ADVERTISEMENT

ബെയ്ജിങ്∙ ചൈനയിൽ പടരുന്ന പുതിയ ഇനം കൊറോണ വൈറസ്ബാധയേറ്റ് ഇന്ത്യക്കാരിയും ചികിത്സയിൽ. ചൈനയിലെ ഷെൻസെനിൽ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ് വെള്ളിയാഴ്ച രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. ഇവർക്ക് രോഗം സ്ഥിരീകരിച്ചതായും  ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഭർത്താവ് അഷുമാന്‍ ഖോവൽ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. ഡൽഹിയിൽ വ്യാപാരിയാണ് അഷുമാൻ. 

മഹേശ്വരി നിലവിൽ ഐസിയുവിലാണ്. വെന്റിലേറ്ററിൽ മറ്റു ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ. ഏതാനും മണിക്കൂർ മഹേശ്വരിയെ സന്ദർശിക്കാൻ ഭർത്താവിന് അനുവാദം നൽകിയിട്ടുണ്ട്. മഹേശ്വരി അബോധാവസ്ഥയിൽ തുടരുകയാണ്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു. ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിർദേശം നൽകിയിരുന്നു. കൊറോണ വൈറസ് ബാധയേറ്റ് രണ്ടാമത്തെ മരണവും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു അത്. 

ഇന്ത്യയിൽ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കൽ വിദ്യാർഥികൾ വുഹാനിൽ മാത്രം പഠിക്കുന്നുണ്ട്. എന്നാൽ ചൈനീസ് പുതുവർഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. വുഹാൻ, ഷെൻസെൻ മേഖലകളിൽ പടരുന്ന ന്യുമോണിയയുടെ കാരണം അന്വേഷിച്ചപ്പോഴായിരുന്നു ‘സാർസ്’ പരത്തുന്നതിനു തുല്യമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ജലദോഷം മുതൽ സാർസ് വരെയുള്ള ശ്വാസകോശരോഗങ്ങൾക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങൾ. 2002–03ൽ ചൈനയെയും ഹോങ്കോങ്ങിനെയും വിറപ്പിച്ച സാർസിനു തുല്യമാണ് ഈ കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോർട്ടുകൾ. അന്ന് 650നടുത്ത് രോഗികളാണു മരിച്ചത്. 

ഏതാനും ആഴ്ച മുൻപ് വുഹാനിലാണ് വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇന്ന് 17 സംഭവം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 62 ആയി. ഇതിൽ 19 പേർ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ശേഷിക്കുന്നവർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഷെൻസെനിൽ രണ്ട് രോഗികളാണ് ചികിത്സയിലുള്ളത്. തായ്‌ലന്‍ഡിലും ജപ്പാനിലുമെത്തിയ ഓരോ ചൈനക്കാരിലും വൈറസിനെ കണ്ടെത്തിയിരുന്നു. ഇവരും ചികിത്സയിലാണ്. 

Corona Virus
കൊറോണ വൈറസ് ബാധയുടെ ആരംഭമുണ്ടായതെന്നു കരുതുന്ന വുഹാനിലെ മാർക്കറ്റിൽ അണുനശീകരണം നടത്തുന്നു (ഫയൽ ചിത്രം)

മ‍ൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവിൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകർന്നതായി കണ്ടെത്തിയിട്ടില്ല. രോഗികളുമായി അടുത്തിടപഴകിയ 763 പേരെ നിരീക്ഷിച്ചതിൽ 681 പേരെയും പറഞ്ഞയയ്ക്കുകയും ചെയ്തു. വുഹാനിലെ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരാൾക്കാണ് ആദ്യം വൈറസ് ബാധയുണ്ടായത്. പിന്നീട് രോഗബാധിതരായവർ ആ മാർക്കറ്റിലെ സന്ദർശകരായിരുന്നെന്നാണു കണ്ടെത്തൽ.

അവിടെ വിൽപനയ്ക്കെത്തിച്ച മൃഗങ്ങളിൽ നിന്നാണ് രോഗം പകർന്നതെന്നു കരുതുന്നു. മാർക്കറ്റ് അണുവിമുക്തമാക്കി അടച്ചിട്ടിരിക്കുകയാണ്. മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ വൈറസിനെതിരെ ലോകമെങ്ങുമുള്ള ആശുപത്രികൾ ജാഗ്രത പുലർത്തണമെന്നു ലോകാരോഗ്യ സംഘടനയുടെയും നിർദേശമുണ്ട്.

English Summary: Indian school teacher becomes first foreigner to contract coronavirus in China

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com