ADVERTISEMENT

ന്യൂ‍ൽഹി ∙ ഡൽ‌ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധം നടത്തുന്നവർക്ക് അരവിന്ദ് കേജ്‌രിവാളിന്റെ സർക്കാർ ബിരിയാണി വിതരണം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിലെ കരവാൽ നഗർ, ആദർശ് നഗർ, നരേല, രോഹിണി എന്നീ നാലിടങ്ങളിൽ നടന്ന റാലികളിൽ യോഗിയുടെ മിക്ക പ്രസംഗങ്ങളിലും ബിരിയാണി, വെടിയുണ്ടകൾ, പാക്കിസ്ഥാൻ എന്നിവയെക്കുറിച്ചായിരുന്നു പരാമർശങ്ങൾ.

അരവിന്ദ് കേജ്‌രിവാളിന് ഡൽഹിയിലെ ജനങ്ങൾക്കു ശുദ്ധമായ കുടിവെള്ളം നൽകാൻ പോലും കഴിഞ്ഞില്ല. ബി‌ഐ‌എസ് നടത്തിയ സർവേ പ്രകാരം ഡൽഹിയിലെ ജനങ്ങൾ വിഷാംശം കലർന്ന വെള്ളമാണു കുടിക്കുന്നത്. എന്നാൽ സർക്കാർ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്ക് ബിരിയാണി വിതരണം ചെയ്യുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം, ഞങ്ങൾ എല്ലാ ഭീകരരെയും തിരിച്ചറിഞ്ഞ് ബിരിയാണിക്കുപകരം വെടിയുണ്ടകൾ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേജ്‌രിവാളിന് മെട്രോയോ ശുദ്ധജലമോ വൈദ്യുതിയോ ആവശ്യമില്ല, അദ്ദേഹത്തിന് ഷഹീൻ ബാഗ് മാത്രമേ ആവശ്യമുള്ളൂ. മെട്രോയാണോ, റോഡുകളാണോ, ഷഹീൻ ബാഗാണോ വേണ്ടതെന്നു നിങ്ങൾ തീരുമാനിക്കുക. വികസനത്തിനല്ല, പ്രതിഷേധക്കാർക്ക് ബിരിയാണി നല്‍കുന്നതിനാണ് കേജ്‌രിവാൾ പണം നിക്ഷേപിക്കുന്നത്– അദ്ദേഹം പറ‍ഞ്ഞു.

1947 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഭജനത്തിനു പിന്നിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ പൂർവികരാണ്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടക്കുന്നതു പൗരത്വ ഭേദഗതി നിയമം കാരണമല്ല. ഇന്ത്യ ആഗോള ശക്തിയായി മാറുന്നതു തടയാൻ ഈ ആളുകൾ ആഗ്രഹിക്കുന്നതിനാലാണ് അവ സംഭവിക്കുന്നത്. അവരുടെ പൂർവ്വികർ ഇന്ത്യയെ ഭിന്നിപ്പിച്ചു. അതിനാൽ നമ്മുടെ വളർന്നുവരുന്ന ശ്രേഷ്ഠ ഭാരതത്തെക്കുറിച്ച് അവർക്ക് വിഷമമുണ്ട്– യോഗി ആദിത്യനാഥ് പറഞ്ഞു.

English Summary: Delhi Elections: "Goli Not Biryani For Terrorists": Yogi Adityanath At First Delhi Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com