മോദി സർക്കാരിനെത്ര വരുമാനം? ഏത്ര രൂപ ചെലവാക്കുന്നു? അറിയാം ബജറ്റ് ഗ്രാഫിക്‌സിൽ

SHARE

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനു ലഭിക്കുന്ന വരുമാനത്തിലേറെയും നികുതിയിനത്തിൽ. സർക്കാരിന് ഒരു രൂപ വരുമാനം ലഭിക്കുമ്പോൾ 64 പൈസയും പ്രത്യക്ഷ–പരോക്ഷ നികുതികളിൽ നിന്നാണ്. സംസ്ഥാനങ്ങളുടെ വിഹിതമായുള്ള നികുതികളും തീരുവകളും ഇനത്തിലാണ് ഏറ്റവും കൂടുതൽ തുക ചെലവാകുന്നത്. ഒരു രൂപ കേന്ദ്രത്തിനു ചെലവാകുമ്പോൾ അതിൽ 20 പൈസയും ഈയിനത്തിലാണു പോകുന്നത്.

നരേന്ദ്രമോദി സർക്കാരിനു ലഭിച്ച കോർപറേഷൻ നികുതി വരുമാനത്തിൽ പക്ഷേ ഇത്തവണ കുറവാണു കാണിക്കുന്നത്. 2019 ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിൽ കോർപറേഷന്‍ നികുതിയിനത്തിൽ ലഭിച്ചത് ഒരു രൂപയിൽ 21 പൈസയായിരുന്നു. ഇത്തവണ അത് 18 പൈസയായി.

rupee-comes-from-rupee-goes-to-union-budget-2019-malayalam-graphics
rupee-comes-fromrupee-goes-to-union-budget-2019-malayalam-graphics

ജിഎസ്ടി വരുമാനത്തിലും കുറവുണ്ടായി. 2019 ജൂലൈയിൽ ജിഎസ്ടി വഴി 19 പൈസ വരുമാനം വന്നപ്പോൾ ഇത്തവണ അത് 18 പൈസയായി. 2019 ഫെബ്രുവരി ബജറ്റിൽ അത് 21 പൈസയായിരുന്നു.

എക്സൈസ് തീരുവ വഴിയുള്ള വരുമാനം 8 പൈസയില്‍ നിന്ന് 7 പൈസയിലേക്കു താഴ്ന്നു. ആദായനികുതിയിൽ പക്ഷേ വർധനവുണ്ട്. 2019 ജൂലൈയിൽ 16 പൈസയായിരുന്ന സ്ഥാനത്ത് ഇത്തവണ 17 പൈസയാണ്.

നികുതിയേതര വരുമാനത്തിലും വർധന രേഖപ്പെടുത്തി. 2019 ജൂലൈയിൽ 9 പൈസയായിരുന്നു നികുതിയേതര വരുമാനം, ഇത്തവണ അത് 10 പൈസയിലേക്ക് ഉയർന്നു.

കടരഹിത മൂലധനവരുമാനം 2019 ജൂലൈയിൽ 3 പൈസയായിരുന്നത് ഇത്തവണ ആറു പൈസയായി. വായ്പയും മറ്റു ബാധ്യതകളും വഴിയുള്ള വരുമാനം 20 പൈസയായി തുടരുകയാണ്. കസ്റ്റംസ് തീരുവ വഴിയുള്ള വരുമാനത്തിലും മാറ്റമില്ല– 4 പൈസ.

കേന്ദ്ര സർക്കാരിന്റെ ചെലവിനത്തിൽ സംസ്ഥാനങ്ങളുടെ വീതമായുള്ള നികുതികളും തീരുവകളും ഇനത്തിൽ കുറവുണ്ട്. 2019 ജൂലൈയിൽ 23 പൈസയായിരുന്നത് ഇത്തവണ 20 പൈസയായി.

പ്രതിരോധ ചെലവും കുറഞ്ഞു. 2019 ജൂലൈയിൽ 9 പൈസയായിരുന്നത് ഇപ്പോൾ 8 പൈസ. സബ്സിഡിയിനത്തിൽ 8 പൈസ ചെലവായിരുന്നത് ഇപ്പോൾ 6 പൈസയായി.

പെൻഷൻ ഇനത്തിൽ പക്ഷേ വർധനവുണ്ട്. 2019ലെ 5 പൈസയിൽ നിന്ന് ഇത്തവണ 6 പൈസ. മറ്റു ചെലവുകൾ 2019 ജൂലൈയിൽ 8 പൈസയായിരുന്നത് ഇത്തവണ 10 പൈസയായും ഉയർന്നു.

പലിശയടവ് ഇനത്തിൽ 18 പൈസ ചെലവ് തുടരുകയാണ്. കേന്ദ്രപദ്ധതികൾക്കും (13 പൈസ) കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾക്കും (9 പൈസ) ചെലവാക്കുന്ന തുകയിൽ 2019 ജൂലൈയിൽ നിന്നു മാറ്റമില്ല. എന്നാൽ ധനകമ്മിഷനും സംസ്ഥാനങ്ങൾക്കുള്ള വിഹിതവും വർധിപ്പിച്ചു. 2019 ജൂലൈയിൽ 7 പൈസയായിരുന്നത് ഇത്തവണ 10 പൈസയിലേക്കാണ് ഉയർന്നത്.

English Summary: Highlights of Nirmala Sitharaman's Union Budget 2020-21 in Infographics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