ADVERTISEMENT

മോസ്കോ∙ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിന് ആജീവനാന്തം അധികാരത്തിൽ തുടരാൻ അനുമതി നൽകുന്ന ഭരണഘടനാ ഭേദഗതി പാർലമെന്റ് 2018ൽ വൻഭൂരിപക്ഷത്തോടെ അംഗീകരിച്ചപ്പോൾ ചൈനയിൽ എന്തു നടന്നാലും ശരി, അധികാരത്തിൽ കടിച്ചുതൂങ്ങാനായി ഭരണഘടനാ ഭേദഗതിക്കു താനില്ലെന്നു ലോകത്തോട് വിളിച്ചു പറഞ്ഞാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ലോകത്തിന്റെ ഹൃദയം കവർന്നത്. 2018 മാർച്ചിൽ യുഎസ് ടെലിവിഷൻ ചാനൽ എൻബിസിക്കു നൽകിയ അഭിമുഖത്തിലായിരുന്നു പുടിന്റെ തുറന്നു പറച്ചിൽ.

റഷ്യയിലെ വ്യവസ്ഥപ്രകാരം അടുപ്പിച്ച് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകാൻ കഴിയില്ല. 2000ൽ ആദ്യം പ്രസിഡന്റായ പുടിൻ 2004ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ പ്രധാനമന്ത്രിയായി. 2012ൽ വീണ്ടും പ്രസിഡന്റായി. നാല്  തവണ ഇതുവരെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചെങ്കിലും ഇടയ്ക്കു പ്രധാനമന്ത്രിയായി ‘ബ്രേക്ക്’എടുത്തതുകൊണ്ട് തുടർച്ചയായി രണ്ടുതവണയിലേറെ പാടില്ല എന്ന നിയമം ലംഘിക്കപ്പെട്ടിരുന്നില്ല.

സുപ്രധാന ഭരണഘടനാ മാറ്റങ്ങൾക്കു പുടിൻ ശുപാർശ ചെയ്തതിനു പിന്നാലെ താനും മന്ത്രിസഭയും രാജിവയ്ക്കുന്നതായി പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ് പ്രഖ്യാപിച്ചതോടെ ഷി ചിൻപിങ്ങിന്റെ വഴിയിൽ തന്നെയാണ് പുടിനെന്നു വ്യക്തമായതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ദിമിത്രി മെദ്‌വെദേവിനു പകരം നികുതി വിഭാഗം മേധാവിയായ മിഖായിൽ മിഷുസ്തിനെ (53) പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നാമനിർദേശം ചെയ്യുകയും ചെയ്തു. 20 വർഷത്തിലേറെയായി റഷ്യയുടെ അധികാരകേന്ദ്രമായി തുടരുന്ന പുടിന്റെ നിലവിലെ ഭരണകാലാവധി 2024ൽ അവസാനിക്കും. 2024നു ശേഷവും അധികാരകേന്ദ്രമായി തുടരാനുള്ള പുടിന്റെ പദ്ധതിയുടെ ഭാഗമാണു ഭരണഘടനാമാറ്റ നീക്കമെന്നു നിരീക്ഷകർ വിലയിരുത്തുന്നു. 2 വട്ടം തുടർച്ചയായി പ്രസിഡന്റ് ആയതിനാൽ ഇനി പുടിന് ആ സ്ഥാനത്തേക്കു മത്സരിക്കാനാവില്ല. ജോസഫ് സ്റ്റാലിൻ കഴിഞ്ഞാൽ റഷ്യ ഏറ്റവും കാലം ഭരിച്ച നേതാവാണു പുടിൻ.

