ADVERTISEMENT

മെക്സിക്കോ സിറ്റി∙ ജീവപര്യന്തം ശിക്ഷ വിധിച്ച് യുഎസിലെ മാൻഹാട്ടനിലെ ജയിലിൽ പാർപ്പിച്ച മെക്സിക്കൻ ലഹരിമാഫിയ തലവൻ ജോക്വിൻ ഗുസ്മാന്റെ വലംകൈ ഹൊസെ സാഞ്ചെസ് വില്ലാലോബോസിനെ ഒടുവിൽ യുഎസിനു കൈമാറാൻ മെക്സിക്കോയുടെ തീരുമാനം. ഭൂഗർഭ തുരങ്കങ്ങളിൽ അധിവസിക്കുന്ന അധോലോക നായകൻ എന്നായിരുന്നു സിനലോവ കാർട്ടൽ എന്ന കൊടുംമാഫിയ സംഘത്തിന്റെ നെടുംതൂണായ ജോക്വിൻ ഗുസ്മാനു രാജ്യാന്തര മാധ്യമങ്ങൾ നൽകിയ വിശേഷണം. ഹൊസെ സാഞ്ചെസ് വില്ലാലോബോസിനു ‘ഭൂഗർഭ തുരങ്കങ്ങളുടെ തമ്പുരാൻ’ എന്ന പേരിലാണ് കുപ്രസിദ്ധി.

കിലോമീറ്റർ നീളുന്ന തുരങ്കം, ഗുസ്മാന്റെ വലംകൈ

joaquin-gusman-mexico
വാക്വീൻ ഗുസ്മാൻ

കിലോമീറ്ററുകൾ നീളമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള സിനലോവ കാർട്ടലിന്റെ ഭൂഗർഭ തുരങ്കങ്ങളുടെ ശിൽപ്പിയും അമരക്കാരനും ഹൊസെ സാഞ്ചെസ് വില്ലാലോബോസ് ആണ്. എട്ടു വർഷം നീണ്ട വിലപേശലിനും അഭ്യർത്ഥനയ്ക്കും ശേഷമാണു വില്ലാലോബോസ് എന്ന കൊടുംകുറ്റവാളിയെ വിചാരണയ്ക്കായി യുഎസിന് കൈമാറാൻ മെക്സിക്കോ തീരുമാനിച്ചത് എന്നതിൽ വെളിപ്പെടുന്നത് വില്ലാലോബോസിന്റെ മാഫിയപ്പെരുമ കൂടിയാണ്.

മൂന്നാംക്ലാസ്സിൽ പഠനം നിർത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന ജോക്വിൻ ഗുസ്മാൻ എന്ന ബാലൻ മെക്സിക്കോയിലെ ലഹരിക്കടത്തു സംഘത്തിന്റെ തലവനായപ്പോൾ നിഴൽപോലെ ഒപ്പം ഹൊസെ സാഞ്ചെസും ഉണ്ടായിരുന്നു. മെക്സിക്കോ–യുഎസ് അതിർത്തിയിൽ കിലോമീറ്ററുകൾ നീളമുള്ള തുരങ്കങ്ങൾ നിർമിച്ച് ടൺകണക്കിന് ലഹരി യുഎസിലേക്കു കടത്തുന്ന തന്ത്രം ആദ്യം രൂപകൽപ്പന ചെയ്തതും നടപ്പിലാക്കിയതും സാഞ്ചെസ് ആയിരുന്നു.

2012 ൽ സാഞ്ചെസ് പിടിയിലായിട്ടും സിനലാവോ കാർട്ടൽ ആ തന്ത്രം കൈവിട്ടുകളഞ്ഞില്ല. മെക്സിക്കോ– യുഎസ് അതിർത്തിയിൽ സാഞ്ചെസ് 2010 ൽ നിർമിച്ച 1,836 അടി നീളമുള്ള ഗുഹയിൽ നിന്ന് 16,034 കിലോഗ്രാംകഞ്ചാവും 2011 ൽ നിർമിച്ച 1,800 അടി നീളമുള്ള ഗുഹയിൽ നിന്ന് 23,171 കിലോഗ്രാം കഞ്ചാവും കണ്ടെത്തിയ സംഭവത്തിലാണ് ഇപ്പോൾ സാഞ്ചെസിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനും യുഎസ് ജയിലിൽ അഴിയെണ്ണാൻ സാഞ്ചെസിന് ഈ കുറ്റം മാത്രം മതിയെന്നാണ് വിലയിരുത്തൽ.

ലഹരി മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രവർത്തനങ്ങളുടെ ആദ്യചുവടുവയ്പായി സാഞ്ചെസിന്റെ കൈമാറ്റത്തെ കാണുന്നവരുണ്ട്. 1993ൽ ഗ്വാട്ടിമാലയിൽനിന്നാണ് സിനലോവ കാർട്ടലെന്ന കൊടുംമാഫിയ സംഘത്തിന്റെ നെടുംതൂണായ ജോക്വിൻ ഗുസ്മാൻ പിടിയിലാകുന്നത്. എട്ടു വർഷം തടവിൽ കഴിഞ്ഞശേഷം 2001ൽ ആദ്യമായി തടവുചാടി.

ഗുസ്മാൻ, ജയിൽചാട്ടത്തിന്റെയും തമ്പുരാൻ

emma-coronel-aispuro-ovidio-guzman-lopez
വാക്വീൻ ഗുസ്മാന്റെ നാലാം ഭാര്യ എമ്മ കോർണൽ, (ഇടത്), ഒവിഡിയോ ഗുസ്‌മാൻ

ജയിൽപ്പുള്ളികളുടെ അലക്കുതുണിക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള ഗുസ്മാൻ രക്ഷപ്പെട്ടത്. അന്ന് ഒത്താശ ചെയ്ത് നൽകിയ മാഫിയ കൂട്ടാളികളിൽ സാഞ്ചെസും ഉണ്ടായിരുന്നു. രണ്ടാം വട്ടം മാസങ്ങളുടെ പ്രയത്നത്തിനൊടുവിൽ ഒന്നര കിലോമീറ്റർ നീളമുള്ള തുരങ്കം തയാറാക്കി അതിലൂടെയായിരുന്നു അനുയായികൾ ഗുസ്മാനെ ജയിൽ കടത്തിയത്. ഗുസ്മാനു യാത്രചെയ്യാൻ തുരങ്കത്തിലെ പാളങ്ങളിലൂടെ ഓടുന്ന പ്രത്യേക മോട്ടർ സൈക്കിളും തയാറാക്കി വച്ചിരുന്നു.

ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മാത്രം മതി സിനലാവോ കാർട്ടൽ എന്ന കുപ്രസിദ്ധ മാഫിയ സംഘവും ‘കുള്ളൻ’ എന്ന പേരിൽ ലോകം പരിഹസിച്ച ജോക്വിൻ ഗുസ്മാനും ആരാണ് എന്ന് മനസ്സിലാക്കാൻ.

പ്രസിഡന്റ് പദവി ഒഴിയുന്ന ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തിൽ പുലരാനുള്ള പ്രതീകാത്മക നീക്കമായാണ് ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കാനുള്ള മെക്സിക്കോ പ്രസിഡന്റ് എൻറീക് പെന നിയെറ്റോയുടെ നീക്കം വിലയിരുത്തപ്പെട്ടത്.

ജയിൽചാട്ടം പതിവായതോടെയാണ് എൻറീക് പെന നിയെറ്റോ ആ തീരുമാനത്തിൽ എത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുസ്മാൻ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാർക്കു വൻ തിരിച്ചടിയാണു നൽകിയത്.

എന്നാല്‍ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെയും കണക്കുകൂട്ടലുകളെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു ഹൊസെ സാഞ്ചെസ് വില്ലാലോബോസ്, ക്ലോഡിയ ഓച്ചോവ ഫെലിക്സ്, എൽ ചാവോ ഫെലിക്സ് തുടങ്ങിയവരുടെ ഇടപെടലുകൾ.

ഗുസ്മാന്റെ അഭാവത്തിൽ സിനലോവ കാർട്ടലിനെയും സിനലോവ കാർട്ടലിന്റെ ബി ടീമായ ലോസ് ആന്ത്രാക്സിനെയും ഏകോപിപ്പിക്കുന്നതിൽ പ്രധാനപങ്ക് ഹൊസെ സാഞ്ചെസ് വില്ലാലോബോസിനുണ്ടായിരുന്നു. പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരികടത്തു ഗ്രാമങ്ങളിൽ സിനലോവ കാർട്ടൽ കമ്പനിയുടെ സിഎസ്ആർ പരിപാടികൾ മുഖേന വികസന പ്രവർത്തനങ്ങൾ നടത്തിയും പ്രദേശവാസികളുടെ പിന്തുണ നേടാൻ ഗുസ്മാനെ സഹായിച്ചിരുന്നവരിൽ പ്രമുഖനായിരുന്നു സാഞ്ചെസ്.

culiacan-mexico
കൂലിയകാൻ നഗരത്തിൽ സിനലോവ കാർട്ടലിന്റെ കൂലിപട്ടാളം നടത്തിയ ആക്രമണം

ഗുസ്മാന്റെ മകനും മോശമല്ല 

സാഞ്ചെസിന്റെ വിചാരണ മെക്സിക്കോയിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്‌മാൻ ലോപ്പസിനെ ഒക്ടോബർ 2019‌ൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് സിനലോവ കാർട്ടൽ ഇറക്കിക്കൊണ്ടു പോയത് വൻനാണക്കേടാണ് യുഎസിനും മെക്സിക്കോയ്ക്കും സമ്മാനിച്ചത്.

കൊലക്കളമായി മാറിയ കുലിയകാൻ ശാന്തമാക്കാൻ 400 ഓളം പട്ടാളക്കാരെ നിയോഗിച്ചിട്ടും സ്ഥിതിഗതികളിൽ മാറ്റമുണ്ടായതുമില്ല. ഗുസ്മാന്റെ സാമ്രാജ്യം തകര്‍ക്കാന്‍ മെക്‌സിക്കന്‍ പൊലീസും ഭരണകൂടവും നടത്തിയ അവസാനശ്രമവും തിരിച്ചടിച്ച കാഴ്ചയായിരുന്നു ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്‌മാനെ മോചിപ്പിച്ചതിലൂടെ വെളിപ്പെട്ടതും.

വടക്കു പടിഞ്ഞാറൻ മെക്സിക്കോയിലെ കുലിയകാൻ നഗരം അക്ഷരാർഥത്തിൽ അന്നു നിന്നു കത്തി. മെക്സിക്കോയുടെ പൊലീസും സൈന്യവും നിസ്സഹായരായി നിൽക്കെ, ഗുസ്മാന്റെ ലഹരി മാഫിയാ സംഘം സിനലാവോ കാർട്ടൽ എന്ന കൂലിപ്പട്ടാളം നഗരത്തിലങ്ങോളമിങ്ങോളം യന്ത്രതോക്കുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ പാഞ്ഞുനടന്ന് തുരുതുരാ നിറയൊഴിച്ചു, പൊലീസ് വണ്ടികളടക്കം കത്തിച്ചു. പൊലീസ് പോസ്റ്റുകൾ ആക്രമിക്കുകയും ഗതാഗത സ്തംഭനം സൃഷ്ടിക്കുകയും ചെയ്തു.

ഒടുവിൽ അക്രമം നിർത്താൻ പൊലീസിന് ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്‌മാൻ ലോപ്പസിനെ കസ്റ്റഡിയിൽനിന്നു മോചിപ്പിക്കേണ്ടിവന്നു. നേതാവ് ഗുസ്മാൻ അമേരിക്കയിലെ മാൻഹാറ്റനിലെ ജയിലിലാണെങ്കിലും സിനലാവോ കാർട്ടലിനെ തളയ്ക്കാൻ മെക്സിക്കൻ സർക്കാരിന്റെ ആവനാഴിയിൽ അമ്പുകളില്ലെന്നു വീണ്ടും തെളിഞ്ഞു.

ലഹരിമരുന്ന്‌ മാഫിയയെ അമര്‍ച്ച ചെയ്യുമെന്ന വാഗ്‌ദാനവുമായി അധികാരത്തിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അടുപ്പക്കാരനായ ഇടത് സഹയാത്രികൻ കൂടിയായ ആൻഡ്രൂസ് മാനുവൽ ലോപസ് ഒബ്രഡോറിന് ഇതു കനത്ത തിരിച്ചടിയായി.

യുഎസ് സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക തോക്കുകളും യന്ത്രതോക്കുകളും ഉപയോഗിച്ചാണ് സിനലോവ കാർട്ടൽ സൈന്യത്തിനു നേരേ തിരിച്ചടിച്ചതെന്ന് സർക്കാർ തുറന്നു സമ്മതിച്ചു. കാലഹരണപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കുന്ന മെക്സിക്കൻ പൊലീസിനും സുരക്ഷാസേനയ്ക്കും പറ്റിയ എതിരാളികളല്ല സിനലാവോ കാർട്ടൽ എന്ന് വൈകാതെ മനസ്സിലായി.

സുരക്ഷാസേനാംഗങ്ങളെ തോക്കിൻമുനയിൽ നിർത്തി ഒവിഡിയയെ ഇറക്കികൊണ്ടുപോയതു വഴി, പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപസ് ഓബ്രഡോർ അല്ല സിനലാവോ കാർട്ടലും ഒവിഡിയോ ഗുസ്മാനുമാണ് മെക്സിക്കോയുടെ ഭരണം കയ്യാളുന്നതെന്ന സത്യം ലോകം അറിയുകയും ചെയ്തു.

ഇത്തവണ കാര്യങ്ങൾ സിനലാവോ കാർട്ടലിന് അനുകൂലമാകില്ലെന്നും വില്ലാലോബോസിനെ സുരക്ഷിതമായി യുഎസിനു കൈമാറുകയും വിചാരണയ്ക്ക് ശേഷം ഉചിതമായ ശിക്ഷ ഉറപ്പു വരുത്തുകയും ചെയ്യുമെന്നു മെക്സിക്കൻ അധികൃതർ ഉറപ്പു പറയുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ വൻസുരക്ഷയാണ് മെക്സിക്കോയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

English Summary: El Chapo's ‘Lord of the Tunnels’ who designed secret underground passageways to transport drugs across the U.S. border is extradited from Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com