ADVERTISEMENT

ന്യൂഡൽഹി∙ 130 കോടി ഇന്ത്യക്കാർക്കു സമ്പത്തുണ്ടാക്കാനുള്ള വഴികളിൽ ശ്രദ്ധയൂന്നിയ സാമ്പത്തിക സർവേയാണ് ഇത്തവണ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ സംരംഭങ്ങൾ, കയറ്റുമതി, സംരംഭങ്ങൾ എളുപ്പം ആരംഭിക്കാനുള്ള സഹായംനൽകൽ തുടങ്ങിയവയിലൂടെ 2025ൽ അഞ്ചു ട്രില്യൻ ഡോളർ എന്ന സ്വപ്ന സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിച്ചേരാനാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷേ 2019–20 വർഷത്തെ സാമ്പത്തിക സർവേയിലെ കണക്കുകൾതന്നെ വ്യക്തമാക്കുന്നത് ഈ ലക്ഷ്യം നിറവേറുന്നതിന് ഏറെ പാടുപെടേണ്ടി വരുമെന്നാണ്.

6.8 ശതമാനമായിരുന്നു 2018–19ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലെ (ജിഡിപി) വളർച്ച. 2019–20ൽ അതു മെച്ചപ്പെട്ട് 7 ശതമാനമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സാമ്പത്തിക സർവേ കണക്കു വന്നപ്പോള്‍ നടപ്പു സാമ്പത്തിക വർഷത്തിലെ വളർച്ചാനിരക്ക് 5 ശതമാനമായി. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

അടുത്ത സാമ്പത്തിക വർഷം ആറു മുതൽ ആറര ശതമാനം വരെ ജിഡിപി വളർച്ച ഉണ്ടാവുമെന്നും സർവേ കണക്കുകൂട്ടുന്നു. പക്ഷേ വലിയ നിയന്ത്രണങ്ങളും അതോടൊപ്പം വിട്ടുവീഴ്ചകളും വേണം മോദി സ്വപ്നം കാണുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ എത്തണമെങ്കിലെന്നു സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.

രാജ്യത്തിനു സമ്പത്തും തൊഴിലും നൽകുന്ന വ്യവസായികളെ ‘ബഹുമാനിക്കേണ്ടതുണ്ടെന്നും’ 2020–21ലെ ബജറ്റ് പുറത്തിറക്കുന്നതിനു തൊട്ടുമുൻപായി പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ വച്ച സർവേയിൽ വ്യക്തമാക്കുന്നു. ‘സമ്പത്ത് സൃഷ്ടിക്കുക’ എന്നതിലൂന്നിയായിരുന്നു ഇത്തവണത്തെ സാമ്പത്തിക സർവേയെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വി. സുബ്രഹ്മണ്യം വ്യക്തമാക്കി.

സമ്പത്തുണ്ടെങ്കിലേ അതു വിതരണം ചെയ്യാനാകൂവെന്ന കാര്യം മനസ്സിലുണ്ടാകണം. ഇന്ത്യയ്ക്ക് സമ്പത്തുണ്ടാക്കിത്തരുന്നവരെ ബഹുമാനമില്ലാതെയും സംശയദൃഷ്ടിയോടെയും കാണുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2008–09 ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു പിന്നാലെ അതിരൂക്ഷമായ പ്രശ്നങ്ങളാണു രാജ്യം നേരിടുന്നത്. തൊഴിൽ സൃഷ്ടിക്കുന്നതിലും അതു തിരിച്ചടിയായി. ഈ സാഹചര്യത്തിലാണു സമ്പത്തും തൊഴിലും സൃഷ്ടിക്കുന്ന സംരംഭകരെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സർവേയിൽ എടുത്തുപറഞ്ഞത്.

മോദിയുടെ 5 ട്രില്യൻ ഡോളർ സ്വപ്നത്തിലേക്കെത്താൻ ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. സമ്പദ്‌വ്യവസ്ഥയിന്മേലുള്ള വിശ്വാസം വർധിപ്പിക്കണമെന്നതാണ് അതിൽ പ്രധാനം. വിപണിയെ ശക്തിപ്പെടുത്തണം, സംരംഭകർക്കു സഹായകരങ്ങളായ നയങ്ങൾ രൂപപ്പെടുത്തണം, കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടിയുണ്ടാകണം– സർവേ നിർദേശിക്കുന്നു.

