ADVERTISEMENT

ചെന്നൈ∙ അയനാവരത്തെ മുന്നൂറിലേറെ അപ്പാർട്മെന്റുകളുളള ആഡംബര ഫ്ലാറ്റ് സമുച്ചയം. അൻപതിലേറെ സുരക്ഷാ ജീവനക്കാർ. പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള, കേൾവിത്തകരാറും സംസാരിക്കാൻ ബുദ്ധിമുട്ടുമുള്ള മകൾ ഇവിടെ സുരക്ഷിതയാണെന്ന ഉറപ്പിലാണ് ആ മാതാപിതാക്കൾ എന്നും ജോലിക്കു പോയിരുന്നത്. തുടയിലും അടിവയറിലും വേദന തോന്നുന്നുവെന്നും കടുത്ത ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നുവെന്നും പെൺകുട്ടി പരാതി പറഞ്ഞപ്പോൾ ഇനി മുതൽ സൈക്കിൾ ചവിട്ടി നടക്കേണ്ടായെന്ന് അവളെ മാതാപിതാക്കൾ വിലക്കി. സമീപകാലത്ത് ഋതുമതിയായതു കൊണ്ടാവാം തുടർച്ചയായ വയറുവേദനയെന്നു പറഞ്ഞു സമാധാനിപ്പിച്ചു.

2018 ജൂലൈ 17: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണു രാജ്യം നടുങ്ങിയ അതിക്രൂര പീഡനം പുറത്തറിഞ്ഞത്. മുതിർന്ന സഹോദരിയോട് അവൾ സംഭവം തുറന്നു പറഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സുരക്ഷാ ജീവനക്കാരും തൂപ്പുജോലിക്കാരുമൊക്കെയായ, 23 മുതൽ 66 വയസ്സ് വരെ പ്രായമുള്ള 17 പേരായിരുന്നു പ്രതികൾ. പത്തുവർഷത്തിലേറെയായി ഈ ഫ്ലാറ്റിൽ ജോലി ചെയ്യുന്നവരായിരുന്നു അവരിൽ പലരും. വിചാരണവേളയിൽ പ്രതികളുടെ കൊടുംക്രൂരത കോടതിക്കും ബോധ്യപ്പെട്ടതോടെ നാലു പ്രതികൾക്ക് മരണംവരെ ജീവപര്യന്തം വിധിച്ചു. ഇവർക്ക് പരോൾ കൊടുക്കരുതെന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച കോടതി നൽകിയ വിധിന്യായത്തിൽ പറയുന്നു. ഒൻപതുപേർക്ക് അഞ്ചുവർഷം കഠിനതടവുമുണ്ട്.

minor-rape-chennai

പീഡനത്തിനിരയായ ബധിര ബാലിക നേരിട്ട ക്രൂരതയ്ക്കു നേർസാക്ഷ്യമായിരുന്നു കേസിലെ എഫ്ഐആർ. കുട്ടിയുടെ ശരീരത്തിൽ ലഹരിമരുന്നുകൾ കുത്തിവച്ചെന്നും മുറിവേറ്റ ഒന്നിലധികം പാടുകളുണ്ടെന്നും എഫ്ഐആറിൽ പരമാർശമുണ്ടായിരുന്നു. കേസിലെ പ്രധാന പ്രതിയായ ലിഫ്റ്റ് ഓപ്പറേറ്റർ രവികുമാറിന് മയക്കാൻ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് നല്ല ധാരണയാണെന്നു ചോദ്യം ചെയ്യലിൽ കണ്ടെത്തി. അയനാവരത്തെ ആശുപത്രിയിൽ നേരത്തേ ലിഫ്റ്റ് ഓപ്പറേറ്ററായി ഇയാൾ ജോലി ചെയ്തിരുന്നു. രോഗികളെ മയക്കാനുള്ള മരുന്നുകളെക്കുറിച്ച് അവിടെവച്ചാണ് മനസ്സിലാക്കിയത്. കുട്ടിയെ വിവിധ മരുന്നുകൾ കുത്തിവച്ച് മയക്കിക്കിടത്തിയശേഷമാണ് ഇയാൾ പീഡിപ്പിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. ആറുമാസത്തോളം ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചിട്ടും വീട്ടുകാരോ തൊട്ടടുത്ത അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവരോ ഒന്നും അറിഞ്ഞില്ല.