1999 മുതൽ റഷ്യയിൽ അധികാരത്തിലുള്ള പുടിൻ 2018 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 76.7% വോട്ടു നേടിയാണു ഭരണത്തിലെത്തിയത്. പുടിന്റെ വലംകൈയായ മെദ്‌വെദേവ് 2008–13ൽ പ്രസിഡന്റായിരുന്നു.പുടിൻ അന്നു പ്രധാനമന്ത്രിയും. അടുപ്പിച്ചു രണ്ടുതവണയിലേറെ പ്രസിഡന്റായിരിക്കാൻ കഴിയില്ലെന്ന ഭരണഘടനാ വ്യവസ്ഥ മറികടക്കാനാണ് അന്നു പ്രധാനമന്ത്രിയായത്. 2012ൽ പുടിൻ പ്രസിഡന്റായി മടങ്ങിയെത്തിയപ്പോൾ മെദ്‌വെദേവ് പ്രധാനമന്ത്രിയായി. 

vladmir-putin-dmitry-medvedev
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, സ്ഥാനം ഒഴിഞ്ഞ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ്

വ്ളാഡിമിർ പുടിൻ വിജയിക്കുമ്പോഴെല്ലാം അദ്ദേഹം എതിരാളികളെ മലർത്തിയടിച്ചെന്നാണ് ആലങ്കാരികമായി പറയാറ്. ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്ബെൽറ്റുള്ള, ഒഴിവുവേളകളിൽ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്ന മസിൽമനുഷ്യനു പക്ഷേ, റഷ്യയിൽ എതിരാളികൾ ഇല്ലെന്നതാണു സത്യം. പ്രതിയോഗികൾ ഉണ്ട്. പക്ഷേ, പ്രയോജനമില്ല. ഇന്റലിജൻസ് ഓഫിസറിൽനിന്നു റഷ്യയുടെ അമരത്തെത്തി നാലാംതവണയും പ്രസിഡന്റായപ്പോൾ വീണുകിട്ടിയത് ‘പുടിൻ 4.0’ എന്ന വിളിപ്പേരാണ്. 007 ജയിംസ് ബോണ്ടിനെക്കാൾ കരുത്തനെന്ന് രാജ്യാന്തര മാധ്യമങ്ങൾ വാഴ്ത്തി.

ചൈനയിൽ ഭരണഘടനാ ഭേദഗതി പാർലമെന്റ് അംഗീകരിച്ചതോടെ രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ ‘ചെയർമാൻ’ മാവോ സെദുങ്ങിനെപ്പോലെ, ഷി ചിൻപിങ്ങിന് ആഗ്രഹിക്കുന്ന കാലത്തോളം അധികാരത്തിൽ തുടരാമെന്ന നില വന്നിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയും സർവസൈന്യാധിപനും പ്രസിഡന്റുമാണു ചൈനയിലെ ഏറ്റവും വലിയ അധികാരകേന്ദ്രങ്ങൾ. ഈ മൂന്നു പദവികളും ഒരാൾ തന്നെ വഹിക്കുന്ന സാഹചര്യത്തിലേക്ക് ചൈന മാറുകയും ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറിയും സർവസൈന്യാധിപനും പ്രസിഡന്റുമായി ഭരണകൂടത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ച ഷി ചിൻപിങ് വർഷങ്ങൾ നീണ്ട അഴിമതിവിരുദ്ധ പോരാട്ടങ്ങളിലൂടെ പ്രതിയോഗികളെയും നിലംപരിചാക്കിയാണ് ആജീവനാന്തം തുടരാൻ അരങ്ങൊരുക്കിയത്.

ഇത്തരമൊരു സാഹചര്യം ഏകാധിപത്യത്തിലേക്കു നയിച്ചേക്കാമെന്നു മാവോയ്ക്കുശേഷം അധികാരത്തിൽ വന്ന നേതൃത്വം കണക്കാക്കിയിരുന്നു. അതുകൊണ്ടാണ്, മാവോയുടെ കാലത്തെ ഏകാധിപത്യ നടപടികളുടെ തിക്തഫലം അനുഭവിക്കേണ്ടിവന്ന ഡെങ് സിയാവോ പിങ് അധികാരത്തിലിരിക്കെ, 1982 ൽ ഒരാൾക്കു പരമാവധി രണ്ടു തവണ എന്ന നിബന്ധന കൊണ്ടുവന്നത്. 2018 ൽ ഈ  നിബന്ധനയാണു ഭരണഘടനാ ഭേദഗതിയിലൂടെ നീക്കം ചെയ്ത‌ത്.1949 മുതൽ ഏകപാർട്ടി ഭരണത്തിനു കീഴിൽ മാധ്യമ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു കഴിയുന്ന ചൈനയിലെ 138 കോടി ജനങ്ങളെ പുതിയ ഭേദഗതി കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. സമാനമായ അവസ്ഥയിലേക്കാണ് റഷ്യയും ചുവട് മാറുകയെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

