ADVERTISEMENT

കോഴിക്കോട്∙ യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെതിരെ മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. ‘അലന്റെ അമ്മ വായിച്ചറിയുവാൻ’ എന്നു തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അലനെതിരെ ജയരാജന്റെ പ്രസ്താവന.

കെഎൽഎഫ് വേദിയിൽ അലനെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ കെഎൽഎഫിൽ സംവാദത്തിനിടെ പറഞ്ഞ കാര്യങ്ങളെ എതിർത്തുകൊണ്ട് അലന്റെ അമ്മ ഇട്ട പോസ്റ്റ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതായി ജയരാജൻ കുറ്റപ്പെടുത്തി.

അലന്‍ എസ്എഫ്ഐയുടെ നേതാവായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സിപിഎം മെമ്പറാണ്. പാര്‍ട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിനു വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചതെന്ന് ജയരാജൻ പറഞ്ഞു. 

പൊലീസെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലന്‍ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടിരിന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ ഇക്കാര്യം പറഞ്ഞത്. ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം മകൻ ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും അദ്ദേഹം കുറിച്ചു.

പി. ജയരാജന്റെ കുറുപ്പിന്റെ പൂർണരൂപം:

അലന്‍റെ അമ്മ വായിച്ചറിയുവാന്‍.....

കെഎല്‍എഫ് വേദിയില്‍ സംവാദത്തിനിടയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ത്തുകൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ്  മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി തെറ്റിധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതനായത്. മകന്‍ ജയിലിലുള്ള അമ്മയുടെ വികാരമായിക്കണ്ട് ഒന്നും പ്രതികരിക്കാതിരിക്കാനാണ് ആദ്യം ആലോചിച്ചത്.

അലന്‍ എസ്എഫ്ഐയുടെ നേതാവായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല. എന്നാല്‍ സിപിഎം മെമ്പറാണ്. പാര്‍ട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട, ഇപ്പൊഴും പിടിയിലാവാത്ത മാവോയിസ്റ്റ്, അലന്‍ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്നും രാത്രി അവിടെ താമസിച്ച് പുലര്‍ച്ചെ സ്ഥലംവിട്ടിരിന്നു എന്നുമുള്ള സഹവിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.

പാലയാട് യൂണിവേഴ്സിറ്റി സെന്‍ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്‍റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്‍റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്എഫ്ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.

ഒരു പാര്‍ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ എഴുതി വിഷമിപ്പിക്കുന്നില്ല. സിപിഐ(എം) പ്രവര്‍ത്തകരെയടക്കം യുഎപിഎ കേസില്‍പ്പെടുത്തി പീഡിപ്പിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മതനിരപേക്ഷമായി ജീവിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍...!. അതിനെ അംഗീകരിക്കാത്ത, മുസ്ലീം പേരുകാരായത് കൊണ്ടാണ് പ്രതികളാക്കപ്പെട്ടത് എന്ന നുണ ഇപ്പോഴും പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ അപേക്ഷ.

English Summary : CPM leader P. Jayarajan's facebook post against Alan Shuhaib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com