ADVERTISEMENT

സൗത്ത് കാരലൈന ∙ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തിൽ ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനു നഴ്സിന് 25 വർഷം തടവുശിക്ഷ. സൗത്ത് കാരലൈന സ്വദേശിയും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സ് മുൻ നഴ്സുമായ ലെന സ്യൂ ക്ലേറ്റൻ (53) ആണ് പ്രതി. മനഃപൂർവമല്ലാതെയുള്ള നരഹത്യയ്ക്കും ഭക്ഷണത്തിലോ മരുന്നിലോ മായം കലർത്തിയതിനും ഉള്ള വകുപ്പുകൾ പ്രകാരമാണ് ഇവരെ ശിക്ഷിച്ചത്.

2018 ജൂലൈയിലാണു സംഭവം. പ്രതിയുടെ ഭർത്താവ് സ്റ്റീവൻ ക്ലേറ്റനു കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തിൽ കലർത്തി മൂന്നു ദിവസം കുടിക്കാൻ നൽകിയെന്നാണു കേസ്. 64കാരനായ സ്റ്റീവൻ ജൂലൈ 21ന് മരിച്ചു. ഭർത്താവ് തന്നോടു മോശമായി പെരുമാറുന്നതു സഹിക്കാനാവാതെയാണു തുള്ളിമരുന്ന് മദ്യത്തിൽ കലർത്തിയത്. ഭർത്താവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തെ അസ്വസ്ഥനാക്കുക മാത്രമേ ലക്ഷ്യമിട്ടുള്ളൂവെന്നും ലെന കോടതിയിൽ പറഞ്ഞു.

ഒരു മില്യൻ ഡോളർ മൂല്യമുള്ള വസ്തുവിലാണു ദമ്പതികൾ താമസിച്ചിരുന്നത്. ഫ്ലോറിഡയിലെ മുൻ ബിസിനസുകാരനായ സ്റ്റീവൻ ക്ലേറ്റനു ഒരു മില്യനിലേറെ മൂല്യമുള്ള സമ്പത്ത് വേറെയുമുണ്ട്. യുഎസിൽ ഉടനീളം ബ്രാഞ്ചുകളുള്ള ഫിസിക്കൽ തെറാപ്പി റിസോഴ്സസ് എന്ന കമ്പനിയുടെ സ്ഥാപകനും പ്രസിഡന്റുമാണ്. ഗോവണിപ്പടിയിൽനിന്ന് വീണ് മരിച്ചു എന്നായിരുന്നു ആദ്യവിവരം. കണ്ണിനുള്ള തുള്ളിമരുന്നിലെ പൊതുഘടകമായ രാസവസ്തുവിന്റെ സാന്നിധ്യം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതാണു വഴിത്തിരിവായത്.

ഈ സംഭവത്തിനു രണ്ടു വർഷം മുൻപ് ലെന ചൂണ്ടുവില്ല് കൊണ്ട് ഭർത്താവിന്റെ തലയ്ക്കു പിന്നിലേക്ക് അമ്പ് എയ്തിരുന്നതായും റിപ്പോർട്ടുണ്ട്. അതൊരു കയ്യബദ്ധമാണെന്ന് ആദ്യം നിലപാടെടുത്ത ഇവർ വാക്കുതർക്കത്തിനിടെ ദേഷ്യം വന്നപ്പോൾ ചെയ്തതാണെന്നു പിന്നീടു സമ്മതിച്ചു. ഭർത്താവിന്റെ പൈതൃക സ്വത്ത് കൈക്കലാക്കാനും വിൽപത്രം നശിപ്പിക്കാനുമാണു ലെന കുറ്റകൃത്യം ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.

English Summary: South Carolina Woman Pleads Guilty to Poisoning Husband With Eye Drops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com