ADVERTISEMENT

തിരിച്ചടികൾക്കിടയിലും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മുന്നോട്ടാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. എന്തൊക്കെയാണു സംസ്ഥാനം നേരിടുന്ന തിരിച്ചടികൾ? എവിടെയെല്ലാമാണു കേരളം മുന്നേറിയത്? ഫെബ്രുവരി ഏഴിനു രാവിലെ ഒൻപതിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ പുറത്തിറക്കിയ സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ആശാവഹമല്ല കാര്യങ്ങൾ.

സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനു സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാന വെല്ലുവിളിയായി നിൽക്കുന്നതു കേരളത്തിന്റെ ധനസ്ഥിതിയാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിനു നേരെ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള കണ്ണടയ്ക്കലിനെപ്പറ്റിയും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

2016-17ലെ നോട്ടുനിരോധനവും 2017-18ലെ ജിഎസ്ടി നടപ്പിലാക്കലും സംസ്ഥാനത്തിന്റെ വിഭവ സമാഹരണ ശ്രമങ്ങളെ സാരമായി ബാധിച്ചു. ജിഎസ്‌ടി നടപ്പാക്കിയതോടെ സംസ്ഥാനത്തു നികുതി വർധനവ് ഏർപ്പെടുത്തുന്നതിനു പരിമിതികളുണ്ടായി. കേന്ദ്ര സർക്കാരിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാനും വൈകിയത് തിരിച്ചടി ശക്തമാക്കി. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 30 ശതമാനത്തോളം കേന്ദ്ര വായ്പകളില്‍നിന്നോ ഗ്രാന്റുകളില്‍ നിന്നോ ആണ്. 

2015-16 മുതല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ധനസഹായത്തിന്റെ ഘടനയിൽ വരുത്തിയ വ്യത്യാസവും സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. മുൻപ് 25% സംസ്ഥാന വിഹിതമായിരുന്നത് ഇപ്പോള്‍ 40 ശതമാനമാക്കി. ധനഉത്തരവാദിത്ത നിയമപ്രകാരം മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനത്തില്‍ കൂടുതല്‍ വായ്പ എടുക്കാന്‍ സാധിക്കാത്തതിനാല്‍ വിഭവ സമാഹരണം കൂടുതല്‍ സങ്കീർണമായി. 

വായ്പ പരിധിക്കുള്ളില്‍ നിന്ന് 2019-20ല്‍ 24,915 കോടി രൂപയാണു കേരളത്തിനു വായ്പയായി ലഭിച്ചത്. എന്നാല്‍, വര്‍ഷാവസാനം കേന്ദ്രസർക്കാർ ബജറ്റ് തുകയില്‍ നിന്ന് 5325 കോടി രൂപ കുറച്ചു. ഫലത്തില്‍, 2019-20ല്‍ 19,590 കോടി രൂപ മാത്രമേ വായ്പയായി ലഭിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്.

വെള്ളപ്പൊക്കത്തിൽ ‘മുങ്ങി’

2019-20 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4908 കോടി രൂപയ്ക്ക് അര്‍ഹതയുണ്ടായിട്ടും 1920 കോടി രൂപ മാത്രമേ വായ്പയായി ലഭിച്ചുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നികുതി പിരിച്ചെടുക്കലും ചെലവു ചുരുക്കലും നടത്തി 2016-17 മുതല്‍ ധനസ്ഥിതിയില്‍ പുരോഗതി വരുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായ കാരണങ്ങളാൽ ചെലവുചുരുക്കല്‍ പ്രക്രിയയില്‍ തടസം നേരിടുകയാണ്.

സംസ്ഥാനത്തെ കശുവണ്ടി, കയര്‍, കൈത്തറി, മത്സ്യബന്ധനം, മറ്റു നാണ്യ വിളകള്‍ എന്നിവയ്ക്കു നോട്ടു നിരോധനത്തിലൂടെ വൻ തിരിച്ചടിയുണ്ടായി. അതിനിടെ 2017 ലെ ഓഖി ചുഴലിക്കാറ്റും 2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്കവും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. വെള്ളപ്പൊക്കത്തിലും ഓഖി ചുഴലിക്കാറ്റിലും ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും വീടുകള്‍ക്കും റോഡുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കനത്ത നാശമാണുണ്ടായത്. ഉൽപാദന മേഖലകളായ കൃഷി, വ്യവസായങ്ങള്‍, വിനോദ സഞ്ചാരമേഖല എന്നിവയിലും നഷ്ടമുണ്ടായി. ഇതും സംസ്ഥാന വരുമാനത്തില്‍ കുറവുണ്ടാക്കി.

