ADVERTISEMENT

ജനീവ∙ ഒൻപതു വയസ്സുള്ള പെൺകുട്ടി വരെ ബലാത്സംഗം ചെയ്യപ്പെടുന്നു. പെൺകുട്ടികളെ  ബലംപ്രയോഗിച്ച് ലൈംഗിക അടിമകളാക്കി വിൽക്കുന്നു. ആൺകുട്ടികളെ ക്രൂരമായി മർദിക്കുന്നു, നിർബന്ധിച്ചു സൈനികപരിശീലനത്തിനിറക്കുന്നു. കുട്ടികളെ ഉപയോഗിച്ച് പൊതുജനമധ്യത്തിൽ കൊലപാതകങ്ങൾ നടത്തുന്നു. ഉന്നംതെറ്റാതെ വെടിവയ്ക്കുന്ന സ്നൈപർമാരുടെ ഇരകളാകുന്നവരിലും കുട്ടികളുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതും പതിവു സംഭവം!

യുദ്ധം കീറിമുറിച്ച സിറിയയിൽ കുട്ടികൾ എങ്ങനെയാണു ജീവിക്കുന്നത്? ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സിറിയയിൽ കുട്ടികൾ മാത്രം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ഇതാദ്യമായാണ് യുഎൻ അന്വേഷണം. 2011ൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ സിറിയയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെല്ലാം കമ്മിഷൻ ഓഫ് എൻക്വയറി ഫോർ സിറിയ എന്ന സംഘടനയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ടായിരുന്നു. 

യുദ്ധത്തിനിടയിൽ അകപ്പെട്ടു പോകുന്നുവെന്നു മാത്രം പറഞ്ഞു തള്ളിക്കളയാനാകില്ല കുട്ടികൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങളെയെന്നാണ് റിപ്പോർട്ട് വാദിക്കുന്നത്. അതിനും അപ്പുറത്തേക്കാണു കുട്ടികളോടുള്ള ക്രൂരത. ‘എട്ടു വർഷത്തെ യുദ്ധത്തിൽ സിറിയയിലെ കുട്ടികൾക്കു നേരെയുണ്ടായ അവകാശലംഘനങ്ങൾ ഒരുതരത്തിലും നീതികരിക്കാനാകാത്തതാണ്. അവർ കൊല്ലപ്പെടുന്നത് തുടരുന്നു, പരുക്കേൽക്കുന്നു, അംഗവൈകല്യം സംഭവിക്കുന്നു, അനാഥരാക്കപ്പെടുന്നു... യുദ്ധത്തിൽ ഏർപ്പെടുന്നവർ കാരണം മുറിവുകൾ ചുമക്കേണ്ടതിന്റെ ഗതികേട് കുട്ടികൾക്കാണ്’– റിപ്പോർട്ട് പറയുന്നു. 

Syria War Children Camp
സിറിയൻ യുദ്ധത്തെത്തുടർന്നു പലായനം ചെയ്യുന്ന കുട്ടികൾ (ഫയൽ ചിത്രം)

സിറിയയിലേക്ക് യുഎന്നിനു പ്രവേശന വിലക്കുണ്ട്. അതിനാൽത്തന്നെ സിറിയയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ കണക്കെടുക്കുന്നത് വർഷങ്ങൾക്കു മുൻപ് യുഎൻ നിർത്തിയിരുന്നു. എന്നാൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താൽ വിവരങ്ങൾ ശേഖരിക്കുന്നതു തുടർന്നു. ഏകദേശം 50 ലക്ഷം കുട്ടികളെങ്കിലും സ്വന്തം ജന്മസ്ഥലം വിട്ടു പലായനം ചെയ്തു. ‘യുദ്ധം ആ കുട്ടികളുടെ ബാല്യത്തെയാണു കവർന്നത്...’ റിപ്പോർട്ട് പറയുന്നു. വ്യോമാക്രമണങ്ങളിൽ സിറിയയിലെ പ്രധാന നഗരങ്ങളെല്ലാം തകർന്നുതരിപ്പണമായി. 

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അധികാരകാലത്ത് 9 വയസ്സുള്ള പെൺകുട്ടി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ലൈംഗിക അടിമകളാക്കി വിൽക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ഐഎസിന്റെ കാലത്തുതന്നെയാണ് ആൺകുട്ടികളെ വ്യാപകമായി സൈന്യത്തിലേക്കു നിർബന്ധിച്ചു ചേർത്തതും. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ തടയേണ്ട പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണകൂടം എല്ലാറ്റിനും നേരെ കണ്ണടച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിനെ പിന്തുണയ്ക്കുന്ന സൈന്യം തന്നെയാണ് കുട്ടികൾക്കു നേരെ സ്നൈപർ ആക്രമണം നടത്തുന്നത്. സ്കൂളുകളും ആശുപത്രികളും ലക്ഷ്യംവച്ചായിരുന്നു പലപ്പോഴും കൂട്ടത്തോടെയുള്ള ബോംബാക്രമണവും രാസായുധ പ്രയോഗവുമെല്ലാം. 

Syria War Children
അഭയാർഥികൾക്കായി ഇദ്‌ലിബിൽ തയാറാക്കിയ ക്യാംപിൽ നിന്നുള്ള ദൃശ്യം.

ചുറ്റിലുമുള്ള ഓക്സിജൻ വലിച്ചെടുത്തു പൊട്ടിത്തെറിക്കുന്ന തെര്‍മോബാറിക് ബോംബുകളും യാതൊരു ദാക്ഷിണ്യവുമില്ലാതെ സ്കൂളുകൾക്കും കുട്ടികൾക്കായുള്ള ആശുപത്രികൾക്കും നേരെ പ്രയോഗിക്കപ്പെട്ടു. 2011 സെപ്റ്റംബർ മുതൽ 2019 ഒക്ടോബർ വരെ നടന്ന സംഭവങ്ങളാണ് യുഎന്‍ റിപ്പോർട്ടിലുള്ളത്. ഇതിനിടയ്ക്ക് സിറിയയിലെ കുട്ടികളും യുദ്ധത്തിന് ഇരയായവരും രക്ഷപ്പെട്ടവരും ഡോക്ടർമാരും സൈനികരും ഉൾപ്പെടെയുള്ള അയ്യായിരത്തോളം പേരെ കണ്ടുസംസാരിച്ചാണ് മൂന്നംഗ അന്വേഷണ കമ്മിഷൻ യുഎൻ റിപ്പോർട്ട് തയാറാക്കിയത്.

യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും സിറിയൻ സർക്കാരിന്റെയും രാജ്യാന്തസമൂഹത്തിന്റെയും നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ മറ്റെല്ലാ റിപ്പോർട്ടുകളും പോലെ ഇതും സിറിയയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കില്ലെന്ന ആശങ്കയും അന്വേഷണ കമ്മിഷൻ പങ്കിടുന്നു.

English Summary: United Nations report lays out agonies faced by Syrian children amid war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com