ADVERTISEMENT

ന്യൂഡൽഹി∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രാജ്യത്തെ കരകയറ്റാൻ കോൺഗ്രസിനു മാത്രമേ സാധിക്കൂയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു വോട്ട് തേടി ഡൽഹിയിലെത്തിയ അദ്ദേഹം മൂന്നിടങ്ങളിൽ പ്രചാരണം നടത്തി.

ഹരിനഗറിൽ മലയാളികൾ താമസിക്കുന്ന കോളനിയിലെത്തിയ അദ്ദേഹം തെങ്ങിൻ തൈ നട്ടാണു പ്രചാരണത്തിനു തുടക്കമിട്ടത്.ബെന്നി ബഹനാൻ എംപി, ഡൽഹി പിസിസി ഭാരവാഹി കെ.എൻ. ജയരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിൽ വിവിധയിടങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണം നടത്തിയിരുന്നു. നഗരത്തിലെ മലയാളികൾക്കിടയിൽ പ്രചാരണത്തിനിറങ്ങുന്ന മുൻ വർഷങ്ങളിലെ പതിവ് തെറ്റിക്കാതെയാണ് ഇരു നേതാക്കളും ഇക്കുറിയും എത്തിയത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ദീർഘ ബജറ്റിൽ നിലവിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരമില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണു ബിജെപിയുടെയും ആർഎസ്എസ്സിന്റെയും ലക്ഷ്യം. മോദി സർക്കാരിന്റെ നയങ്ങൾ സാമ്പത്തിക മേഖലയെ തകർത്തു. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ രാജ്യത്തെ ദോഷകരമായി ബാധിച്ചു. പൗരത്വ നിയമം നടപ്പാക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണു ബിജെപിക്കുള്ളത്. ഏതുവിധേനയും അധികാരം നിലനിർത്തുകയാണു മോദിയുടെ ലക്ഷ്യം.

ആം ആദ്മിയെ പോലൊരു പ്രാദേശിക പാർട്ടി ഡൽഹിയിൽ അധികാരത്തിലുള്ളതു ദേശീയ തലത്തിൽ ഗുണം ചെയ്യില്ല. ദേശീയ സാന്നിധ്യമുള്ള കോൺഗ്രസ് ആണ് ഡൽഹിയിൽ അധികാരത്തിലെത്തേണ്ടത്. കേരളത്തിൽ താൻ മുഖ്യമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത മെട്രോ പദ്ധതിക്കു സഹായിച്ചത് ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

English Summary: Oommen Chandy in Delhi for Election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com