ADVERTISEMENT

ബേപ്പൂർ∙ തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്കു ചരക്കുകളുമായി പുറപ്പെട്ട ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലിൽ മുങ്ങി. ഉരുവിലെ ചെറിയ തോണിയിൽ തുഴഞ്ഞു രക്ഷപ്പെടുകയായിരുന്ന 6 തൊഴിലാളികളെയും അതുവഴി വന്ന മറ്റൊരു ഉരുക്കാർ കയറ്റി സുരക്ഷിതമായി തീരത്ത് എത്തിച്ചു. 15നു ഉച്ചയ്ക്ക് ബേപ്പൂരിൽനിന്നു കവരത്തി ദ്വീപിലേക്കു പുറപ്പെട്ട എംഎസ്‌വി ഷാലോം എന്ന ഉരുവാണ് ആന്ത്രോത്ത് ദ്വീപിനു 40 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച പുലർച്ചെ 5.30 മുങ്ങിയത്. വെള്ളം കയറുന്നതു കണ്ടു തോണിയിൽ(ഡിങ്കി)കയറിയ തൊഴിലാളികളെ ഗ്രെയ്സ് എന്ന ഉരുക്കാരാണ് രക്ഷിച്ചത്.

തമിഴ്നാട് തൂത്തുക്കുടി രായർപുരം ഗോപാൽ സ്ട്രീറ്റ് സ്വദേശികളായ മിൽട്ടൺ(49), വെസെന്തി(60), മുരുകൻ(43), എൻ.എ.പി.ഹെൻറി(61), ജെ.മരിയ നാവിസ്(54), എ.ജെ.എസ്.ചോന്തവബോസ്(27)എന്നിവരെയാണ് ഉച്ചയോടെ ആന്ത്രോത്ത് പോർട്ട് അസിസ്റ്റന്റ് ഓഫിസിൽ എത്തിച്ചത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ മൊഴിയെടുത്ത ശേഷം വിവരം സബ് ഡിവിഷനൽ ഓഫിസറെ അറിയിച്ചു നാട്ടിലേക്ക് എത്തിക്കുന്നതിനു ശ്രമം തുടങ്ങി.

എംസാൻഡ്, സിമന്റ്, ജെല്ലി, ടൈൽസ്, ഫർണിച്ചർ, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, 20 പശുക്കൾ എന്നിങ്ങനെ 160 ടൺ ചരക്കുകളുമായാണ് ഉരു പുറപ്പെട്ടത്. പുറംകടലിൽ വീശിയടിച്ച കാറ്റിൽ ആടിയുലഞ്ഞ ഉരുവിൽനിന്നു വെള്ളം പുറത്തേക്ക് ഒഴിവാക്കുന്ന പമ്പ് പ്രവർത്തന രഹിതമായി. ഇതിനിടെ എൻജിൻ നിലച്ചു വെള്ളം കയറിയാണ് അപകടമെന്നു തണ്ടേൽ മിൽട്ടൺ പറഞ്ഞു.

തൂത്തുക്കുടി സ്വദേശി ആർ.രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് മുങ്ങിയ ഉരു. ചരക്ക് ഉൾപ്പെടെ ഏതാണ്ട് 80 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പുലർച്ചെ അതുവഴി സഞ്ചരിച്ച കപ്പലുകാർക്കു ലഭിച്ച വിവരം കോസ്റ്റ് ഗാർഡിനു കൈമാറുകയായിരുന്നു. തീരസംരക്ഷണ സേനയാണ് തൊട്ടടുത്ത ഉരുക്കൾക്കു സന്ദേശം കൈമാറിയത്.

English Summary: Ship Went to Lakshadweeep Drowned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com