ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ എട്ട് പുതിയ കാറുകൾ വാങ്ങുന്നു. സർക്കാരിന്റെ ആവശ്യത്തിനായി കാറുകൾ വാടകയ്ക്ക് എടുക്കുമെന്ന് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു ദിവസങ്ങൾ ആകുന്നതേയുള്ളൂ. ഇതിനു വിരുദ്ധമാണ് നടപടിയെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ, എട്ടു കാറുകൾ വാങ്ങാൻ ബജറ്റിനു മുൻപു തന്നെ തീരുമാനിച്ചിരുന്നതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ഏഴാം തീയതി അവതരിപ്പിച്ച ബജറ്റിലാണ് സർക്കാർ വകുപ്പുകൾക്കായി കാറുകൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇലക്ട്രിക്ക് കാറുകൾ വാടകയ്ക്ക് എടുത്താൽ 1000 വണ്ടിക്ക്  7.5 കോടിയെങ്കിലും ലാഭിക്കാമെന്നും 1500 കോടിയുടെ അധികച്ചെലവ് ഒഴിവാക്കാമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ബജറ്റിനോടൊപ്പം നിയമസഭയില്‍ വച്ച ഉപധനാഭ്യർഥനയിലാണ് ഡൽഹിയിലെ കേരള ഹൗസിലടക്കം എട്ടു വാഹനങ്ങൾ വാങ്ങുന്ന കാര്യം പറയുന്നത്. വാഹനങ്ങള്‍ക്കെല്ലാം ടോക്കണ്‍ തുകയാണ് അനുവദിച്ചത്.

ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ല. വാങ്ങുന്ന വാഹനങ്ങളുടെ വിലയനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും. സെയില്‍ ടാക്‌സ് കമ്മിഷണര്‍, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണര്‍, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ (പിഡബ്ല്യുഡി കോട്ടയം), കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വെയൺമെന്റ് വകുപ്പ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍, ഇന്‍ഡസ്ട്രിയല്‍ ട്രൈബൂണല്‍ (ആലപ്പുഴ), എല്‍എസ്ജിഡി ഓംബുഡ്‌സ്മാന്‍, കേരള ഹൗസ് എന്നിവർക്കായാണ് വാഹനങ്ങൾ വാങ്ങുന്നത്. 

ഇതു കൂടാതെ കേരള ഹൗസിലേക്കായി എട്ടു വാഹനങ്ങൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ നിയന്ത്രണമുള്ളതിനാൽ പത്തുവർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാനാകില്ല. മേയ് ആകുമ്പോൾ 8 വാഹനങ്ങളുടെ സേവന കാലാവധി അവസാനിക്കും. ഇവ കേരളത്തിലേക്കു കൊണ്ടുവരും.

English Summary: Kerala Government decided to purchase 8 new cars in amid financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com