ADVERTISEMENT

പട്ന∙ പൗരത്വ ഭേദഗതി നിയമം, 370–ാം വകുപ്പ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കു പിന്തുണ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ വൈശാലി ജില്ലയിൽ പൗരത്വ നിയമത്തെ അനുകൂലിച്ചു നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രതിപക്ഷം ന്യൂനക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പറഞ്ഞ അമിത് ഷാ, ബിഹാറിലെ എൻഡിഎയ്ക്കുള്ളിൽ ഭിന്നതകൾ ഇല്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തന്നെ മത്സരിക്കുമെന്നും പറഞ്ഞു.

‘ഞങ്ങളുടെ സഖ്യത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും ഞാൻ തള്ളിക്കളയുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും ബിഹാറിൽ ദേശീയ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുക. നമ്മുടെ സഖ്യം വേറിട്ടുപോകുമെന്ന് അഴിമതി കേസുകളിൽ ജയിലിൽ കഴിയുന്ന ലാലു പ്രസാദ് സ്വപ്നം കണ്ടേക്കാം. എന്നാൽ എൻ‌ഡി‌എ, ബിഹാറിനെ വെറും റാന്തൽവിളക്ക് (ആർജെഡിയുടെ ചിഹ്നം) യുഗത്തിൽ നിന്ന് എൽ‌ഇഡി യുഗത്തിലേക്കാണ് നയിച്ചതെന്ന് ഓർക്കണം’ – അമിത് ഷാ പറഞ്ഞു. രാജ്യവും സംസ്ഥാനവും യഥാക്രമം നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറ​ഞ്ഞു.

പൗരത്വ നിയമത്തെക്കുറിച്ചു ചർച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയ നിതീഷ് കുമാർ ദേശീയ പൗര റജിസ്റ്റർ നടപ്പിലാക്കുന്ന പ്രശ്നമില്ലെന്നും പറഞ്ഞിരുന്നു. അസമിലെ സാഹചര്യം കണക്കിലെടുത്താണ് റജിസ്റ്റർ എന്നു പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ ബിഹാറിലെ എൻഡിഎയിൽ വിള്ളൽ വീണതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ തന്നെ നേരിട്ട് ഇതു തള്ളിക്കൊണ്ടു രംഗത്തെത്തിയത്. ഈ വർഷം ഒക്ടോബറിലാണ് ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

English Summary: Shah seeks peoples support to CAA; Says Nitish to lead NDA in upcoming Bihar polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com