minor-gang-rape-chennai
പ്രതീകാത്മക ചിത്രം

മുതലെടുത്തത് പരിചയം; കണ്ടറിഞ്ഞവർക്കും കൈമാറി

വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ്, അറുപത്തിയാറുകാരനായ ഒന്നാം പ്രതി കുട്ടിയുമായി സൗഹൃദത്തിലായത്. പിന്നീട് കുട്ടിയെ പീഡിപ്പിച്ചു. കുട്ടി വീട്ടുകാരോടു പരാതിപ്പെടുന്നില്ലെന്നു മനസ്സിലായപ്പോൾ ഇതു തുടർന്നു. കുട്ടിയെ പ്രതി പീഡിപ്പിക്കുന്നതു കണ്ടതോടെയാണു രണ്ടാമത്തെയാൾ പീഡനം തുടങ്ങിയത്. പിന്നീട് കണ്ടും കേട്ടുമറിഞ്ഞാണു മറ്റു പ്രതികൾ കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. വർഷങ്ങളായി പരിചയമുള്ള പ്രതിയുടെ അതിരുവിട്ട സ്പർശനം കളിയുടെ ഭാഗമാണെന്നായിരുന്നു പ്രതി കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്.

തനിക്കെതിരെ ഉണ്ടായത് ലൈംഗിക അതിക്രമമാണെന്നു പോലും തിരിച്ചറിയാൻ കുട്ടിക്കു കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെന്തെന്ന് ജഡ്ജിക്കു മുൻപാകെ പറയാൻപോലും കുട്ടി പ്രയാസപ്പെട്ടു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും തുടർച്ചയായി മയക്കുമരുന്നുകൾ കുത്തിവച്ചതുമാണ് പീഡനം പുറംലോകം അറിയാൻ വൈകാൻ ഇടയാക്കിയത്. പീഡനം പുറത്തറിഞ്ഞാൽ കുടുംബാംഗങ്ങളെ അടക്കം കൊല്ലുമെന്നു പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും കുട്ടി വിചാരണവേളയിൽ വെളിപ്പെടുത്തി.

കുട്ടിയെ പല തവണ പീഡിപ്പിച്ചതായി കരുതുന്ന അപ്പാർട്ട്മെന്റിലെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകളും ശീതളപാനീയ കുപ്പികളും പൊലീസ് കണ്ടെടുത്തു. പണം വാങ്ങിയ ശേഷം രാം കുമാർ കുട്ടിയെ പലർക്കും എത്തിച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയെ വയറ്റിലടക്കം സിറിഞ്ചുകൊണ്ടു കുത്തിയ പാടുകളുണ്ട്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പലർക്കും അയച്ചു നൽകിയെന്ന് പ്രതികൾ ചോദ്യംചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു. പോക്സോ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യൽ, ലൈംഗികാവശ്യത്തിനായി മറ്റുള്ളവർക്കു കാഴ്ചവയ്ക്കൽ, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ തുടങ്ങി ഒൻപതു കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.

വിചാരണയും മറ്റൊരു പീഡനം

മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയം ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിഞ്ഞു കിടക്കുന്ന അപ്പാർട്ടുമെന്റുകളിൽ എത്തിച്ചാണു തന്നെ ഉപദ്രവിച്ചിരുന്നതെന്നു കുട്ടി മൊഴി നൽകിയിരുന്നു. ഒന്നാം പ്രതി രവികുമാറിനെ കൂടാതെ സെക്യൂരിറ്റി ജീവനക്കാരായ അഭിഷേക് (23), സുകുമാരൻ (60), പ്രകാശ് (58), മുരുകേശ് (54), പളനി (40), ഉമാപതി (42), ഹൗസ് കീപ്പിങ് ജീവനക്കാരൻ രാജശേഖർ (40), ലിഫ്റ്റ് ഓപറേറ്റർമാരായ പരമശിവം (60), ദീനദയാളൻ (50), ശ്രീനിവാസൻ (45), ബാബു (36), പ്ലംബർമാരായ സുരേഷ് (32), ജയ്‌ഗണേശ് (23), രാജ (32), സൂര്യ (23), ഇലക്ട്രീഷ്യൻ ജയരാമൻ (26), ഗാർഡനർ ഗുണശേഖർ (55) എന്നിവരായിരുന്നു മറ്റു പ്രതികൾ.

2018 സെപ്റ്റംബര്‍ 16 ന് കുറ്റപത്രം നല്‍കിയ കേസിന്റെ വിചാരണ പെണ്‍കുട്ടിക്കു മറ്റൊരു പീഡനമായെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരം അതിരുകടന്നതിനെ തുടര്‍ന്ന് കോടതി പലവട്ടം ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ ശിക്ഷാവിധി. പീഡനം, ഭീഷണിപ്പെടുത്തല്‍ , കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വിചാരണ കോടതി വ്യക്തമാക്കി.

