ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തു പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം 2000 രൂപയുടേതാണെന്ന് റിപ്പോർട്ട്. പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷാ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നാണു നോട്ടുനിരോധനകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഇപ്പോൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഈ വാദം തകർത്തതാകട്ടെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതന്നെ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കണക്കുകളും.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

2018ല്‍ മാത്രം രാജ്യത്തു പിടികൂടിയത് 10.96 കോടി മൂല്യമുള്ള രണ്ടായിരം രൂപയുടെ 54,776 വ്യാജ നോട്ടുകളാണ്. പല നോട്ടുകളായി ആകെ പിടികൂടിയത് 17.95 കോടി മൂല്യം വരുന്ന 2,57,243 വ്യാജ നോട്ടുകളും. അതായത്, പിടിച്ചെടുത്ത അഞ്ചില്‍ ഒരു നോട്ട് കോപ്പിയടിക്കാന്‍ കഴിയാത്തതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപെട്ടിരുന്ന രണ്ടായിരം രൂപയുടെ വ്യാജനാണ്. മൊത്തം പിടികൂടിയതിന്റെ 61 ശതമാനം വരുമിത്.

2000 രൂപ വ്യാജനോട്ടുകൾ അച്ചടിക്കുന്നതിൽ വർധനവുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2017ൽ ആകെ പിടിച്ചെടുത്തതിൽ 53 ശതമാനമായിരുന്നു 2000 രൂപയുടെ വ്യാജനോട്ട്. അതാണ് 2018ൽ 61 ശതമാനമായത്. 2016 നവംബര്‍ 8നാണു രാജ്യത്തെ അടിമുടി ഇളക്കിമറിച്ച നോട്ടുനിരോധന പ്രഖ്യാപനം ഉണ്ടായത്. പ്രചാരത്തിലിരുന്ന 86% നോട്ടുകളും പിൻവലിക്കപ്പെട്ടു. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണു നോട്ടുനിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ വാദത്തെ തള്ളുന്നതാണ് കള്ളനോട്ടുകേസുകള്‍ സംബന്ധിച്ചുള്ള ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.

തമിഴ്നാട്ടിലാണ് കഴിഞ്ഞ വർഷം 2000ത്തിന്റെ ഏറ്റവുമധികം വ്യാജന്മാർ പ്രചരിച്ചത്. 12,560 വ്യാജനോട്ടുകളാണ് തമിഴ്നാട്ടില്‍ നിന്നു മാത്രം പിടികൂടിയത്. തൊട്ടുപിറകിൽ 9615 നോട്ടുകള്‍ പിടിച്ചെടുത്ത ബംഗാള്‍. ഇതിനു തൊട്ടുപിന്നിലായി രാജ്യ തലസ്ഥാനവുമുണ്ട്. രണ്ടായിരത്തിന്റെ 6457 നോട്ടുകളാണ് ഡൽഹിയിൽ നിന്നു പിടിച്ചെടുത്തത്. മഹാരാഷ്ട്രയിൽ നിന്ന് 2355 നോട്ടുകളും പിടിച്ചെടുത്തു. കേരളത്തിൽ നിന്ന് 4402 വ്യാജ 2000 രൂപ നോട്ടുകളാണു പിടിച്ചത്.

വൻതുകയ്ക്കുള്ള വ്യാജനോട്ടുകൾ വളരെ കുറഞ്ഞ സമയത്തിൽ അച്ചടിച്ച്, വളരെ കുറവ് സ്ഥലത്ത് സൂക്ഷിക്കാനാകുന്നുവെന്നതാണ് 2000 നോട്ടിനെ കള്ളനോട്ടുകാരുടെ പ്രിയപ്പെട്ടതാക്കുന്നത്. 50, 100 നോട്ടുകളുടെ വ്യാജനാണെങ്കിൽ കൂടുതൽ അച്ചടിക്കണം, വൻതോതിൽ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. അതേസമയം, 2016 നവംബറിൽ 2000 രൂപ നോട്ടുകൾ പുറത്തിറങ്ങിയതു മുതൽ അതിന്റെ ഏറ്റവുമധികം വ്യാജനോട്ടുകൾ അച്ചടിച്ചിറക്കിയത് ഗുജറാത്തിലാണ്. 2016 മുതൽ 2018 അവസാനം വരെ ഏകദേശം 34,680 വ്യാജനോട്ടുകളാണു സംസ്ഥാനത്തുനിന്നു പിടികൂടിയത്. ഇവയുടെ ആകെ മൂല്യം ഏകദേശം 6.93 കോടി വരും.

INDIA-ECONOMY-CURRENCY

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തു പിടികൂടിയ 2000ത്തിന്റെ വ്യാജനോട്ടുകളിൽ 26.28 ശതമാനവും ഗുജറാത്തിൽ നിന്നാണ്. ബംഗാളാണു രണ്ടാം സ്ഥാനത്ത്–3.5 കോടിയുടെ നോട്ടുകൾ. തമിഴ്നാട് (2.8 കോടി), ഉത്തർ പ്രദേശ് (2.6 കോടി) എന്നീ സംസ്ഥാനങ്ങൾ 3, 4 സ്ഥാനത്തും. ഇതുവരെ 2000ത്തിന്റെ ഒരു കള്ളനോട്ട് പോലും പിടിച്ചെടുക്കാത്ത 3 സംസ്ഥാനങ്ങളുമുണ്ട്– ജാർഖണ്ഡ്, മേഘാലയ, സിക്കിം. കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 2000ത്തിന്റെ വ്യാജന്മാരെ പിടികൂടാനായിട്ടില്ല.

അതിനിടെ, 2000 രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് (ആർബിഐ) നിർത്തിയെന്നും കുറച്ചുകൊണ്ടു വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടനുസരിച്ച് 2016–17 സാമ്പത്തിക വർഷം ആർബിഐ 354.29 കോടി എണ്ണം 2000 രൂപ നോട്ടുകൾ അച്ചടിച്ചിരുന്നു. 2017–18ൽ ഇത് 11.15 കോടിയായി. 2018–19ൽ 4.66 കോടിയായും കുറഞ്ഞു. ഈ സാമ്പത്തിക വർഷം 2000 രൂപ നോട്ടുകളൊന്നും അച്ചിടിച്ചില്ലെന്നും ഇക്കഴിഞ്ഞ ഒക്ടോബറിൽ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Rs 2000 notes contributed 61 percent of the total fake currencies seized in 2018, up from 53 percent in 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com