ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റ് ബുക്കിന്റെ കവർ ചിത്രമായ ‘ഗാന്ധിജിയുടെ മരണം’ വരച്ചത് മൂവാറ്റുപുഴ സ്വദേശിയായ ചിത്രകാരൻ ടോം വട്ടക്കുഴി. ഗ്വാഷ് മീഡിയത്തിലാണ് ചിത്രം തയാറാക്കിയത്. ഇരുപത്തഞ്ചോളം സ്കെച്ചുകൾ തയാറാക്കിയ ശേഷമാണ് ചിത്രത്തിന് ടോം അന്തിമരൂപം നൽകിയത്. രാഷ്ട്രപിതാവിന്റെ മരണം എങ്ങനെയായിരുന്നു എന്ന ഓർമപ്പെടുത്തൽ വളരെയധികം ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് ‘ഡെത്ത് ഓഫ് ഗാന്ധി’ എന്നപേരിൽ ഒരു പെയിന്റിങ്ങിനു മുതിർന്നതെന്ന് ചിത്രകാരൻ പറയുന്നു.

കേരളസർക്കാർ അടുത്തിടെ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വവാർഷിക ഓർമപുസ്തകത്തിന്റെ കവർ ചിത്രമായും ഈ പെയിന്റിങ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. 6800 ആളുകളാണ് ടോം വട്ടക്കുഴിയുടെ സമൂഹമാധ്യമത്തിലെ പേജിൽനിന്ന് മാത്രം ചിത്രം ഷെയർ ചെയതത്.

രക്തസാക്ഷി ദിനത്തിൽ രാഹുൽ ഗാന്ധിയും കനയ്യകുമാറും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ദേശീയതലത്തിൽ ശ്രദ്ധനേടി. ഡൽഹിയിലും മുംബൈയിലുമുള്ള സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് ദേശീയ നേതാക്കൾ തന്റെ ചിത്രം ഷെയർ ചെയ്തത് ടോം അറിയുന്നത്. ഒരുപാട് തയാറെടുപ്പിനുശേഷമാണ് ചരിത്ര വിഭാഗത്തിലുള്ള ചിത്രം പൂർത്തിയാക്കിയത്.

മാസങ്ങൾ നീണ്ട പഠനം നടത്തി. ഗാന്ധിയുടെ ചുറ്റുമുള്ള ജനങ്ങളുടെ മുഖഭാവങ്ങൾ ചിത്രത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ചിത്രം ഷെയർ ചെയ്ത പലരും കടപ്പാട് വയ്ക്കാത്തിന്‍റെ വിഷമവും ടോം പങ്കുവയ്ക്കുന്നു. വിശ്വഭാരതി യൂണിവേഴ്സിറ്റിയിലാണ് ടോം പഠനം നടത്തിയത്. ഭാര്യ:സീന, മക്കൾ:ആദിത്യ, അദീത്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയതോടെയാണ് ധനമന്ത്രിയുടെ ഓഫിസ് ചിത്രം ബജറ്റിന്റെ കവറായി ഉപയോഗിക്കാൻ അനുവാദം ചോദിച്ചത്. പഞ്ചമിയെന്ന കുട്ടിയെ വിദ്യാലയത്തിലേക്ക് കൊണ്ടുപോകുന്ന അയ്യങ്കാളിയുടെ ചിത്രമാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കവർ ചിത്രമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com