ADVERTISEMENT

ഏഡൻ∙ സൈന്യത്തോട് അതീവജാഗ്രതയോടെയിരിക്കാനും ആവശ്യമെങ്കിൽ യുദ്ധത്തിനൊരുങ്ങാനും നിർദേശിച്ച് യെമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി. യെമനിലെ മാരിബിലെ സൈനിക ക്യാംപിനോടു ചേർന്നുള്ള മുസ്‌ലിം പള്ളിയിൽ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്നാണ് പ്രസിഡന്റ് നിർദേശം നൽകിയതെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന മിസൈലാക്രമണത്തിൽ 73 സൈനികർ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകളും ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മരണസംഖ്യ 80 കടന്നെന്ന് വാർത്താഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. 

ഹൂതികൾ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം സൂചിപ്പിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞതായി യെമന്റെ ഔദ്യോഗിക വാർത്താ ഏജൻസി സബയും റിപ്പോർട്ട് ചെയ്തു. ഭീരുക്കൾ നടത്തിയ ഭീകരാക്രമണമെന്നാണ് ഇതിനെ അബ്ദുറബ് വിശേഷിപ്പിച്ചത്. നശിപ്പിക്കാനും കൊല്ലാനും മാത്രമേ ഹൂതികൾക്ക് അറിയൂ. മേഖലയിൽ ഇറാന്റെ വിലയില്ലാത്ത ഉപകരണമായി ഹൂതികൾ മാറിയെന്നും പ്രസിഡന്റ് വിമർശിച്ചു. എന്നാൽ ഹൂതികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല. 

യെമന്റെ തലസ്ഥാനമായ സനായിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള പള്ളിയിലേക്കാണു ശനി വൈകിട്ട് ആക്രമണമുണ്ടായത്. സൈനികർ പ്രാർഥനയിലായിരുന്ന സമയത്തായിരുന്നു ആക്രമണമെന്നും ആഭ്യന്തരവൃത്തങ്ങൾ അറിയിച്ചു. സനായ്ക്കു വടക്ക് നഹം മേഖലയിലുള്ള ഹൂതി ക്യാംപിനു നേരെ കഴിഞ്ഞ ദിവസം യെമൻ സേന നീക്കം ആരംഭിച്ചിരുന്നു. ഇവിടെ ഹൂതികളും സൈന്യവും തമ്മിൽ പോരാട്ടം തുടരുകയാണ്. ഒട്ടേറെ ഹൂതികൾ കൊല്ലപ്പെട്ടതായും പരുക്കേറ്റതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. 

Houthi Ballistic Missile
2018ൽ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചപ്പോൾ.

ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതരും സൗദി പിന്തുണയോടെ ഭരിക്കുന്ന യെമനിലെ ഔദ്യോഗിക സർക്കാരും തമ്മിൽ മാസങ്ങളോളം നിലനിന്ന സമാധാനമാണ് പുതിയ ആക്രമണത്തിലൂടെ തകർക്കപ്പെട്ടിരിക്കുന്നത്. രാജ്യാന്തര അംഗീകാരത്തോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ 2014ൽ ഹൂതി വിമതർ അട്ടിമറിച്ചതോടെയാണ് മേഖലയിൽ സംഘർഷങ്ങളുടെ തുടക്കം. പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ ഉൾപ്പെടെ വിമതർ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോൾ അദ്ദേഹം സൗദിയിൽ രാഷ്ട്രീയാഭയം തേടി. 

2015 മാർച്ചിൽ അബ്ദുറബിനെ തിരികെ അധികാരത്തിലേറ്റാൻ സൗദി സഹായിച്ചു. അന്നു മുതൽ സൗദി സഖ്യസേനയും ഹൂതികളും പോരാട്ടം തുടരുകയാണ്. ഏഡൻ കേന്ദ്രീകരിച്ചാണു പ്രധാനമായും ഹൂതികളുടെ പ്രവർത്തനം. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സൗദിയിലെ വിമാനത്താവളങ്ങൾക്കു നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സൗദി എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾക്കു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഹൂതികളെ ഇറാൻ പിന്തുണയ്ക്കുന്നതിനെതിരെ സൗദിയും രംഗത്തുണ്ട്. 

വ്യോമാക്രമണവും കരയിലൂടെയുള്ള ആക്രമണവും കുറച്ചതിന് യെമൻ സർക്കാരിനെയും ഹൂതികളെയും കഴിഞ്ഞ ദിവസം യുഎൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത്സ് സ്വാഗതം ചെയ്തിരുന്നു. മനുഷ്യാവകാശപരമായി നോക്കിയാൽ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് യെമനിലുള്ളതെന്നാണ് യുഎൻ റിപ്പോർട്ട്. രാജ്യത്തെ കറൻസി മൂല്യം ഇടിയുന്ന സ്ഥിതിവിശേഷം ഉൾപ്പെടെ വൻ ക്ഷാമത്തിനാണ് യെമൻ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്നും യുഎൻ റിപ്പോർട്ടുണ്ടായിരുന്നു. 

English Summary: Yemen's president says military needs to be on high alert following attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com