സംരംഭം എളുപ്പത്തിൽ ആരംഭിക്കാനും വസ്തു റജിസ്റ്റർ ചെയ്യാനും നികുതിയടയ്ക്കാനും തർക്കപരിഹാരത്തിനും ഉൾപ്പെടെ സൗകര്യങ്ങളൊരുക്കണം. കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ബിസിനസ് ആരംഭിക്കാനുമെല്ലാം നേരിടുന്ന ‘ചുവപ്പുനാട’ പ്രശ്നങ്ങൾ ഇനിയും ഏറെ പരിഹരിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട മേഖലകളിൽ പരിഷ്കാരങ്ങളുണ്ടാകണം. ‘ലോകത്തിന് ഉപയോഗിക്കാൻ ഇന്ത്യയിൽ അംസംബ്ള്‍’ ചെയ്യൂ എന്ന ആശയം മുൻനിർത്തിവേണം നിർമാണമേഖലയിൽ ഉത്തേജനം കൊണ്ടുവരേണ്ടത്. മെയ്ക് ഇൻ ഇന്ത്യയെ അനുസ്മരിപ്പിക്കുന്ന ഈ നയമാണ് നിക്ഷേപം ലക്ഷ്യമിട്ട് ഇനി ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.

അടിസ്ഥാനസൗകര്യ വികസനത്തിൽ 1.4 ലക്ഷം കോടി ഡോളറെങ്കിലും ചെലവിട്ടാൽ മാത്രമേ ഇപ്പോഴത്തേതിന് ഇരട്ടിയായി 5 ട്രില്യൻ ഡോളറെന്ന ലക്ഷ്യത്തിലേക്ക് എത്താനാകൂ എന്നും സർവേ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിലക്കയറ്റം വർധിക്കുകയും നിക്ഷേപം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ലക്ഷ്യത്തിലേക്കെത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നു വിശ്വസിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. ലക്ഷ്യത്തിലെത്തിയാൽത്തന്നെ വളരെ സാവധാനമായിരിക്കുമെന്നും നിരീക്ഷകർ പറയുന്നു.

2020–21 ആകുമ്പോഴേക്കും സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചുവരണമെങ്കിൽ അതിശക്തമായ പരിഷ്കരണ നടപടികളുമായി സർക്കാർതലത്തിൽ ഇടപെടലുണ്ടാകണം. ധനകമ്മി കുറച്ചുകൊണ്ടുവരികയെന്നതാണ് നിലവിൽ കേന്ദ്രം നേരിടുന്ന പ്രധാന പ്രശ്നം. സർക്കാരിന്റെ ചെലവ് വരുമാനത്തേക്കാൾ കൂടുതലാകുന്നതാണു ധനകമ്മി. സർക്കാരിന്റെ മൊത്തം ചെലവും വായ്‌പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള വ്യത്യാസമാണിത്. എന്നാൽ ധനക്കമ്മി കുറയ്ക്കുന്നതിന് ചെറുതല്ലാത്ത ബുദ്ധിമുട്ടും കേന്ദ്രം നേരിടുന്നുണ്ട്. വരുമാനം കുറഞ്ഞതും നിക്ഷേപമേഖലയ്ക്ക് ഉത്തേജനം പകരാൻ നികുതിനിരക്കുകൾ കുറച്ചതുമാണ് ഇതിനു കാരണമായി പറയുന്നത്.

എന്നാൽ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും ധനകമ്മിയിന്മേൽ കടുംപിടിത്തം വേണ്ടെന്നുമാണ് ഇതുസംബന്ധിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം. ‘ഇത്തരമൊരു ഘട്ടത്തിൽ ചെലവുചുരുക്കൽ നല്ല നടപടിയായി തോന്നുന്നില്ല. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ വളർച്ചയാണു കണക്കിലെടുക്കേണ്ടത്’– അദ്ദേഹം കൂട്ടിച്ചേർത്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളിന്മേൽ ശ്രദ്ധകേന്ദ്രീകരിച്ച്, നിക്ഷേപം നടത്തി വളർച്ച കൈവരിക്കാമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

English Summary: Indian Economic Survey focuses on wealth creation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com