sections
MORE

സുന്ദരികളെ എത്തിക്കുമെന്ന് വാഗ്ദാനം; മോഹിച്ചു വീണാൽ പണം തട്ടൽ

whatsapp-honeytrap
പെൺവാണിഭ സംഘവും ഇടനിലക്കാരനുമായുള്ള വാടാസാപ്പ് ചാറ്റ്
SHARE

കണ്ണൂർ∙ പെൺവാണിഭ സംഘത്തിന്റെ മറവിൽ ആവശ്യക്കാരിൽ നിന്നു പണം തട്ടി മുങ്ങുന്ന സംഘത്തിന്റെ പ്രവർത്തനം കണ്ണൂരിലും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ വീണു പണം നഷ്ടമായവർ നൂറുകണക്കിനു പേർ. ഒരു മണിക്കൂറിന് 3000, 4 മണിക്കൂറിന് 5000, ഒരു രാത്രിക്ക് 8000... സുന്ദരികളുടെ ചിത്രം കാണിച്ചാണ് വിലപേശൽ.

ചിത്രങ്ങളിലും ചാറ്റിലും മയങ്ങി ആവശ്യക്കാരനായ ഇര വീണാൽ പണം തട്ടി മുങ്ങും. പരാതിയുമായി മുന്നോട്ടു പോയാൽ ഭീഷണിപ്പെടുത്തൽ. ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പാണു സംഘം നടത്തിയതെന്നാണു വിവരം. ആവശ്യക്കാരെ ഹോട്ടൽ മുറിയിൽ എത്തിച്ചു പണവും സ്വർണവും തട്ടിയെടുത്തു ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. പരാതിക്കാർ ഇല്ലാത്തതിനാൽ പൊലീസ് ഇത്തരം സംഭവങ്ങളിൽ കേസ് എടുക്കുന്നില്ല. പരാതിയുമായി വരുന്നവർ തന്നെ അനൗദ്യോഗികമായി തീർപ്പാക്കാനാണു ശ്രമിക്കുന്നത്. 

തട്ടിപ്പു സംഘവുമായി മലയാള മനോരമ റിപ്പോർട്ടിങ്ങ് സംഘം നടത്തിയ അന്വേഷണം ഇങ്ങനെ.

....05391 എന്ന നമ്പറിലേക്ക് വാട്സാപ് വഴി ആദ്യം ഒരു ഹായ്. 

ഇടനിലക്കാരൻ: ഹായ് 

1 മണിക്കൂർ –3000

4 മണിക്കൂർ–5000

ഒരു രാത്രി–8000

എസി റൂം അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്. 

(ഒപ്പം പല പോസിൽ നിൽക്കുന്ന 7 യുവതികളുടെ ചിത്രങ്ങളും)

ഇടനിലക്കാരൻ: ഇപ്പോൾ എവിടെയുണ്ട്?

റിപ്പോർട്ടർ: കണ്ണൂർ ടൗണിൽ ഉണ്ട്. 

ഇടനിലക്കാരൻ: എങ്കിൽ....തീയറ്റർ പരിസരത്ത് എത്തിയിട്ടു വിളിക്ക്

റിപ്പോർട്ടർ: ഇപ്പോൾ ഫ്രീയാണ് ഇപ്പോൾ വരട്ടെ? പൈസയുടെ ഇടപാട് എങ്ങനെയാണ്?

ഇടനിലക്കാരൻ: പൈസേന്റെ ഇടപാട് ഇവിടെ എത്തിയിട്ടാണു ബോസേ. പേയ്മെന്റ് ബാങ്ക് അക്കൗണ്ട് വഴി മാത്രം. നേരിട്ടു പൈസ വാങ്ങൂല. ഇവിടെ എത്തിയിട്ട് വിളിക്ക്. 

റിപ്പോർട്ടർ: ഇപ്പോൾ മുനീശ്വരൻ കോവിൽ അടുത്തെത്തി. ഇനി എങ്ങോട്ടു വരണം. 

ഇടനിലക്കാരൻ: മാളിനടുത്ത് ബീച്ച് റോഡിൽ എത്തിയിട്ടു വിളിക്ക്. എല്ലാ സൗകര്യങ്ങളും ഞങ്ങൾ റെഡിയാക്കിയിട്ടുണ്ട്. 

(വിശ്വാസ്യതയ്ക്കായി മുന്തിയ ഹോട്ടലിലെ കിടപ്പു മുറിയുടെയും വാഷ് ഏരിയയുടെയും പടങ്ങൾ വാട്സാപ്പിൽ അയച്ചു തന്നു. 10 മിനിറ്റനകം അവർ പറഞ്ഞ കേന്ദ്രത്തിൽ എത്തി. എന്നിട്ട് ആ നമ്പറിലേക്കു വിളിച്ചു. )

ഇടനിലക്കാരൻ: ഹലോ, നിങ്ങൾ എവിടെ? നിങ്ങളുടെ ലൊക്കേഷൻ അയച്ചു തരണം. 

