ADVERTISEMENT

തിരുവനന്തപുരം ∙ അധികം തിളക്കമില്ല, എന്നാൽ കേരളത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ശ്രമമുണ്ട് ബജറ്റിൽ. സാമ്പത്തിക മാന്ദ്യവും വർധിച്ചു വരുന്ന റവന്യൂ കമ്മിയും എങ്ങനെ നേരിടണമെന്ന സർക്കാരിന്റെ ഉത്തരം. മാന്ദ്യത്തെ നേരിടാൻ വിപണിയിലേക്കു പണമിറക്കി ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടാനുള്ള ശ്രമം ബജറ്റിൽ കാണാം. റവന്യൂ കമ്മി പിടിച്ചു നിർത്താൻ ചെലവു ചുരുക്കൽ നടപടികളിലേക്കും നികുതിയിലൂടെയുള്ള അധിക വിഭവ സമാഹരണത്തിലേക്കും ധനമന്ത്രി കടന്നിരിക്കുന്നു.

റവന്യൂ കമ്മി പിടിച്ചു നിർത്തലാണ് സർക്കാരിന്റെ വെല്ലുവിളി. ഓരോ വര്‍ഷവും റവന്യൂ കമ്മി കൂടിവരുന്നു. വരുമാനം അതനുസരിച്ച് കൂടുന്നുമില്ല. ജനങ്ങളുടെ വരുമാനം കൂടിയാൽ സർക്കാരിനു ലഭിക്കേണ്ട നികുതിയും കൂടും. ജനങ്ങളുടെ വരുമാനം കൂടി വാങ്ങൽശേഷി വർധിക്കണം. അതിനായി തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. വ്യവസായ മേഖലയിലുണ്ടായ വളർച്ച സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചെറുകിട വ്യവസായ മേഖലയിൽ 13,826 യൂണിറ്റുകളാണ് പുതുതായി ആരംഭിച്ചത്. അതിനനുസരിച്ച് തൊഴിലവസരങ്ങൾ കൂടിയതായി സാമ്പത്തിക സർവേയും വ്യക്തമാക്കുന്നു. 2021ൽ ഐടി മേഖലയിൽ മാത്രം 85,000 പേർക്കുകൂടി ജോലി ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൾ.

കിഫ്ബി വഴി കൂടുതൽ പണം വിപണിയിലെത്തിച്ച് വിപണിയെ ചലനാത്മകമാക്കി ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടാനുള്ള ശ്രമം വിജയത്തോട് അടുക്കുന്നതായാണ് ധനമന്ത്രിയുടെ അവകാശവാദം. കിഫ്ബി വഴി 4,500 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം 20,000 കോടിയുടെ നിർമാണ പദ്ധതികളാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. മാന്ദ്യത്തെ മറികടക്കാൻ വിപണിയിലേക്ക് കൂടുതൽ പണമിറക്കണമെന്നാണ് ധനമന്ത്രിയുടെ കാഴ്ചപ്പാട്. ഇതിനായി ഐടി പാർക്കുകൾ, പാലങ്ങൾ, റോഡുകൾ തുടങ്ങി നിർമാണ മേഖലയിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും 15 വർഷം നൽകിയാൽ കിഫ്ബി വായ്പയും പലിശയും തിരിച്ചടയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ ഈ രണ്ടു നികുതികളുടേയും വളർച്ചാ നിരക്ക് കുറയുന്നത് തിരിച്ചടവിനെ ബാധിക്കാനിടയുണ്ട്.

അനാവശ്യ ചെലവുകൾ കുറയ്ക്കാൻ തീരുമാനിച്ചത് ബജറ്റിന്റെ തിളക്കം വർധിപ്പിക്കുന്നു. ക്ഷേമപദ്ധതിയിൽനിന്ന് അനർഹരെ ഒഴിവാക്കുക, എയ്ഡഡ് സ്കൂളുകളിൽ തസ്തികകൾ സൃഷ്ടിക്കുന്നതിന് നിയന്ത്രണം, സർക്കാർ വകുപ്പുകൾക്ക് കാറുകൾ വാങ്ങുന്ന അധിക ചെലവ് ഒഴിവാക്കിയത് തുടങ്ങിയവയെല്ലാം അത്യാവശ്യം വേണ്ട നിയന്ത്രണങ്ങളാണെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാർ മേഖലയിലെ ധൂർത്ത് നിയന്ത്രിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പിലാകാത്തത് ഉദാഹരണമായി മുന്നിലുണ്ട്.

ഭൂമിയുടെ ന്യായവില വർധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് നിർമാണ മേഖലയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. മോട്ടർ വാഹന മേഖലയിൽ സാമ്പത്തിക മാന്ദ്യമുള്ളപ്പോഴാണ് അവയുടെ നികുതി ബജറ്റിൽ വർധിപ്പിച്ചിരിക്കുന്നത്. ഇതു വിൽപനയെ ബാധിക്കാം. കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങളുടെ ആവർത്തനങ്ങൾ ബജറ്റിലുള്ളതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. നദികളിലെ മണൽവാരൽ ആണ് അതിലൊന്ന്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആലോചിച്ചതാണെങ്കിലും നടപ്പിലാക്കാനായിട്ടില്ല. പാക്കേജുകളാണ് മറ്റൊന്ന്. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളും തീരദേശമേഖലയ്ക്കുള്ള പാക്കേജുകളും കഴിഞ്ഞ ബജറ്റിലും സ്ഥാനം പിടിച്ചിരുന്നു. ഇത്തവണയും അവ ബജറ്റിൽ കടന്നു കൂടി.

English Summary: Kerala State Budget 2020 - Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com