ഇതു സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തെ ബാധിക്കുക മാത്രമല്ല, സംസ്ഥാന പുനര്‍നിർമിതിക്കും ഉൽപാദന മേഖലകളുടെ പുനര്‍ജ്ജീവനത്തിനും വേണ്ടി അധിക തുക ചെലവാക്കേണ്ടിയും വന്നു. അധിക വായ്പയും ഗ്രാന്റുകളും കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ജിഎസ്‌ടി നടപ്പിലാക്കിയതിലൂടെ ഉണ്ടായ വരുമാന നഷ്ടം നികത്തുന്നതിനുളള നഷ്ടപരിഹാരത്തിനായി ജിഎസ്ടി കൗണ്‍സിലിനെയും സമീപിച്ചിട്ടുണ്ട്. 

കേരളം ‘വളരുന്നു’ കേന്ദ്രവും കടന്ന്...

2013-14 മുതൽ 2015-16 വരെയുള്ള മൂന്നു വർഷത്തേക്കു കേരളത്തിന്റെ സാമ്പത്തിക വളർച്ച ഇന്ത്യൻ ശരാശരിയേക്കാൾ മന്ദഗതിയിലായിരുന്നുവെന്ന് അവലോകന റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2013-14, 2014-15, 2015-16 വർഷങ്ങളിൽ യഥാക്രമം 4.3%, 3.8%, 5.3% എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ മൊത്തം സംയോജിത മൂല്യത്തിന്റെ (ജിഎസ്‌വിഎ) വളർച്ചാനിരക്ക്. 2016-17ൽ സാമ്പത്തിക വളർച്ചയിൽ ഉണർവുണ്ടാവുകയും ജിഎസ്‌വിഎ വളർച്ച 7.1 ശതമാനമായി ഉയരുകയും ചെയ്തു. 

കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഒട്ടേറെ തിരിച്ചടികൾ നേരിട്ടു. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മൂലം ഒട്ടേറെ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തേക്കു മടങ്ങുകയും ഗൾഫ് വരുമാനം മന്ദഗതിയിലാവുകയും ചെയ്തതും തിരിച്ചടിയായി. ഇതിനെല്ലാമിടയിലും  2017-18, 2018-19 വർഷങ്ങളിൽ കേരളത്തിലെ ജി‌എഎസ്‌വി‌എ യഥാക്രമം 6.8%, 7.5% എന്നിങ്ങനെ വളർച്ച കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തിരിച്ചടി കൃഷിയിൽ

അതേസമയം കാർഷികമേഖലയിലെ വളർച്ച മന്ദഗതിയിലാകുന്നത് പ്രതികൂലമാണ്. 2011-12നും 2018-19നും ഇടയിലുള്ള മിക്ക കാലഘട്ടങ്ങളിലും കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലെയും മൂല്യ വർധനവിലെ വളർച്ച മന്ദഗതിയിലോ പ്രതികൂലമായോ ആയി തുടരുകയാണ്. 2017-18ലും 2018-19ലും യഥാക്രമം 1.7 ശതമാനവും 0.5 ശതമാനവുമായിരുന്നു വളർച്ചാ നിരക്ക് (മൈനസ് വളർച്ചാനിരക്ക്). കൂടിയ കൃഷിച്ചെലവ്, ഗതാഗത ചെലവ്, തൊഴിലാളികള്‍ക്കുള്ള കൂലിയിലെ വൻ‍വർധന തുടങ്ങിയവയാണ് ഇതിനു പ്രധാന കാരണങ്ങള്‍. അപ്പോഴും കൃഷിയുമായി ബന്ധപ്പെട്ട മേഖലകളുടെ വിഭാഗത്തിൽ മത്സ്യബന്ധനവും അക്വാകൾച്ചറും കുതിച്ചുയർന്നിട്ടുണ്ട്. 2017-18 ലും 2018-19 ലും യഥാക്രമം 11.1%, 6.6% വളർച്ചാ നിരക്കാണ് ഈ മേഖലകളില്‍ കൈവരിച്ചിട്ടുള്ളത്.