റിപ്പോർട്ടർ: ലൊക്കേഷൻ വാട്സാപ്പിൽ എങ്ങനെയാണ് അയയ്ക്കുക എന്ന് അറിയില്ല. 

ഇടനിലക്കാരൻ: എങ്കിൽ ഒരു കാര്യം ചെയ്യ്. മാളിന് അടുത്തുള്ള എസ്ബിഐ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ പൈസ ഇടണം. 3000 രൂപ ഇട്ടതിനു ശേഷം സ്ലിപ് വാട്സാപ്പിൽ അയയ്ക്ക്. മാഡത്തിനെ വിവരം അറിയിക്കണം. മാഡമാണ് കുട്ടികളെയും കൂട്ടിക്കൊണ്ടു വരുന്നത്. റൂമും കാര്യങ്ങളും ഒക്കെ റെഡിയാണ്. അക്കൗണ്ട് നമ്പർ  38257057656

റിപ്പോർട്ടർ: പൈസ നെറ്റ് ബാങ്കിങ് വഴി ഇട്ടാൽ പോരേ?

ഇടനിലക്കാരൻ: പോരാ, നെറ്റ് ബാങ്കിങ് വഴി ഇട്ടാൽ നിങ്ങളെ പൈസ പോകും, ഇവിടെ കിട്ടുകയുമില്ല, അങ്ങനെ പല പ്രശ്നങ്ങളുമുണ്ട്. ഡെപ്പോസിറ്റ് ചെയ്താൽ മതി

( പിന്നീട്  15 മിനിറ്റിനിടെ അങ്ങോട്ട് ഒരു കമ്യൂണിക്കേഷനും നടത്തിയില്ല. ഇതോടെ അൽപം രോഷാകുലനായി ഇടനിലക്കാരന്റെ മെസേജ് എത്തി.  വേണ്ടങ്കിൽ വേണ്ട എന്നു  പറ  ബോസേ, പ്രശ്നം ഒന്നും ഇല്ല– എന്നൊരു വോയ്സ് മെസേജ്. തുടർന്ന് ആവശ്യക്കാരനെ ആവേശത്തിലാക്കാൻ ചില സ്ത്രീകളുടെ ചിത്രങ്ങൾ വീണ്ടും അയച്ചു തന്നു. അൽപ സമയത്തിനകം ഞങ്ങൾ ഇവരുടെ അക്കൗണ്ടിൽ 3000 രൂപ ഇട്ടു. സ്ലിപ് വാട്സാപ് വഴി അയച്ചു കൊടുത്തു. )

whatsapp-honeytrap-2

ഉടൻ ഇടനിലക്കാരൻ വാട്സാപ്പിൽ ഹാജരായി

ഇടനിലക്കാരൻ: ഒ.കെ. നിങ്ങൾ 3000  രൂപ ഇട്ടു. 2000 രൂപ കൂടി ഇടണം. റീ ഫണ്ടബിൾ ആണ്. പോകുമ്പോൾ അതു തിരിച്ചു തരും. ഇവിടെ എത്തിക്കഴിഞ്ഞാൽ നിങ്ങൾക്കു കൂടുതൽ സമയം വേണമെന്നു തോന്നും. അപ്പോൾ കയ്യിൽ പൈസ ഇല്ലാത്തതു പ്രശ്നമാകും.  അതുകൊണ്ടാണ് അഡ്വാൻസായി പൈസ വാങ്ങുന്നത്. നിങ്ങൾ അത്ര സമയം ഉപയോഗിച്ചില്ലെങ്കിൽ പൈസ തിരിച്ചു തരും. വൈകരുത്. കുട്ടികൾ കാത്തിരുന്നു മടുക്കും. ഇതുവരെ ലേറ്റ് ആയത് പ്രശ്നമില്ല. ഞാൻ പറഞ്ഞോളാം. പൈസ ഇട്ടിട്ട് സ്ലിപ് വാട്സാപ്പിൽ ഇട്. 

(2000 രൂപ കൂടി അതേ അക്കൗണ്ടിൽ ഇട്ടു. സ്ലിപ് വാട്സാപിൽ ഇട്ടു. തുടർന്ന് മൊബൈൽ നമ്പറിൽ വിളിച്ചു)

ഇടനിലക്കാരൻ: ആ പൈസ ഇട്ടോ, നോക്കട്ടെ.പൈസ വന്നോന്ന് നോക്കട്ടെ..

റിപ്പോർട്ടർ: ഇനി എന്താ ചെയ്യേണ്ടത്?

