sections
MORE

വെള്ളാപ്പള്ളി നടേശൻ 1,600 കോടി രൂപ തട്ടിച്ചു; വിശദ അന്വേഷണം വേണം: ടി.പി.സെൻകുമാർ

SHARE

തിരുവനന്തപുരം ∙ എസ്എൻഡിപി യോഗത്തിൽനിന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന ആരോപണവുമായി മുൻ ഡിജിപി ടി.പി.സെൻകുമാർ. എസ്എൻ ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണം. എസ്എൻ മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ, കോളജ് അഡ്മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എസ്എൻഡിപി മൈക്രോ ഫിനാൻസിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്നു കണ്ടെത്തണം. സ്കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങൾ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. നിയമനത്തിന് പണം കൊടുത്തവർ കാര്യങ്ങള്‍ വെളിപ്പെടുത്തണം. അവർ ഡോണേഷനാണ് കൊടുത്തത്. അതിനാൽ സ്വതന്ത്രമായി വരാം. അവർ സാക്ഷിയാണ്, പ്രതിയാകില്ലെന്നും സെൻകുമാർ പറഞ്ഞു.

ഒരു പൈസയും അധികമായി ഉണ്ടാക്കരുതെന്നാണ് ഗുരു പറഞ്ഞത്. അതിൽനിന്ന് 150 ഡിഗ്രി മാറിയാണ് എസ്എൻഡിപി സഞ്ചരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. എസ്എൻഡിപിയുടെ 1000 ശാഖകൾ വ്യാജമാണ്. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്നാണ് കണക്ക്. അംഗങ്ങളുടെ വോട്ടു നോക്കിയാൽ സമുദായ ജനസംഖ്യയേക്കാൾ കാണും. കള്ളവോട്ടാണ് കാരണം. മലബാർ മേഖലയിലാണ് കള്ളവോട്ട് കൂടുതൽ. ഇതിന്റെ രേഖകൾ ശേഖരിച്ചു വരികയാണ്.

ജനാധിപത്യരീതിയിലേക്ക് എസ്എൻഡിപി യോഗം വരണം. പുതിയ സംവിധാനം വേണം. ആരും രണ്ടു തവണയിൽ കൂടുതൽ എസ്എൻഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങൾക്കു ചുമതലകൾ നൽകരുത്. സ്കൂളുകളിലും കോളജുകളിലും കുട്ടികൾക്ക് സൗജന്യമായി പ്രവേശം നൽകണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം. എസ്എൻ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികൾക്ക് പണം ചെലവഴിക്കുന്നില്ല.

ആ പണം എവിടെ പോയെന്ന് അന്വേഷിക്കണം. ശിവഗിരി തീർഥാടനത്തിനു 100 രൂപവീതം എസ്എൻഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെയെന്നും അന്വേഷിക്കണം. കേരളത്തിൽ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്എൻഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാൻ രാജാവ് എന്റെ മകൻ രാജകുമാരൻ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തൽസ്ഥാനത്തുനിന്നു മാറിനിൽക്കണം.

t-p-senkumar-press-meet
സുഭാഷ് വാസുവും ടി.പി. സെൻകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി

സുതാര്യമായി തിരഞ്ഞെടുപ്പു നടത്തി ജയിച്ചാൽ വെള്ളാപ്പള്ളിക്ക് തുടരാൻ കഴിയുമെന്നും സെൻകുമാർ പറഞ്ഞു. സമ്പത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനും കുടുംബവുമെന്നു സുഭാഷ് വാസു ആരോപിച്ചു. മറ്റു മൂല്യങ്ങൾക്ക് അവിടെ സ്ഥാനമില്ല. ജാനാധിപത്യരീതിയിൽ ഹിതപരിശോധന നടത്താൻ അദ്ദേഹം തയാറാകണമെന്നും സുഭാഷ് വാസു പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ ചെറിയ രീതിയിൽ വാക്കേറ്റമുണ്ടായി. ചോദ്യം ചോദിച്ചവരോട് പുറത്തുപോകണമെന്ന് സെൻകുമാർ നിർദേശിച്ചതാണു തർക്കങ്ങൾക്കിടയാക്കിയത്.

English Summary: TP Senkumar against Vellappally Natesan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA