ADVERTISEMENT

മീററ്റ് ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജെഎൻയു, ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികൾക്കെതിരെ ‘ഭീഷണി’യുമായി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. പ്രക്ഷോഭകർക്കു വേണ്ട ‘ശരിയായ ചികിത്സ’ തനിക്ക് അറിയാമെന്നു പറഞ്ഞ സഞ്ജീവ്, പടിഞ്ഞാറൻ യുപിയിൽ നിന്നുള്ളവർക്കായി സർവകലാശാലകളിൽ 10% സീറ്റുകൾ സംവരണം നൽകിയാൽ തീരാവുന്ന പ്രശ്നമെയുള്ളുവെന്നും വ്യക്തമാക്കി. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന റാലിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

‘ഞാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ജിയോട് അഭ്യർഥിക്കുന്നു, ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ജെഎൻയുവിലെയും ജാമിയ മില്ലിയയിലെയും ആളുകൾക്ക് ഒരു ചികിത്സ മാത്രമേയുള്ളൂ, സർവകലാശാലകളിൽ പടിഞ്ഞാറൻ യുപിയിൽ നിന്നുള്ളവർ 10% സംവരണം നൽകുക. അപ്പോൾ എല്ലാവരും ശരിയാകും, മറ്റൊന്നും ആവശ്യമില്ല.’ – സഞ്ജീവ് ബല്യാൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളുടെ തോത് ഏറ്റവും കൂടുതലുള്ള പ്രദേശമാണ് പടിഞ്ഞാറൻ യുപി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജെഎന്‍യു, ജാമിയ മില്ലിയ സര്‍വകലാശാലകളിലെ വിദ്യാർഥികളായിരുന്നു. ഡിസംബറിൽ ജാമിയ മില്ലിയയിലെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിനു പിന്നാലെയാണ് സിഎഎ പ്രതിഷേധങ്ങൾക്കു ചൂടുപിടിച്ചത്. ഈ മാസം ആദ്യം ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഐഷി ഘോഷ് ഉൾപ്പെടെയുള്ളവർക്കു നേരേയുണ്ടായ മുഖംമൂടി ആക്രമത്തിനു പിന്നിൽ എബിവിപിയാണെന്നും ആരോപണം ഉയർന്നിരുന്നു.

വിവാദ പ്രസ്താനകൾ കൊണ്ടു ശ്രദ്ധനേടാറുള്ള സഞ്ജീവ് ബല്യാൻ കഴിഞ്ഞ മാസം, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ മദ്രസ വിദ്യാർഥികൾക്കു പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. അറുപതിലധികം പേർ മരിച്ച 2013ലെ മുസാഫർനഗർ ലഹളക്കേസിലും സഞ്ജീവ് പ്രതിചേർക്കപ്പെട്ടിരുന്നു. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മുസാഫർനഗർ മണ്ഡലത്തിൽ നിന്നു തന്നെയാണ് സഞ്ജീവ് ബല്യാൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ മോദി സർക്കാരിലും സഞ്ജീവ് മന്ത്രിയായിരുന്നു.

English Summary: "Only One Cure For Them": Minister's 'Threat' To Jamia, JNU Protesters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com