രവികുമാര്‍, സുരേഷ്, അഭിഷേക്, പളനി എന്നിവരെ മരണം വരെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഒരിക്കലും പരോള്‍ അനുവദിക്കരുതെന്നും ചെന്നൈ പോക്സോ കോടതിയുടെ വിധിയിൽ പറയുന്നു. ഒന്‍പതു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും വിധിച്ചു. രാജശേഖരന്‍ എന്ന പ്രതി ജീവപര്യന്തം തടവും ഏറാള്‍ ബോസ് എന്നയാള്‍ ഏഴുവര്‍ഷം തടവും അനുഭവിക്കണം. 17 പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചു. കുറ്റം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ ഒരാളെ വെറുതെവിട്ടു. ഇയാൾ ചെയ്ത കുറ്റം കോടതി മുമ്പാകെ വിവരിക്കാൻ ബാലികയ്ക്കു സാധിച്ചിരുന്നില്ല.

gang-rape-crime
പ്രതീകാത്മക ചിത്രം

ക്രൂരപീഡനം; വധശിക്ഷ നൽകാത്തതിൽ നിരാശ

നാലു പ്രതികൾക്ക് മരണംവരെ ജീവപര്യന്തം ലഭിച്ചെങ്കിലും ഒൻപതുപേർക്ക് അഞ്ചുവർഷം തടവു വിധിച്ചത് കുറഞ്ഞുപോയെന്നാണ് പൊതു വിലയിരുത്തൽ. പെൺകുട്ടിക്ക് പ്രതി ചെയ്ത ക്രൂരകൃത്യം വിവരിക്കാൻ സാധിച്ചില്ല എന്ന കാരണത്താൽ ഒരാളെ വെറുതെ വിട്ടതും പ്രതിഷേധത്തിന് ഇടയാക്കി. തോട്ടപ്പണിക്കാരനായ ഗുണശേഖരനെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകുമെന്ന പ്രതീക്ഷയിലായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കളും പരിസരവാസികളും. എന്നാൽ മരണംവരെ ജീവപര്യന്തത്തിൽ‌ ശിക്ഷ ഒതുങ്ങി. ഇതിനെതിരെ സർക്കാർ അപ്പീൽ സമർപ്പിക്കുമെന്നാണ് സൂചന.

കരുതാം, കുഞ്ഞുങ്ങളെ

സംഭവത്തിന്റെ ഞെട്ടലിൽനിന്ന് ചെന്നൈ നിവാസികൾ ഇതുവരെ മോചിതരായിട്ടില്ല. ഭീഷണി ഭയന്ന് പല കുട്ടികളും ഇത്തരം സംഭവങ്ങൾ പുറത്തു പറയാൻ ഇടയില്ലെന്നും കുട്ടികളുടെ പെരുമാറ്റത്തിൽ പൊടുന്നനെ വ്യത്യാസം കണ്ടാൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ബാലാവകാശ പ്രവർത്തകർ പറയുന്നു.

∙ കുട്ടികളിൽ പതിവില്ലാത്ത ദേഷ്യം, അക്രമോൽസുകത, ഉറക്കമില്ലായ്മ, അപകർഷത, അകാരണ ഭയം എന്നിവ കണ്ടാൽ ശ്രദ്ധിക്കാം.
∙ മുൻപ് അടുത്ത് ഇടപഴകിയിരുന്ന ആരെങ്കിലുമായി കുട്ടി മനപ്പൂർവം അകലം പാലിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ സൗമ്യമായി കാര്യം തിരക്കാം.
∙ കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങളോ രഹസ്യ ഭാഗങ്ങളിൽ അലർജി, വയറുവേദന എന്നിവയോ കണ്ടെത്തിയാൽ ശ്രദ്ധിക്കാം.
∙ എല്ലാ കാര്യങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കാം.
∙ അപരിചിതരുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾക്കു പറഞ്ഞുകൊടുക്കാം.
∙ അസാധാരണമായി എന്തെങ്കിലും സംഭവിച്ചാൽ കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കാം.
∙ കുട്ടികളോടൊത്ത് ആവശ്യത്തിനു സമയം ചെലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രക്ഷിതാക്കൾ തങ്ങളോടൊപ്പമുണ്ടെന്ന ഉറപ്പ് ചെറു പ്രായത്തിൽ തന്നെ കുട്ടികൾക്കു നൽകാം.

English Summary: Life term for five persons under POCSO in 2018 Ayanavaram child rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com