കേരളത്തിലെ നിർമാണമേഖലയിലെ മൂല്യവർധന വളർച്ച 2017-18ൽ 4.0 ശതമാനമായി കുറഞ്ഞെങ്കിലും 2018-19ൽ 6.3 ശതമാനമായി മെച്ചപ്പെട്ടു. 2017-18, 2018-19 വർഷങ്ങളിൽ ഗതാഗത, വാർത്താവിനിമയ മേഖലകളിലും ധനകാര്യ സേവന മേഖലയിലെയും വളർച്ച മന്ദഗതിയിലായിരുന്നു. അതേസമയം, മൂല്യവർധിത വളർച്ചയുമായി ബന്ധപ്പെട്ട് ഉൽപാദന മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. 2016-17, 2017-18, 2018-19 എന്നീ വർഷങ്ങളിൽ യഥാക്രമം 18.2%, 3.7%, 11.2% എന്നിങ്ങനെയായിരുന്നു വാർഷിക സംയോജിത മൂല്യവളർച്ചയുടെ നിരക്ക്. 

മികച്ച പ്രകടനത്തിലേക്ക്...

കേരളത്തിലെ മൊത്തം ജി‌എഎസ്‌വിഎയിൽ ഉൽപന്ന നിർമാണ മേഖലയുടെ വിഹിതം 2014-15ൽ 9.8% മാത്രമായിരുന്നെങ്കിലും 2018-19ൽ ഇത് 13.2 ശതമാനമായി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ വാർഷിക വ്യവസായ സർവേ പ്രകാരം ഇന്ത്യയിലെ ഫാക്ടറി മേഖലയിൽ മൊത്തം കൂട്ടിച്ചേർത്ത മൂല്യത്തിൽ കേരളത്തിന്റെ പങ്ക് 2014-15 ലെ 1.2 ശതമാനത്തിൽ നിന്ന് 2016-17ൽ 1.6 ശതമാനമായി ഉയർന്നിട്ടുണ്ട്.

രാസവസ്തുക്കൾ, വൈദ്യുതി എന്നീ മേഖലകളിലുള്ള സംസ്ഥാന പൊതുമേഖലാ യൂണിറ്റുകളുടെ പ്രകടനം, പെട്രോളിയം സംസ്കരണമേഖലയിലുള്ള പുതിയ നിക്ഷേപങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ നിർമിക്കുന്നതിനുള്ള ഉത്തേജനം എന്നിവയാണ് 2016-17 മുതൽ കേരളത്തിന്റെ വ്യാവസായിക മേഖലയുടെ മെച്ചപ്പെട്ട പ്രകടനത്തിന്റെ പ്രധാന സവിശേഷതകളെന്നും റിപ്പോർട്ടിൽ പറയുന്നു.

വാണിജ്യവും അറ്റകുറ്റപണികളും, ഹോട്ടലുകളും റസ്റ്റോറന്റുകളും എന്നീ മേഖലകളിൽ കേരളത്തിന്റെ സംയോജിത മൂല്യത്തിലുള്ള വളർച്ച അതിവേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഈ സേവന മേഖലകൾ ചേർന്ന് 2017-18ലും 2018-19ലും യഥാക്രമം 13.3%, 7.0% എന്നിങ്ങനെ വളർച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്. പ്രഫഷനൽ സേവനങ്ങൾ, പൊതുഭരണം, സാമൂഹ്യ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നീ മേഖലകളിലും മൂല്യവർധിത വളർച്ച വേഗം പ്രാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

സംസ്ഥാനം ഒട്ടേറെ തിരിച്ചടികള്‍ നേരിട്ടിട്ടും ദേശീയ സമ്പദ്‌വ്യസ്ഥയിൽ മാന്ദ്യത്തിന്റെ സൂചനകൾ ശക്തി പ്രാപിച്ചിട്ടും 2016-17 മുതൽ 2018-19 വരെയുള്ള കാലയളവിൽ കേരളത്തിന്റെ മൊത്തം സംയോജിത മൂല്യം താരതമ്യേന വേഗത്തിൽ വളർച്ച കൈവരിച്ചതായാണ് റിപ്പോർട്ടിലുള്ളത്. 

ത്വരിത കണക്കുകൾ പ്രകാരം 2018-19ൽ സംസ്ഥാന പ്രതിശീർഷ വരുമാനം (2011-12) സ്ഥിര വിലയിൽ 1,61,374 രൂപയാണ്. 2017-18 ലെ താൽക്കാലിക കണക്കുപ്രകാരം ഇത് 1,50,922 രൂപയായിരുന്നു. 2018-19ൽ 6.9% വളർച്ചയുണ്ടായി. നടപ്പുവിലയിൽ സംസ്ഥാന പ്രതിശീർഷ വരുമാനം 2017-18ൽ 2,03,396 ആയിരുന്നത് 2018-19 ൽ 10.9% വളർച്ച കൈവരിച്ച് 2,25,484 രൂപയായി.

ത്വരിത കണക്കുകൾ പ്രകാരം 2017-18 ൽ പ്രതിശീർഷ അറ്റ സംസ്ഥാന ആഭ്യന്തരോൽപന്നം (എൻഎസ്ഡിപി) 1,38,368 ആയിരുന്നത് 2018-19ൽ 7.0% വളർച്ച കൈവരിച്ച് 1,48,078 രൂപയായി. 2012-13 മുതൽ 2018-19 വരെയുള്ള കേരളത്തിന്റെ പ്രതിശീർഷ അറ്റ സംസ്ഥാന ആഭ്യന്തരഉൽപന്നം (സ്ഥിരവിലയിൽ: 2011-12) ദേശീയ അറ്റ ആഭ്യന്തഉൽപന്നത്തേക്കാൾ ഉയർന്നതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കയത്തിലാക്കുമോ കടം?

2018-19ല്‍ സംസ്ഥാനത്തിന്റെ കടബാധ്യത 2,35,631.50 കോടി രൂപയാണെന്നും അവലോകനത്തിൽ വ്യക്തമാക്കുന്നു. പലിശയുള്‍പ്പെടെ തിരിച്ചടയ്ക്കേണ്ട വായ്പകളെയാണ് കടം എന്നഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരകടം, കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന വായ്പകളും മുന്‍കൂര്‍ തുകകളും, ചെറുകിട സമ്പാദ്യ പദ്ധതികള്‍, പ്രോവിഡന്റ് ഫണ്ട് നിക്ഷേപം തുടങ്ങിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ബാധ്യതകളും ഉള്‍പ്പെടുന്നതാണ് സംസ്ഥാനത്തിന്റെ കടം. 

കടത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2017-18 ലെ 13.04 ശതമാനത്തെ അപേക്ഷിച്ച് 2018-19 ല്‍ 11.80 ശതമാനമായി കുറഞ്ഞു. കടവും ജിഎസ്ടിപിയും തമ്മിലുള്ള അനുപാതം 2017-18ലെ 30.69 ശതമാനത്തില്‍ നിന്നും 2018-19 ല്‍ 30.15 ശതമാനമായി കുറഞ്ഞു. റവന്യൂ വരുമാനവും, കടവും തമ്മിലുള്ള അനുപാതം മുൻ‍വര്‍ഷത്തെ അപേക്ഷിച്ച് (253.87%) വല ിയ മാറ്റമില്ലാതെ, (253.76%) തുടരുന്നു. 2018-19ൽ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതയില്‍ 64.1 ശതമാനം ആഭ്യന്തര കടമാണ്. 

സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 2017-18 ലെ 135500.53 കോടി രൂപയില്‍ നിന്നും 2018-19 ല്‍ 150991.03 കോടി രൂപയായി വര്‍ധിച്ചു. ആഭ്യന്തര കടത്തിന്റെ വര്‍ധന 2018-19ല്‍ 11.43 ശതമാനമായി. 2018-19ല്‍ ചെറുകിട നിക്ഷേപ പദ്ധതികള്‍, പ്രോവിഡന്റ് ഫണ്ട് എന്നിവയിലെ ബാധ്യത ആകെ ബാധ്യതയുടെ 32.85 ശതമാനമാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വായ്പയുടെയും അഡ്വാന്‍സിന്റെയും ബാധ്യത 2018-19ല്‍ 7243.41 കോടി രൂപയാണ്. 2018-19 വര്‍ഷത്തെ മൊത്തം കടവും, നീക്കിയിരുപ്പ് കടവും യഥാക്രമം 24189.08 കോടി രൂപയും 7282.09 കോടി രൂപയുമാണ്. 

നവകേരള നിർമാണമെന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്ന സര്‍ക്കാരിനു ചുരുങ്ങിയ സമയത്തിനുള്ളില്‍ ധനവിഭവ സമാഹരണ ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാന്‍ ധാരാളം പരിമിതികള്‍ ഉണ്ടെന്നും റിപ്പോർട്ട് സമ്മതിക്കുന്നുണ്ട്. സാഹചര്യങ്ങൾ ഇങ്ങനെയാണെങ്കിലും വിഭവ സമാഹരണം, മുന്‍ഗ ണനാ അടിസ്ഥാനത്തില്‍ ചെലവു നിയന്ത്രിക്കല്‍, സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങുക എന്നീ കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ ഇനിയും തുടരേണ്ടതുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.

Content Highlights: Dr. Thomas Issac, Kerala Economic Review 2019 Graphical Analysis, Kerala Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com