ഇത്തവണ മദ്യപരെ വെറുതെവിട്ടു; വരുമാനത്തിന് പുതുവഴികൾ

Mail This Article
വരുമാനത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്ന കേന്ദ്ര സർക്കാർ, വിപണിയിൽ മാന്ദ്യത്തിന്റെ അലയൊലികൾ, നികുതി വരുമാനം കൂടാത്ത അവസ്ഥ, കിട്ടാതെപോകുന്ന ജിഎസ്ടി നഷ്ടപരിഹാരം; ദുർഘടമായ അവസ്ഥയിൽ വരവും ചെലവും കൂട്ടിമുട്ടിക്കാനും തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്താനുമാണ് ധനമന്ത്രി ശ്രമിച്ചത്.
നടപ്പുവർഷത്തെക്കാൾ 15% അധിക ചെലവാണ് ബജറ്റ് കണക്കാക്കുന്നത്. അതായത് വരുമാനം കുറഞ്ഞ കാലത്ത് പുതിയ സ്രോതസ്സുകൾ കണ്ടെത്തണം. 1.15 ലക്ഷം കോടി രൂപ വരവും 1.30 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. അതായത്, 15000 കോടി രൂപയുടെ കമ്മി. ഇത്രയും കാശ് വിവിധ മാർഗങ്ങളഇലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.
പതിവു രീതിയിൽ മദ്യപരിൽനിന്ന് വരുമാനത്തിന്റെ നല്ലൊരു പങ്ക് കണ്ടെത്തുന്ന വഴി ഇത്തവണ എന്തായാലും പിൻതുടർന്നിട്ടില്ല. നിലവിൽതന്നെ 200–220% നികുതി ഉള്ളതിനാൽ അവരെ ഇനിയും പിഴിയേണ്ട എന്ന ചിന്തയിലായിരിക്കാം ധനമന്ത്രി.
ചെലവു ചുരുക്കൽ, നിയമന നിയന്ത്രണം, പുതിയ നികുതി നിർദേശങ്ങൾ എന്നിവയിലൂടെ കമ്മി മറികടക്കാനാണ് സർക്കാർ ശ്രമം. ഭൂമി തരംമാറ്റുന്നതിന് ഉയർന്ന ഫീസ്, ഡാമുകളിലെ മണൽവാരൽ, കെട്ടിടനികുതി ഉയർത്തൽ, ഭൂമിയുടെ ന്യായവില കൂട്ടൽ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വരുമാനം കൂട്ടാൻ സർക്കാർ നിർദേശിക്കുന്നത്.
സർക്കാരിന്റെ ചെലവുചുരുക്കൽ പക്ഷേ ഏറ്റവും മോശമായി ബാധിക്കുക തൊഴിലന്വേഷകരെയാകും. ഉദ്യോഗസ്ഥ പുനർവിന്യാസവും തസ്തികകൾ വെട്ടിക്കുറയ്ക്കലും ഉണ്ടാകും. പല വകുപ്പുകളിലും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയി നിയമന നിരോധനവും ഉണ്ടാകാം. സർക്കാർ ജോലി എന്ന സ്വപ്നവുമായി പരിശ്രമിക്കുന്നവർ അൽപം നിരാശപ്പെടേണ്ടി വന്നേക്കാം.
എന്നാൽ, ഇതിലെല്ലാം പ്രധാനം ചെലവു ചുരുക്കൽ പ്രഖ്യാപനങ്ങളാണ്. ക്ഷേമപെൻഷനുകൾക്ക് മസ്റ്ററിങ് നടത്താത്തവർ 4.98 ലക്ഷം പേരെന്നാണ് ധനമന്ത്രി പറയുന്നത്. 700 കോടി രൂപ ഈയിനത്തിൽ സർക്കാരിന് ലാഭിക്കാനാകും. മറ്റു സർക്കാർ പദ്ധതികളിലും ഇതേ രീതിയിലുള്ള പരിശോധനകൾ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. സർക്കാർ ഇതുവരെ 17614 തസ്തികകൾ സൃഷ്ടിച്ചപ്പോൾ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ 18119 തസ്തികൾ സൃഷ്ടിക്കപ്പെട്ടതായാണ് ധനമന്ത്രി പറയുന്നത്. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള വിദ്യാർഥി – അധ്യാപക അനുപാതത്തിൽ ഒരു വിദ്യാർഥി കൂടുതൽ വന്നാലും ഒരു തസ്തിക സൃഷ്ടിക്കപ്പെടുന്നു എന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ. സർക്കാർ അറിയാതെ തസ്തികകൾ വേണ്ട എന്ന നിലപാടിലാണ് മന്ത്രി. ഇങ്ങനെ തസ്തികകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ കെഇആർ പരിഷ്കരിക്കുമെന്നും മന്ത്രി പറയുന്നു. ഉദ്യോഗസ്ഥ പുനർവിന്യാസത്തെക്കുറിച്ചും മന്ത്രി വാചാലനാകുന്നു.
കീഴ്ത്തട്ടിലെ പല തസ്തികകളും കംപ്യൂട്ടറൈസേഷന്റെ കാലത്ത് അപ്രസക്തമാണെന്നാണ് മന്ത്രി പറയുന്നത്. ഓരോ വകുപ്പിലെയും തസ്തികകൾ സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തും. അതായത്, അധിക തസ്തികകൾ നിർത്തലാക്കിയും നിലവിലുള്ളവരെ പുനർവിന്യസിച്ചും ചെലവു ചുരുക്കുകയാണ് ധനമന്ത്രിയുടെ തന്ത്രം. ഇങ്ങനെ വരുമ്പോൾ നഷ്ടം സഹിക്കേണ്ടിവരിക തൊഴിലന്വേഷകരാകും. സർക്കാര്‍ ജോലി എന്ന തൊഴിലന്വേഷകന്റെ സ്വപ്നം അത്ര എളുപ്പം സാധ്യമായെന്നു വരില്ല.
English Summary: Kerala Budget 2020 Makes No Mention of Alcohol price