'നാണംകുണുങ്ങിത്തിറ'; ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ ഐതിഹ്യം ഇതാണ്

SHARE

കോഴിക്കോട്∙ പണ്ടുകാലത്ത് മലബാറിലെ കാവുകളില്‍ കെട്ടിയാടിയിരുന്ന പൊറാട്ടാണ് കാലനും കലിച്ചിയും. മനുഷ്യജീവിതത്തിന്റെ വിവിധഘട്ടങ്ങളാണ് ഇവര്‍ പൊറാട്ടിലൂടെ ക്ഷേത്രമുറ്റത്ത് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യമാണിത്. ‘നാണംകുണുങ്ങിത്തിറ’ എന്ന പേരിലാണിതു പ്രചരിക്കുന്നത്. പക്ഷേ, യഥാര്‍ഥത്തില്‍ ഇതു പൊറാട്ടാണ്. കോഴിക്കോട് കുന്ദമംഗലം ഭാഗത്തുള്ള മുണ്ടിക്കല്‍ത്താഴം കാവിലെ ദൃശ്യമാണിത്. കാലനും കലിച്ചിയും. പേരറിയാത്തതുകൊണ്ടു വേഷത്തിന്റെ സ്വഭാവം കണ്ട് ഏതോ രസികന്‍ നല്‍കിയ പേരാവണം ‘നാണംകുണുങ്ങിത്തിറ’ എന്നത്. പണ്ട് കാവുകളില്‍ ധാരാളമായി കെട്ടിയാടിയിരുന്നുവെങ്കിലും ഇപ്പോഴിതു വിരലിലെണ്ണാവുന്ന കാവുകളില്‍ മാത്രമാണുള്ളത്.

ഗുളികനോടൊപ്പം ഇറങ്ങുന്ന രണ്ടുവേഷങ്ങളാണ് കാലനും കലിച്ചിയും. പരസ്പരം ഇഷ്ടത്തിലായ ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുകയാണ്. ഇവര്‍ക്കുണ്ടായ കുഞ്ഞിനെ നോക്കാനായി ഗുളികനെ ഏല്‍പ്പിച്ച് കാലനും കലിച്ചിയും പോവുന്നു. തിരിച്ചുവന്നപ്പോള്‍ തങ്ങളുടെ കുഞ്ഞിനെ ഗുളികന്‍ ചുട്ടുതിന്നതറിഞ്ഞ് അമ്മയായ കലിച്ചി ബോധരഹിതയായി വീഴുന്നു. കാലനെ ഗുളികന്‍ വധിക്കുന്നു. അതോടെ സംഹാരകനായി മാറുകയാണ് ശിവാംശമുള്ള ഗുളികന്‍. കാലന്റെയും കലിച്ചിയുടെയും കഥ ഇവിടെ തീരുകയാണ്.

ഗുളികന്റെ ശക്തിപ്രഭാവമാണു പിന്നെ. മനുഷ്യജീവിതത്തിലെ പ്രണയം, വിവാഹം, പ്രസവം, ഗുളികന്‍ കുഞ്ഞിനെ ചുട്ടുതിന്നുന്നത് ഇതൊക്കെ നര്‍മത്തിന്റെ മേമ്പൊടിയോടെയാണു തിറകെട്ടിയാടുന്നത്. വേഷഭൂഷാദികളിലും ചുവടുകളിലും ഉള്ള ചെറിയ വ്യത്യാസങ്ങളോടെയാണു ദേശാന്തരങ്ങളില്‍ തെയ്യമായും തിറയായുമൊക്കെ കെട്ടിയാടിയിരുന്നത്.

English Summary: Kalan and Kalichi thira at Kozhikode

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA