ADVERTISEMENT

ന്യൂഡൽഹി∙ 1984ലെ സിഖ് കൂട്ടക്കൊലയിൽ കോൺഗ്രസിന്റെ പങ്ക് വ്യക്തമായതായി ബിജെപി. 300 ലേറെ സിഖുകാർക്ക് ജീവഹാനി സംഭവിച്ച സംഭവത്തിൽ നടപടിയെടുക്കുന്നതിൽ കോൺഗ്രസ് വീഴ്ച വരുത്തിയെന്ന് ധിൻഗ്ര കമ്മിഷൻ കണ്ടെത്തിയത് ഇതിനു തെളിവാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. 

‘വംശഹത്യയാണ് നടന്നത്. കേസുകളെടുക്കുന്നതിലും നടപടി എടുക്കുന്നതിലും വീഴ്ച വരുത്തി. പ്രതികളെ സംരക്ഷിച്ചു. സുൽത്താൻപുരിൽ കൊലപാതകവും ബലാത്സംഗവുമടക്കം 500 കേസുകൾക്ക് ഒരു എഫ്ഐആർ മാത്രമാണ് ഇട്ടിട്ടുള്ളത്. വൻമരം വീഴുമ്പോൾ തുടർചലനങ്ങളുണ്ടാവുന്നതു സ്വാഭാവികം എന്നാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത്.’–ജാവഡേക്കർ പറഞ്ഞു

സിഖ് വിരുദ്ധ കലാപ കേസുകളുടെ തുടർ അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി എസ്.എൻ. ധിൻഗ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘ‌‌‌ം കഴിഞ്ഞ ദിവസമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിഖുകാരെ ആക്രമിക്കാൻ പൊലീസ് അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നു റിപ്പോർട്ടിൽ പരമാർശമുണ്ട്. കൃത്യസമയത്ത് തെളിവുകൾ കോടതിക്കു മുൻപിൽ ഹാജാരാക്കുന്നതിൽ പൊലീസിനും സർക്കാരിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് 2018 ലാണ് ഉത്തരവിട്ടത്. പൊലീസ് എഴുതിതളളിയ 241 കേസുകളില്‍ 186 എണ്ണമാണ് പുനരന്വേഷിച്ചത്. പൊലീസ് കാര്യമായ അന്വേഷണം നടത്താതെയാണ് കേസുകള്‍ എഴുതിതള്ളിയതെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതതലസമിതി കണ്ടെത്തിയിരുന്നു. 

എഴുതിതള്ളിയ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ 2015 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേകസംഘത്തെ നിയോഗിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. കേസുകള്‍ ഊര്‍ജിതമായി അന്വേഷിക്കുന്നില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മാനേജിങ് സമിതിയും കോടതിയെ സമീപിച്ചിരുന്നു. സിഖ് വിഭാഗക്കാരനായ സുരക്ഷാഭടന്‍റെ വെടിയേറ്റ് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് വിഭാഗത്തെ ലക്ഷ്യമാക്കി ഉത്തരേന്ത്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എണ്ണായിരത്തില്‍പ്പരം സിഖുകാരാണ് കൂട്ടക്കൊലയ്ക്കിരയായത്.

അതേസമയം, കോൺഗ്രസിന്റെ കൈ കൊലയാളികളുടെ കയ്യാണെന്നും ജാവഡേക്കർ പറഞ്ഞു. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതിന് കാരണം ആം ആദ്മി സർക്കാരിന്റെ അലംഭാവമാണെന്നും ജാവഡേക്കർ ആരോപിച്ചു. പ്രതികൾക്ക് അപ്പീൽ നൽകാനുള്ള സമയം രണ്ടര വർഷത്തോളം നീട്ടിയത് ഡൽഹി സർക്കാരിന്റെ പിടിപ്പു കേടാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസത്തിന്റെ ട്വിറ്റർ ഹാൻഡിലിൽ മകരസംക്രാന്തി ദിവസം ബീഫിന്റെ ചിത്രം പോസ്റ്റു ചെയ്തതിനെക്കുറിച്ച ഉത്തരേന്ത്യൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, അതിന് കേരള ബിജെപി മറുപടി പറഞ്ഞിട്ടുണ്ടെന്ന് ജാവഡേക്കർ പറഞ്ഞു. ദേശീയ പൗര റജിസ്റ്റർ കേരളം നടപ്പാക്കില്ലെന്നതിനെക്കുറിച്ചും ഇപ്പോൾ പ്രതികരിക്കുന്നില്ല. 

ഇന്ദിരാഗാന്ധി അധോലോക നായകൻ കരിംലാലയെ കണ്ടുവെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവന കോൺഗ്രസുമായുള്ള അവിശുദ്ധ ബന്ധത്തിൽ മേൽക്കൈ നിലനിർത്താനുള്ള കളികളുടെ ഭാഗമാണ്. സമുദായ നേതാവ് എന്ന നിലയ്ക്കു കണ്ടുവെന്നാണ് ഇപ്പോൾ പറയുന്നത്. അതിനർഥം കോൺഗ്രസ് വർഗീയ സമീപനം സ്വീകരിച്ചുവെന്നാണെന്നും ജാവഡേക്കർ പറഞ്ഞു.

English Summary : Prakash Javadekar slams Congress for protecting those behind 1984 riots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com