ADVERTISEMENT

പാലക്കാട് ∙ അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലിൽ നാലു പ്രവർത്തകർ കെ‍ാല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട സംഘടനാതന്ത്രത്തെ ചെ‍ാല്ലി മാവേ‍ായിസ്റ്റ് കേരള ഘടകത്തിൽ അഭിപ്രായഭിന്നതയെന്നു റിപ്പോർട്ട്. സംഭവത്തിൽ സ്വീകരിക്കേണ്ട സംഘടനാ തന്ത്രത്തെക്കുറിച്ചു രണ്ടു മാസമായി നടക്കുന്ന ഉൾപ്പാർട്ടി ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചെന്നു മാത്രമല്ല രണ്ടു സംഘങ്ങളായി തിരിഞ്ഞാണു പുതിയ നീക്കങ്ങൾ. കണ്ണൂർ അമ്പായത്തേ‍ാടിലും വയനാട്ടിലെ മേപ്പാടിയിലും കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട പേ‍ാസ്റ്ററുകളും മുദ്രാവാക്യങ്ങളും ഈ ഭിന്നത വെളിപ്പെടുന്നു.

അട്ടപ്പാടിക്കു പകരം കനത്ത തിരിച്ചടി നൽകുമെന്നാണ് കണ്ണൂരിലെ പ്രതികരണമെങ്കിൽ ആദിവാസികൾക്കും തേ‍ാട്ടം തെ‍ാഴിലാളികൾക്കെതിരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് വയനാട്ടിൽ സംഘടന രംഗത്തുള്ളത്. മഞ്ചക്കണ്ടിയിൽ പെ‍ാലീസ് പ്രവർത്തകരെ വെടിവച്ചു കെ‍ാന്നതിന് ഏതുവിധേനയും കനത്ത തിരിച്ചടി നൽകണമെന്നു സേ‍ാമന്റെ നേതൃത്വത്തിലുള്ളവർ വാദിക്കുമ്പേ‍ാൾ സഹതാപം മുതലെടുത്ത് ജനസ്വാധീനം ഉറപ്പിക്കുകയാണ് വേണ്ടതെന്നാണു വിക്രംഗൗഡയുടെ നേതൃത്വലുള്ളവരുടെ നിലപാട്.

രണ്ടാമത്തെ വിഭാഗത്തിനാണ് സംഘടനയിൽ മേൽക്കൈ എങ്കിലും പ്രാദേശിക സ്വാധീനം കൂടുതലുള്ളതിനാൽ പ്രചരണത്തിൽ എതിർപക്ഷമാണ് മുൻപിൽ. ഭിന്നത മറ്റുതലങ്ങളിലേക്ക് വ്യാപിക്കുമേ‍ാ എന്ന ആശങ്കയും മുൻനിര സംഘടനകൾക്കിടയിലുണ്ട്. പെ‍ാലീസ് വെടിവയ്പിൽ മുതിർന്ന നേതാവ് മണിവാസകം അടക്കം നാലു പേർ കൊല്ലപ്പെട്ടതിന്റെ മൂന്നാംദിവസം സംസ്ഥാന ഘടകത്തെ രൂക്ഷമായി വിമർശിച്ചായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ സന്ദേശം. സംസ്ഥാന ഘടകത്തിന്റെ ദൗർബല്യം ചൂണ്ടിക്കാട്ടിയുള്ള കത്തിൽ കനത്ത തിരിച്ചടി നൽകാനും ആഹ്വാനം ചെയ്തു.

എന്നാൽ ഡിസംബർ ആദ്യം ചേർന്ന മാവേ‍ായിസ്റ്റ് കേന്ദ്രകമ്മിറ്റി ജനകീയ സംഭവങ്ങൾ ഏറ്റെടുത്തുകെ‍‍ാണ്ട് തിരിച്ചടി നൽകണമെന്ന ധാരണയിലെത്തി. സഹതാപ തരംഗത്തിൽ പെ‍ാതുപ്രശ്നങ്ങൾ ഉയർത്തികെ‍ാണ്ടുവരാനും നിർദ്ദേശിച്ചു. തിരിച്ചടിയെന്ന ലക്ഷ്യത്തേ‍ാടെ നവംബർ ആദ്യം മുതൽ മുതൽ അട്ടപ്പാടി സ്വർണഗദ്ദ ഊരു കേന്ദ്രീകരിച്ചു നടത്തിയ ചില നീക്കങ്ങൾ ഇതേ‍ാടെ ഉപേക്ഷിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും സ്ഥലത്തെത്തിയതേ‍ാടെ സ്ഥലം പെ‍ാലീസിന്റെ നിരീക്ഷണത്തിലുമായി.

സംസ്ഥാനത്ത് മാവേ‍ായിസ്റ്റ് സാന്നിധ്യം പ്രകടമായ ആദ്യഘട്ടത്തിൽ ആദിവാസി വിഷയം ഏറ്റെടുത്തുള്ള അവരുടെ നീക്കം പെ‍ാലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തേ‍ാടെ നടത്തിയ ക്യാംപെയ്നിൽ പരാജയപ്പെട്ടു. ഉത്തരമേഖല മുൻ എ‍ഡിജിപി എൻ.ശങ്കർറെഡ്ഢിയുടെ നേതൃത്വത്തിലുളള നടപടികൾ വലിയ വിജയമായി. കേരളത്തിൽ ആദിവാസികൾക്കിടയിൽ സ്വാധീനമുറപ്പിക്കുന്നതിൽ പേ‍ാലും പരാജയപ്പെട്ടതായും സംഘടന വിലയിരുത്തുന്നുവെന്നാണ് വിവരം.

English Summary: Divide within maoists over reply to moist killings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com