ADVERTISEMENT

ചെന്നൈ ∙ തലയിലൊരു വട്ടക്കെട്ട്, വലതു കൈയ്യിൽ അരിവാൾ, ഇടതു കൈയ്യിൽ അരിഞ്ഞെടുത്ത നെൽകതിര്, മടക്കിക്കുത്തിയ മുണ്ട്- തനി തമിഴ്നാടൻ കർഷകനായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വയലിൽ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവുൾപ്പെടെ ആയിരക്കണക്കിനു പേർ മുഖ്യമന്ത്രിക്കു മേൽ അഭിനന്ദനം ചൊരിഞ്ഞു. മണ്ണിന്റെ മകനായ എടപ്പാടി വേരുകൾ മറന്നില്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ ട്വീറ്റ്.

സേലം ജില്ലയിലെ എടപ്പാടിയിൽ സ്വന്തം ഗ്രാമമായ സിലുവംപാളയത്താണു എടപ്പാടി കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിച്ചത്. മുഖ്യമന്ത്രിയുടെ പൊങ്കൽ ആഘോഷത്തെക്കുറിച്ചു തമിഴ്ചാനൽ പ്രത്യേക പ്രോഗ്രാം ചെയ്തിരുന്നു. ഇതിലാണു മുഖ്യമന്ത്രി നാടൻ കർഷകനായി വയലിൽ നിൽക്കുന്ന ചിത്രമുള്ളത്. ഇതു സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ഷെയർ ചെയ്യപ്പെട്ടു. കർഷക കുടുംബത്തിൽ ജനിച്ച എടപ്പാടി ചെന്നൈയിലെ ഔദ്യോഗിക വസതിയുടെ പരിസരത്തും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്.

ജന്മനാട്ടിൽ വിപുലമായ കൃഷി ഇപ്പോഴുമുണ്ട്. താൻ സാധാരണ കർഷകനാണെന്നു എപ്പോഴും അഭിമാനിക്കുന്ന മുഖ്യമന്ത്രി അതു തെളിയിച്ചുവെന്ന രീതിയിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ. പതിറ്റാണ്ടുകൾക്കു ശേഷമാണ് സിനിമാ പശ്ചാത്തലമില്ലാത്ത, ചെന്നൈയിൽ സ്ഥിര താമസമാക്കാത്ത തമിഴ്നാട്ടിലെ ഗ്രാമത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകുന്നത്.

അതിന്റെ മാറ്റമാണു ചിത്രത്തിൽ തെളിയുന്നതെന്നു ചിലർ അഭിപ്രായപ്പെട്ടു. തന്റെ വേരുകൾ ഒരിക്കലും മറക്കാത്ത മുഖ്യമന്ത്രി എടപ്പാടി വയലിൽ കർഷകനായി നിൽക്കുന്ന ചിത്രം കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇതു പ്രതീകാത്മകമായിരിക്കാം.എന്നാൽ, ഒട്ടേറെ പേർക്കും ഇതു പ്രചോദനം നൽകും- എടപ്പാടിയുടെ ചിത്രത്തിനൊപ്പം ഉപരാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

English Summary: Vice President's Tweet on Tamil Nadu CM Edappadi K. Palaniswami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com