ADVERTISEMENT

അടിമാലി ∙ രോഗിയായ ഭാര്യയെ കാറിൽ ഉപേക്ഷിച്ചു ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മുങ്ങി.  ഭക്ഷണവും വെള്ളവും ലഭിക്കാതെ വീട്ടമ്മ കാറിനുള്ളിൽ കിടന്നത് ഒന്നര ദിവസം. അവശയായ വീട്ടമ്മയെ ഓട്ടോറിക്ഷ ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. വയനാട് മാനന്തവാടി വെൺമണി കമ്പെട്ടി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാ മണിയെയാണ്(53) ഇന്നലെ രാവിലെ 11 ന് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് തന്നെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങിയതെന്ന് ലൈലാ മണി പറയുന്നു. 

വ്യാഴാഴ്ച രാവിലെ മുതൽ ദേശീയപാതയോരത്തു കിടന്നിരുന്ന കാർ,  ഓട്ടോറിക്ഷ ഡ്രൈവർ കൂമ്പൻപാറ തോപ്പിൽ ദീപുവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്നലെയും കാർ അവിടെത്തന്നെ കിടക്കുന്നതു കണ്ട് ദീപു സുഹൃത്തുമായി എത്തി പരിശോധിച്ചപ്പോൾ ആണ് മുൻ സീറ്റിൽ ലൈലാ മണിയെ കണ്ടെത്തിയത്. പൊലീസിന്റെ സഹായത്തോടെ ലൈലാ മണിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

car-mathew
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ, ലൈലാ മണിയുടെ ഭർത്താവ് മാത്യു. പൊലീസ് പുറത്തു വിട്ട ചിത്രം

നാലു വർഷം മുൻപുണ്ടായ രോഗത്തെ തുടർന്ന് ലൈലാ മണിയുടെ ശരീരം തളർന്നിരുന്നു.  പരസഹായമില്ലാതെ ഇവർക്ക് എഴുന്നേറ്റു നിൽക്കാൻ കഴിയില്ല. സംസാരശേഷിയും കുറവാണെന്ന് ഇവർ‍ പൊലീസിനു മൊഴി നൽകി. മാനന്തവാടിക്കു സമീപം 6 സെന്റ് സ്ഥലവും വീടും ഉണ്ടെന്നും രണ്ടു മക്കളാണ് തനിക്കുള്ളതെന്നും ഇവർ പൊലീസിനോടു പറഞ്ഞു.  ഒരു മകൻ മഞ്ജിത്, കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്നു. മൂന്നു ദിവസം മുൻപ് മജ്‍ഞിത്തിന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മാത്യു,  വയനാട് നിന്ന് കാറിൽ തന്നെ കൂട്ടിക്കൊണ്ടു വന്നതെന്നും ലൈലാ മണി പൊലീസിനു മൊഴി നൽകി. 

അടിമാലിയിൽ എത്തിയപ്പോൾ ശുചിമുറിയിൽ പോയി വരാം എന്നു പറഞ്ഞ് കാറിൽ നിന്നു മാത്യു ഇറങ്ങിയെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും ലൈലാ മണി പറയുന്നു.  ബുധനാഴ്ച മുതൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ കാറിൽ കിടന്നതോടെ അവശനിലയിൽ ആയി. കാറിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പർ മാത്യുവിന്റേതാണെന്നാണ് പൊലീസ് നിഗമനം. ഈ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും പൊലീസിൽ നിന്നാണെന്ന് അറിയിച്ചതോടെ സ്വിച്ച് ഓഫ് ചെയ്തതായി എസ്ഐ സി.ആർ.സന്തോഷ് പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ലൈലാ മണി സംസാരിക്കുന്നത്. 

മാത്യു വയനാട്ടിൽ കൊയിലേരി, വെൺമണി, പടച്ചിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിരുന്നു. വാടകയ്ക്കായിരുന്നു മിക്കയിടങ്ങളിലെയും താമസം. കാറിൽ ചായപ്പൊടി വിൽപനയായിരുന്നു കുറെക്കാലം. ഇയാളും ഭാര്യയും തിരുവനന്തപുരം സ്വദേശികളാണ്. എന്നാണ് ഇവർ വയനാട്ടിലെത്തിയതെന്ന് വയനാട്ടിൽ ഉള്ളവർക്കും അറിയില്ല. ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതമാണ് ഇവരുടേത്. വെൺമണിയിലെ സ്ഥലവും വീടും വിറ്റുവെന്നും ഇപ്പോൾ വയനാട്ടിൽ വരാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.

English Summary: House Wife Found inside a Car at Adimali
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com