ADVERTISEMENT

ശബരിമല∙ തീർഥാടനം പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രതിരുനട ചൊവ്വാഴ്ച രാവിലെ 6ന് അടയ്ക്കും. തിങ്കളാഴ്ച രാത്രി 9.30 വരെ അയ്യപ്പന്മാർക്ക് ദർശനം നടത്താം.
തീർഥാടന കാലത്തെ നെയ്യഭിഷേകം ഞായറാഴ്ച രാവിലെ 9.30ന് പൂർത്തിയാക്കി. പന്തളം കൊട്ടാരം വക നെയ്യഭിഷേകമാണ് അവസാനമായി നടന്നത്. തുടർന്ന് ശ്രീകോവിലും തിരുമുറ്റവും കഴുകിയാണ് കളഭാഭിഷേക ചടങ്ങിലേക്ക് കടന്നത്. കിഴക്കേ മണ്ഡപത്തിൽ കളഭം പൂജിച്ചു.

പന്തളം രാജപ്രതിനിധി ഉത്രംനാൾ പ്രദീപ് കുമാർ വർമ പരിവാര സമേതം എത്തി. തുടർന്ന് വാദ്യമേളങ്ങളോടെ കളഭം നിറച്ച ബ്രഹ്മകലശം ശ്രീകോവിലിലേക്ക് ആഘോഷമായി എത്തിച്ചു. ആയിരക്കണക്കിന് സ്വാമി ഭക്തർ ശരണം വിളിച്ച് ശബരീശനെ സ്തുതിച്ചു നിൽക്കെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. ഈ സമയം സന്നിധാനമാകെ ശരണംവിളി ഉയർന്നു.

അത്താഴ പൂജയ്ക്ക് ശേഷം മാളികപ്പുറത്തെ എഴുന്നള്ളത്ത് ആരംഭിച്ചു. തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടി, മുത്തുക്കുട, വാദ്യമേളങ്ങൾ, തീവെട്ടി എന്നിവയുടെ അകമ്പടിയോടെയാണ് നീങ്ങിയത്. കഴിഞ്ഞ നാല് ദിവസവും പതിനെട്ടാംപടി വരെയായിരുന്നു എഴുന്നള്ളത്ത്. ഞായറാഴ്ച ശരംകുത്തിയിലേക്കാണ് ദേവനെ എഴുന്നള്ളിച്ചത്. അവിടെ നായാട്ടുവിളിക്കു ശേഷം തിരിച്ച് എഴുന്നള്ളി.

തിങ്കളാഴ്ച വൈകിട്ട് 6 വരെ മാത്രമേ തീർഥാടകർക്ക് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പ്രവേശനം ഉള്ളു. അത്താഴപൂജയോടെ അയ്യപ്പന്മാരുടെ ദർശനം പൂർത്തിയാകും. തുടർന്ന് തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതി നടക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്ക് നട തുറക്കുമെങ്കിലും രാജപ്രതിനിധിക്കു മാത്രമേ ദർശനം ഉള്ളു. രാജപ്രതിനിധി എത്തുമ്പോൾ മേൽശാന്തി പോലും ശ്രീകോവിലിനുള്ളിൽ വശത്തേക്ക് ഒതുങ്ങി നിൽക്കും. രാജപ്രതിനിധി തൊഴുത് കഴിഞ്ഞ് ഹരിവരാസനം പാടി നട അടയ്ക്കും.

ദർശനം നടത്തി പനീർശെൽവം

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറി പടികയറി അയ്യപ്പ ദർശനം നടത്തി. തനി ഭക്തനായി കാവി കൈലി ഉടുത്ത് ഷർട്ട് ഇടാതെ തോളിൽ തോർത്തും ഇട്ട് ശിരസിൽ ഇരുമുടിക്കെട്ടുമായി മലകയറിയ ഉപമുഖ്യമന്ത്രിയെ പെട്ടെന്ന് ആർക്കും തിരിച്ചറിയാൻ പറ്റാത്ത വേഷമായിരുന്നു. പൊലീസ് ഒപ്പം എത്തിയതിനാലാണ് മറ്റ് തീർഥാടകർക്ക് തിരിച്ചറിയാൻ കഴിഞ്ഞതും.

പതിനെട്ടാംപടി കയറി എത്തിയപ്പോൾ ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ വി.എസ്.രാജേന്ദ്ര പ്രസാദ്, അസി. എക്സിക്യുട്ടിവ് ഓഫിസർ ജെ. ജയപ്രകാശ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവർ ചേർന്ന് സോപാനത്ത് എത്തിച്ച് ദർശനത്തിനുള്ള സൗകര്യം ഒരുക്കി. തീർഥാടന കാലത്തെ നെയ്യഭിഷേകം പൂർത്തിയാകുന്ന ദിവസമായതിനാൽ നല്ലതിരക്ക് ഉണ്ടായിരുന്നു.

English Summary: Sabarimala Shrine to be Closed on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com