xi-jinping-china
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

1952 ഒക്ടോബർ ഏഴിനു ലെനിൻഗ്രാഡിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗ്) ഫാക്ടറി തൊഴിലാളിയുടെ മകനായാണു പുടിന്റെ ജനനം. തന്റെ മുത്തച്ഛൻ സോവിയറ്റ് നേതാക്കളായ ലെനിന്റെയും സ്റ്റാലിന്റെയും പാചകക്കാരനായിരുന്നെന്ന് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലെനിൻഗ്രാഡ് സർവകലാശാലയിൽ നിയമപഠനത്തിനുശേഷം 1975ൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ (കെജിബി) ഇന്റലിജൻസ് ഓഫിസറായി.

ലെനിൻഗ്രാഡിലെത്തുന്ന വിദേശസന്ദർശകരുടെമേൽ ചാരക്കണ്ണുമായി പ്രതിഭ തെളിയിച്ചുകഴിഞ്ഞാണു രാഷ്ട്രീയത്തിലിറങ്ങിയത്. ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗകാലത്തു ജർമനും ഇംഗ്ലിഷും പഠിച്ചു. 1991ൽ, ലെനിൻഗ്രാഡ് മേയറായി മൽസരിച്ച അനറ്റൊലി സോബ്ചകിന്റെ ഉപദേശകനായാണു രാഷ്ട്രീയപ്രവേശം. ഇദ്ദേഹത്തിന്റെ മകളാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിന്റെ എതിർസ്ഥാനാർഥികളിലൊരാളായിരുന്ന സെനിയ സോബ്ചക്. അനറ്റൊളി സോബ്ചക് അന്നത്തെ തിരഞ്ഞെടുപ്പു ജയിച്ചു മേയറായപ്പോൾ പുടിൻ രഹസ്യാന്വേഷണവിഭാഗം വിട്ടു.

dmitry-medvedev-putin-russia
ദിമിത്രി മെദ്‌വെദേവ്, വ്ലാഡിമിർ പുടിൻ

ആറു വർഷം കഴിഞ്ഞ്, 1997ൽ പ്രസിഡന്റ് ബോറിസ് യെൽസിന്റെ കീഴിലുള്ള സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി അദ്ദേഹം ഉദിച്ചുയർന്നു. 1999 ഓഗസ്റ്റിൽ യെൽസിൻ പുടിനെ റഷ്യൻ പ്രധാനമന്ത്രിയാക്കി. അതേവർഷം ഡിസംബറിൽ അപവാദങ്ങളെത്തുടർന്നു യെൽസിൻ അധികാരമൊഴിഞ്ഞപ്പോൾ അദ്ദേഹം ആക്ടിങ് പ്രസിഡന്റായി. 2000 മാർച്ചിൽ റഷ്യൻ പ്രസിഡന്റായി. 2004ൽ വീണ്ടും പ്രസിഡന്റായി. 2008ൽ പ്രധാനമന്ത്രിയായി. 2012ൽ മൂന്നാം തവണ പ്രസിഡന്റായി. തുടർച്ചയായി രണ്ടു തവണയിലേറെ പ്രസിഡന്റാകുന്നതിനാണു റഷ്യയിൽ വിലക്ക്.

ശത്രുക്കളാരെന്നു തിരിച്ചറിയുകയും അവരെയെല്ലാം നിഷ്ക്രിയരാക്കുകയും ചെയ്യുന്ന കലയാണു രാഷ്ട്രീയത്തിൽ വ്ളാഡിമിർ പുടിൻ പയറ്റുന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ പ്രതിയോഗിയായ അലക്സി നവൽനി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതു വിലക്കി രാഷ്ട്രീയവഴിയിലെ തടസ്സം നീക്കിയ പുടിന് എതിരാളിയെന്ന പേരിൽ ഉയർത്തിക്കാട്ടാൻ പോലും മറുപേര് ഇല്ലെന്നാണ് സത്യം. 

English Summary: Putin Makes Power Play Through Constitutional Changes,imitates Xi Jinping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com