ADVERTISEMENT

കോഴിക്കോട്∙ ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഐഎമ്മിൽ ‘ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട്സ്’ രാജ്യാന്തര കോൺക്ലേവ് ഉദ്ഘാടനവും സ്വാമി വിവേകാനന്ദന്റെ പൂർണകായപ്രതിമയുടെ അനാച്ഛാദനവും വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യങ്ങൾ സമ്പത്തും സ്ഥലവും കൈയടക്കാൻ യുദ്ധം ചെയ്യുമ്പോൾ ഇന്ത്യയുടെ സൈനികർ സമാധാനത്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്. ബുദ്ധിസവും ജൈനിസവുമടക്കം ആറു തരം വിശ്വാസങ്ങൾ ജനിച്ചത് ഇന്ത്യയിലാണ്. പൂജ്യമെന്ന ആശയം പിറന്നുവീണത് ഇന്ത്യയിലാണ്. സ്ത്രീകളെ ദേവിയായി ആദരിക്കുകയെന്ന ചിന്ത ഇന്ത്യയുടേതാണ്. ഇന്ത്യ വികസിച്ചാലേ ലോകത്തിനു വളർച്ചയുണ്ടാവൂ എന്നും നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യൻ തത്വചിന്തപ്രകാരം ഓരോ ആശയവും ആഴത്തിൽപഠിച്ച് എത്രമാത്രം സ്വീകാര്യമാണെന്ന് അന്വേഷിച്ചുവേണം അവയെ അംഗീകരിക്കാനെന്ന് ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിച്ച ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ വേരുകളെക്കുറിച്ച് അവബോധമുണ്ടായാലെ യുവാക്കൾക്ക് ഇതരരാജ്യങ്ങളിൽ ചെല്ലുമ്പോൾ ആത്മവിശ്വാസമുണ്ടാവുകയുള്ളൂ എന്നും രവിശങ്കർ പറഞ്ഞു.

ഐഐഎംകെ ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ എംപി എന്നിവർ പ്രസംഗിച്ചു. തുടർന്ന് പണ്ഡിറ്റ് വിശ്വമോഹൻഭട്ടിന്റെ സംഗീതപരിപാടിയും നടന്നു. വെള്ളിയാഴ്ച നടക്കുന്ന വിവിധ സംവാദങ്ങളിൽ പ്ലാനിങ് കമ്മിഷൻ മുൻ അംഗം അരുൺ മായിര, യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പ്രഫ. ശ്യാം സുന്ദർ, ശാസ്ത്രജ്ഞൻ ഡോ. വിജയ് ചൗതായ്‌വാലെ, പത്രപ്രവർത്തകൻ പ്രഭു ചൗള, ഇൻഡ്യാന സർവകലാശാലയിലെ ഡോ.അലോക് ചതുർവേദി തുടങ്ങിയവർ പ്രസംഗിക്കും. ശനിയാഴ്ച നാലിന് സമാപനസമ്മേളനം പുതുച്ചേരി ഗവർണർ ഡോ.കിരൺബേദി ഉദ്ഘാടനം ചെയ്യും.

English Summary: Swami Vivekanada delivered the message of universal brotherhood at Chicago: Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com