ADVERTISEMENT

കൊച്ചി ∙ റെയിൽവേ മെക്കാനിക്കൽ, നിർമാണ വിഭാഗങ്ങളുടെ തർക്കം മൂലം കേരളത്തിനു പുതിയ ട്രെയിനുകൾ ലഭിക്കാനുളള സാധ്യത മങ്ങുന്നു. എറണാകുളത്തെ നിർമാണം പൂർത്തിയായ, ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുളള മൂന്നാം പിറ്റ്‌ലൈൻ കമ്മിഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണു കേരളത്തെ ദോഷകരമായി ബാധിക്കുന്നത്. പി‌റ്റ്‌ലൈൻ നിർമാണം പൂർത്തിയായി ഒരു മാസം കഴിഞ്ഞിട്ടും കമ്മിഷൻ ചെയ്തിട്ടില്ല. കേരളത്തിൽ മതിയായ അറ്റകുറ്റപ്പണി സൗകര്യങ്ങളില്ലാത്തതിനാൽ ട്രെയിൻ അനുവദിക്കാൻ കഴിയില്ലെന്നു റെയിൽവേ ബോർഡ് ആവർത്തിക്കുന്നതിനിടയിലാണു 2010ൽ അനുമതി ലഭിച്ച പിറ്റ്‌ലൈൻ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാസം പൂർത്തിയാക്കിയത്.

പിറ്റ്‌ലൈനു സമീപം ജീവനക്കാർക്കു നടക്കാനുളള ക്യാറ്റ് വോക്കിനെ (ഉയരം കൂടിയ കോൺക്രീറ്റ് ഡെക്ട്) ചൊല്ലിയാണു മെക്കാനിക്കൽ വിഭാഗം പിറ്റ്‌ലൈൻ തുറക്കാൻ തടസ്സം നിൽക്കുന്നത്. പുതിയ പിറ്റിന്റെ ഇടതു വശത്തു പകുതി ദൂരമേ ക്യാറ്റ് വോക്കുളളു. പണമില്ലാത്തതിനാൽ ഇത് പൂർ‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം വലതു വശത്തു പൂർണ്ണമായും ക്യാറ്റ് വോക്കുണ്ട്. ഇതേ യാഡിൽ ഒരു വശത്തു മാത്രം ക്യാറ്റ് വോക്കുളള ഒന്നാം പിറ്റ്‌ലൈൻ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം സെൻട്രലിൽ 5 പിറ്റ്‌ലൈനുകളിൽ ഒന്നിൽ മാത്രമാണു ക്യാറ്റ് വോക്കുളളത്. അവിടെയെങ്ങുമില്ലാത്ത അനാവശ്യമായ തടസ്സമാണ് എറണാകുളത്തെ പുതിയ പിറ്റ്‌‍ലൈനിന്റെ കാര്യത്തിൽ മെക്കാനിക്കൽ വിഭാഗം ഉന്നയിക്കുന്നതെന്നാണ് ആക്ഷേപം.

ഒരു പിറ്റ്‌ലൈനിൽ ഏറ്റവും കുറഞ്ഞത് 8 (2 റേക്കുകൾ വീതം) പുതിയ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ കഴി‍യും. പുതിയ ട്രെയിനുകൾ തീരുമാനിക്കാനുളള ഇന്റർ റെയിൽവേ ടൈംടേബിൾ കോൺഫറൻസ് ഫെബ്രുവരി 26 മുതൽ 28 വരെ ബെംഗളുരൂവിൽ നടക്കാനിരിക്കെ പിറ്റ്‌ലൈൻ കമ്മിഷൻ െചയ്യാത്തതു കേരളത്തിന് തിരിച്ചടിയാകും. എറണാകുളത്തുനിന്നു പുതിയ സർവീസുകളൊന്നും ശുപാർശ ചെയ്യാൻ കഴിയില്ല. ക്യാറ്റ് വോക്കിനു ബദൽ ക്രമീകരണം ഏർപ്പെടുത്താൻ തങ്ങൾ തയാറാണെന്നും പിറ്റ്‍ലൈൻ ഉപയോഗിക്കാൻ മറ്റു തടസ്സങ്ങളില്ലെന്നും നിർമാണ വിഭാഗം ആവർത്തിക്കുന്നു. കരാർ വിളിച്ചു ജീവനക്കാരെ നിയോഗിക്കേണ്ട പണി മാത്രമേ ഇനി മെക്കാനിക്കൽ വിഭാഗത്തിനുളളു. പിറ്റ് തീർക്കാൻ മൂന്നരക്കോടി രൂപ വാങ്ങിച്ചെടുത്തതിന്റെ പ്രയാസം നിർമാണ വിഭാഗത്തിനേ അറിയൂ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇടപെട്ടാണു 4 മാസം മുൻപു പണം ലഭ്യമാക്കിയത്.

എറണാകുളത്തുനിന്നു മുംബൈ, ബെംഗളൂരു, സേലം റൂട്ടുകളിൽ പുതിയ പ്രതിദിന ട്രെയിനുകൾ, 2018ൽ പ്രഖ്യാപിച്ച എറണാകുളം രാമേശ്വരം ബൈവീക്ക്‌ലി, പാലക്കാട് പൊളളാച്ചി വഴി പുതിയ വേളാങ്കണ്ണി സർവീസ്, പോണ്ടിച്ചേരി വീക്ക്‌ലി എന്നീ ആവശ്യങ്ങൾ യാഥാർഥ്യമാകണമെങ്കിൽ പിറ്റ്‌ലൈൻ തുറക്കണം. എന്നാൽ സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്ന പണിയാണു റെയിൽവേയിലെ ചില ഉദ്യോഗസ്ഥർ നടത്തുതെന്നാണ് ആക്ഷേപം. സംഭവത്തിൽ അടിയന്തരമായി എംപിമാർ ഇടപെടണമെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം, ഒാൾ കേരള ട്രെയിൻ യൂസേഴ്സ് അസോസിയേഷൻ, തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.

English Summary: Extra-trains-for-kerala-will-slow-up-due-to-spat-beetween-railway-departments 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com