ഇടനിലക്കാരൻ: അവിടെ നിക്ക്. ‍മാഡത്തിനെ വിവരം അറിയിക്കട്ടെ. ഞാൻ ഇപ്പോ അങ്ങോട്ടേക്ക് വരാം

തുടർന്ന് ഒരു മണിക്കൂർ ഞങ്ങൾ അവിടെ കാത്തു നിന്നു. ഇതിനിടെ പല വട്ടം അതേ മൊബൈൽ നമ്പറിൽ വിളിച്ചു. ഫോൺ ബെൽ അടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല. ഒരിക്കൽ കൂടി വിളിച്ചു. കോൾ ഫോർവേർഡ് ചെയ്യുന്ന ടോൺ. അപ്പോൾ മറുഭാഗത്ത് കന്നഡയിൽ എന്തോ പറയുന്നത് കേട്ടു.ഒരു കാര്യം മാത്രം മനസ്സിലായി.  5000 രൂപയുമായി തട്ടിപ്പുകാർ സ്ഥലം വിട്ടിരിക്കുന്നു!

സംഘവുമായി നടത്തിയ ഇടപെടലിൽ ഞങ്ങൾക്കു മനസ്സിലായ കാര്യങ്ങൾ ഇവയാണ്

1. ഇവരുടെ കൈവശമുള്ളതെന്നു പറഞ്ഞ് ആദ്യം വാട്സാപ്പിൽ അയച്ച ചിത്രങ്ങൾ ഏറെയും നിരപരാധികളായ സ്ത്രീകളുടെയും പെൺകുട്ടികളുടേതുമാണ്. സ്വന്തം പ്രൊഫൈൽ പിക്ചർ ആയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോ ആയ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്. 

2.ആവശ്യക്കാരിൽ വിശ്വാസ്യത ജനിപ്പിക്കാനായി ആദ്യം സ്ഥലം ചോദിച്ച ശേഷം അതിനു തൊട്ടടുത്തുള്ള പ്രധാന കേന്ദ്രത്തിലേക്കാണ് എത്താൻ ആവശ്യപ്പെടുന്നത്. ജില്ലയുടെ ഏതു ഭാഗത്തു നിന്നു വിളിച്ചാലും അതിനു തൊട്ടടുത്തുള്ള പ്രധാന കേന്ദ്രത്തിനടുത്ത് എത്താൻ പറയും. സൗകര്യങ്ങൾ തൊട്ടടുത്തുണ്ടെന്നു കരുതി ഇര പെട്ടെന്ന് വലയിൽ വീഴും.

3. ആദ്യം മണിക്കൂറിന് 3000 രൂപ എന്നു പറയുമെങ്കിലും ഒരിക്കൽ പൈസ ഇട്ടു കഴിഞ്ഞാൽ വീണ്ടും കൂട്ടി ചോദിക്കും. ആദ്യത്തെ പൈസ പോകണ്ടല്ലോ എന്നു കരുതി രണ്ടാമതും പണം നൽകും.  അവസാനം മൊത്തം പോകും. 

4. ഇത്തരം ആവശ്യത്തിനു പണം നഷ്ടപ്പെട്ടതിനാൽ വഞ്ചിക്കപ്പെട്ടവർ ഒരിക്കലും പരാതിപ്പെടില്ല. കൂടുതൽ ഇരകളെ വലവീശിപ്പിടിക്കാൻ ഇതു സഹായിക്കുന്നു. 

5. ഏതെങ്കിലും ഒരാൾ മാത്രം നടത്തുന്ന മുക്കാൽ ചക്രത്തിന്റെ തട്ടിപ്പല്ല. ഓരോ തവണയും വാട്സാപ്പിൽ ചാറ്റ് ചെയ്യാനെത്തുന്നതു വ്യത്യസ്ത ശബ്ദങ്ങളാണ്. സംസാരിക്കുന്നത് കാസർകോട് ചുവയുള്ള മലയാളത്തിൽ. അതു പോലും സത്യമാവണമെന്നില്ല. ബാങ്ക് അക്കൗണ്ട് ധൈര്യപൂർവം കൈമാറുന്നതും ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധൈര്യത്തിലാണ്.

പേരും മുഖവും ഇല്ലാതെ വാട്സാപ്പിലാണ് ഇടപാടുകൾ. പണം നഷ്ടപ്പെട്ട ഇരകൾ നാണക്കേടു കൊണ്ട് പരാതിപ്പെടാത്തതു തട്ടിപ്പ് പെരുകാൻ കാരണമാകുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധൈര്യത്തിൽ ഒരേ നമ്പർ തന്നെ ഉപോഗിച്ചാണു വീണ്ടും തട്ടിപ്പ് നടത്തുന്നത്. ചില സംഭവങ്ങളിൽ ആവശ്യക്കാരെ ഹോട്ടൽ മുറിയിൽ എത്തിച്ചു പണവും സ്വർണവും തട്ടിയെടുത്തു ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്.

 പരാതിക്കാർ ഇല്ലാത്തതിനാൽ പൊലീസ് ഇത്തരം സംഭവങ്ങളിൽ കേസ് എടുക്കുന്നില്ല. പരാതിയുമായി വരുന്നവർ തന്നെ അനൗദ്യോഗികമായി തീർപ്പാക്കാനാണു ശ്രമിക്കുന്നത്. 

English Summary : Money fraud in the name of online sex racket, Kannur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA