ADVERTISEMENT

പ്രതിസന്ധി കാലത്ത് സർക്കാർ ചെലവുകൾ ചുരുക്കാനും വിപണിയെ ചലനാത്മകമാക്കി നിർത്താനും ഉതകുന്ന ബജറ്റ്. എല്ലാ വിഭാഗത്തിനും എന്തെങ്കിലുമൊക്കെ നൽകിയിട്ടുണ്ടെങ്കിലും വാരിക്കോരിയുള്ള ആനുകൂല്യ വിതരണവുമില്ല. സർക്കാരിന്റെ അവസാന പൂർണ ബജറ്റ് എന്ന നിലയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം. ചെലവു ചുരുക്കൽ, നികുതി പിരിവ് ഊർജിതമാക്കാനുള്ള പ്രഖ്യാപനങ്ങളും നികുതി വർധനകളും വരുമാനത്തിന് പുതിയ വഴികൾ തേടുക: ബജറ്റിന്റെ മൊത്തക്കാഴ്ച ഇതാണ്. 

മാന്ദ്യകാലത്ത് ഏതു സർക്കാരും ചെയ്യുന്നതൊക്കെത്തന്നെ ധനമന്ത്രിയും ചെയ്തിരിക്കുന്നു. വിപണിയിൽ പണ ഞെരുക്കം ഉണ്ടാകാതിരിക്കാൻ അടിസ്ഥാന മേഖലകളിലേക്ക് പണം ഒഴുക്കും. ബജറ്റ് വർഷത്തിൽ 5000 കിലോമീറ്റർ റോഡ്, ഗ്രാമീണ റോഡുകൾക്ക് 1000 കോടി രൂപ, മരാമത്ത് വകുപ്പിന് 1102 കോടി രൂപ, 20 പുതിയ ഫ്ലൈ ഓവറുകൾ, 44 സ്റ്റേഡിയങ്ങൾ, 74 പാലം എന്നിങ്ങനെ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ മുതൽമുടക്കാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി കിഫ്ബിയിൽനിന്ന് 20,000 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രഖ്യാപനം. 

ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ കയ്യിൽ പണം എത്തിക്കുന്നതിനും വിപണിയെ ചലനാത്മകമാക്കി നിർത്തുന്നതിനുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. കുടുംബശ്രീക്ക് 3000 കോടി രൂപ 4% പലിശയ്ക്ക് നൽകുമെന്ന പ്രഖ്യാപനവും ഈ ദിശയിലുള്ള നീക്കമാണ്. കുടിവെള്ള പൈപ്പുകൾക്ക് 4,383 കോടി രൂപ, ഒരുലക്ഷം ഫ്ലാറ്റ്, കൊച്ചി വികസനത്തിന് 6,000 കോടി രൂപ, മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മറ്റു തൊഴിലുകൾക്ക് 20 കോടി രൂപ എന്നിങ്ങനെ വിപണിയിൽ പണം എത്തിക്കുന്നതിനുള്ള നടപടികൾക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്. കിഫ്ബിയിലൂടെ ബജറ്റ് വർഷത്തിൽ 20,000 കോടി രൂപ ചെലവിടുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. കുട്ടനാട്, വയനാട്, ഇടുക്കി, കാസർകോട് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

പട്ടികവിഭാഗങ്ങൾക്ക് ഭവന പദ്ധതി, സ്ത്രീകൾക്ക് പ്രത്യേക പദ്ധതികൾ, ക്ഷേമ പെൻഷനുകളിൽ 100 രൂപയുടെ വർധന, അങ്കണവാടി ആയമാർ‌, ആശ വർക്കർമാർ എന്നിവർക്ക് 500 രൂപയുടെ വരുമാന വർധന തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും എന്തെങ്കിലുമൊക്കെ നൽകുന്നുണ്ട് ബജറ്റിൽ. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റിൽ ആർക്കു നേരെയും കണ്ണടയ്ക്കാൻ രാഷ്ട്രീയക്കാരൻകൂടിയായ ധനമന്ത്രിക്ക് കഴിയില്ലല്ലോ.

English Summary: Kerala Budget 2020; Key Points 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com