസ്റ്റുകളിൽ മിക്കയിടത്തും ഇല്ല. ഉണ്ടെങ്കിൽ തന്നെ ആരും കാണാതെ ഒളിച്ചാണ് സ്ഥാപിച്ചുവന്നതെന്നാണ് ആക്ഷേപം.

ചെക്ക്പോസ്റ്റിന്റെ അകത്തും പുറത്തും കൗണ്ടറിന് മുകളിലുമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി. ചെക്ക്പോസ്റ്റിന്റെ കൗണ്ടറിന് മുൻവശമുള്ള ഗ്ലാസിൽ ഉള്ളിലെ കാഴ്ച മറയുംവിധം സ്ഥാപിച്ചിട്ടുള്ള ബോർഡുകളും നോട്ടിസുകളും മാറ്റി പുറത്തു നിന്നും ഉൾവശം കാണുന്ന രീതിയിൽ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. പരിശോധിക്കുന്ന വാഹനങ്ങളുടെ രേഖകളിൽ സുവ്യക്തമായി സീൽ പതിപ്പിക്കണമെന്നും നിർദ്ദേശം നൽകി.

ഭാരം കയറ്റി വരുന്ന വാഹനങ്ങൾ തൂക്കി നോക്കുന്നത് ഉദ്യോഗസ്ഥർക്ക് ‘തോന്നുന്ന’ വാഹനങ്ങൾ മാത്രമാണ്. ബാക്കി വാഹനങ്ങളെ പരിശോധിക്കാതെ തന്നെ കടത്തിവിടുന്നുവെന്നും ഇതിനായി കൈക്കൂലി വ്യാപകമാണെന്നും പരാതിയുണ്ട്. എല്ലാ വാഹനങ്ങളും തൂക്കിനോക്കി വിടണമെന്നാണ് പുതിയ കർശന നിർദേശം. എന്നാൽ കേരളത്തിലെ ഭൂരിഭാഗം ചെക്ക്പോസ്റ്റുകളിലും ഭാരം തൂക്കി നോക്കുന്ന വേ ബ്രിഡ്ജ് കേടായി കിടക്കുന്നുവെന്നതാണ് വാസ്തവം. കേടാകുന്നത് നന്നാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് താൽപര്യവുമില്ല.

കേന്ദ്രസർക്കാർ അവതരിപ്പിച്ച വാഹൻ സോഫ്റ്റ്‌വെയറിൽ ഓൺ‌ലൈനായി സംവിധാനമുണ്ടെങ്കിലും ചെക്ക് പോസ്റ്റുകളിൽ നിന്ന് താൽക്കാലിക പെർമിറ്റ്, സ്പെഷൽപെർമിറ്റ്, എന്നിവ ഇപ്പോഴും എഴുതി നൽകുന്നുണ്ട്. ഇതിൽ കാര്യമായ അഴിമതിയുണ്ടെന്നാണ് വകുപ്പിന് ലഭിച്ച വിവരം.

വാഹൻ സോഫ്റ്റ്‌വെയർ ചെക്കു പോസ്റ്റുകളിലും മറ്റും നടപ്പാക്കിയാൽ പ്രശ്നം പരിഹരിക്കാവുന്നതാണെങ്കിലും അതിന് നടപടിയില്ല. സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾക്ക് എഴു ദിവസത്തേക്കും 30 ദിവസത്തേക്കും താൽക്കാലിക പെർമിറ്റിന് ആർടിഒ, സബ് ആർടിഒ ഓഫിസുകളിൽ ഓൺലൈനിൽ അപേക്ഷിച്ച് നേടാനാകും. എന്നാൽ അതിന് വാഹനയുടമകൾ മിനക്കെടാറില്ലെന്നതാണ് ചെക്ക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ കീശ വീർക്കാൻ കാരണമാകുന്നത്. എന്നാൽ ഈ സംവിധാനം ചെക്ക്പോസ്റ്റുകളിലാണ് നടപ്പാക്കേണ്ടതെന്ന യാഥാർഥ്യം വകുപ്പ് മേധാവികൾ സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു.

‘വിജിലൻസിനെ പിടിക്കാൻ ക്യാമറ’, വിജിലൻസ് തന്നെ അഴിപ്പിച്ചു

ചെക്ക്പോസ്റ്റുകളിൽ ചില ഉദ്യോഗസ്ഥർ പുറത്തു മാത്രം ക്യാമറ സ്ഥാപിച്ചു. എല്ലാം സുതാര്യമാക്കാനാണ് ഇതെന്ന തോന്നലുണ്ടെങ്കിൽ തെറ്റി. പരിശോധനയ്ക്ക് വിജിലൻസ് വരുന്നത് ദൂരെ നിന്നു കാണാനാണ് ഈ ക്യാമറകൾ സ്ഥാപിച്ചത്. ആരുടെ ഉത്തരവിൽ നിന്നാണ് ക്യാമറ വച്ചതെന്നു ചോദിച്ചപ്പോഴാണ് സ്വന്തം തീരുമാനപ്രകാരമെന്ന് ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്. തുടർന്ന് വാളയാറിൽ ഇത് വിജിലൻസ് ഇടപെട്ട് അഴിച്ചു മാറ്റിച്ചു. ഇപ്പോൾ ക്യാമറകൾ അകത്തും പുറത്തും സ്ഥാപിക്കാൻ നിർദേശം വന്നിട്ടുണ്ട്. പക്ഷേ സ്ഥാപിച്ചു കഴിഞ്ഞാലും അകത്തെ ക്യാമറ പ്രവർത്തിക്കുമോ കേടായി ഇരിക്കുമോയെന്ന് കണ്ടറിയണം.

ചെക്ക്പോസ്റ്റുകളിൽ ഭാരം അളക്കുന്നത് ഒരു തമാശയാണെന്നാണ് വകുപ്പിൽ തന്നെ സംസാരം. ചരക്കുവാഹനങ്ങൾ ഭാരം അളക്കുന്നതിന് കേരളത്തിലെ മോട്ടർ വാഹനവകുപ്പിന്റെ 15 ചെക്കു പോസ്റ്റുകളിൽ ആകെ ഒരിടത്താണ് ഭാരം അളക്കുന്ന വേ ബ്രിഡ്ജുളളത്. നാലിടത്ത് കേടായി കിടക്കുന്നു. ബാക്കിയുള്ളിടത്ത് വേ ബ്രിഡ്ജ് തന്നെ ഇല്ല. എല്ലാം ഊഹക്കച്ചവടമാണ്. വാഹനം നോക്കി ഒരു ഭാരകണക്ക് ഉദ്യോഗസ്ഥൻ പറയും. പണം കിട്ടുന്നു. ഈ പണം പക്ഷേ സർക്കാർ ഖജനാവിലേക്ക് പോകില്ലെന്നുമാത്രം.

വാളയാർ ചെക്ക്‌പോസ്റ്റിൽ ആന്ധ്രയിൽ നിന്നുവന്ന ശബരിമല തീർഥാടകരിൽ നിന്ന് കൈക്കൂലി വാങ്ങിയത് വകുപ്പിനുള്ളിൽ അടുത്തിടെ വിവാദമായിരുന്നു. ഈ തീർഥാടകർ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളായിരുന്നതാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്ന് വിജിലൻസ് തുടർച്ചയായി പരിശോധന നടത്തിയതോടെ പാലക്കാട് ജില്ലയിലെ ചെക്ക്പോസ്റ്റുകളിൽ പണപിരിവിന് അൽപം കുറവുണ്ടായിരുന്നു.

English Summary: Motor Vehicles department to take strict action  against corruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com