ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം നിയന്ത്രിക്കുന്ന സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിക്ക് കാണാനായത് നേതാക്കളില്ലാത്ത വേദിയും ആളൊഴിഞ്ഞ സദസും. തിരുവനന്തപുരം നായനാര്‍ പാര്‍ക്കിലെ പരിപാടിക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.

വൈകിട്ട് അഞ്ചേ കാലോടെയാണ് സംഭവം. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം നിശ്ചയിച്ചിരുന്നത് അഞ്ചു മണിക്കായിരുന്നു. അഞ്ചു മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തുടര്‍ന്ന് ആറു മണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നാണ് നിശ്ചയിച്ചിരുന്നത്.

അഞ്ചുമണിക്കുള്ള പരിപാടിക്ക് 5.10 കഴിഞ്ഞ് മുഖ്യമന്ത്രി എത്തി. പക്ഷെ നായനാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നത് പൊലീസും മാധ്യമപ്രവര്‍ത്തകരും മാത്രം. പിന്നെ ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്ര സംഘവും. അഞ്ചേകാലിന് പോലും ശക്തിപ്രകടനം ആരംഭിച്ചിരുന്നില്ല. വേദിക്ക് അഭിമുഖമായി വാഹനം വന്ന് നിര്‍ത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി.

ആളുകള്‍ വന്നിട്ടില്ലെന്നും പ്രകടനം വരുന്നതേയുള്ളൂ എന്നും പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയെ സ്വീകരിക്കാനോ പ്രകടനം ഇപ്പോള്‍ എത്തുമെന്ന് പറയാനോ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഒരാളുപോലും ഉണ്ടായില്ല. ഇതോടെ ഡ്രൈവറോട് മുഖ്യമന്ത്രി പറഞ്ഞു; വണ്ടി തിരിക്കൂ. പാര്‍ക്ക് ചെയ്യാന്‍ പോയ പൈലറ്റ് വാഹനം ഫോര്‍ട്ട് എസി തിരിച്ചുവിളിച്ചു. മുഖ്യമന്ത്രി മടങ്ങി. എവിടെ നിന്നോ ഓടിയെത്തിയ രണ്ടു ഭാരവാഹികള്‍ വണ്ടിക്ക് പിന്നാലെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. സിപിഎം നേതാക്കള്‍ പലരും ഫോണി‍ല്‍ വിളിച്ചെങ്കിലും മുഖ്യമന്ത്രി ഫോണ്‍ എടുത്തുമില്ല.

English Summary: Chief Minister Pinarayi Vijayan leaves pro cpm organisation program venue seeing empty chairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com