ADVERTISEMENT

ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും വിജയം അപ്രതീക്ഷിതമല്ലായിരുന്നു. ഭരണവിരുദ്ധ വികാരമില്ലായിരുന്നു, ഒറ്റപ്പെട്ടതല്ലാത്ത അഴിമതി ആരോപണങ്ങളില്ലായിരുന്നു, ആവുംവിധം പ്രവർത്തിച്ച സർക്കാരെന്ന പ്രതിച്ഛായയുണ്ടായിരുന്നു. എക്സിറ്റ് പോളുകളെല്ലാം ഭരണത്തുടർച്ച പ്രവചിച്ചപ്പോഴും അട്ടിമറിക്കുമെന്ന വ്യാജമായ പ്രതീതി സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചത്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ തങ്ങൾക്കു വലിയ തോതിൽ വോട്ട് കിട്ടിയെന്ന് ബിജെപി അവകാശപ്പെട്ടു. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം ഉൾപ്പെടെ എന്തോ തട്ടിപ്പ് ബിജെപി കാണിച്ചിട്ടുണ്ടാവുമെന്നു പലരും ആശങ്ക പങ്കുവച്ചു. എന്തായാലും, പെട്ടി തുറന്നപ്പോൾ ആരും ഞെട്ടിയില്ല. അവസാന മണിക്കൂറുകളിലെ വോട്ടും ആം ആദ്മിക്കായിരുന്നു.

ബിജെപിയോടു വിയോജിപ്പുള്ളവർക്കൊക്കെയും കേജ്‌രിവാളിന്റെ വിജയം വലുതാണ്. പക്ഷേ, ആ വിജയം 70 ൽ 62 എന്ന സഖ്യയ്ക്കപ്പുറം വലുതാണോ? അല്ലെന്നു വാദിക്കാൻ പല കാരണങ്ങളുണ്ട്. ബിജെപിക്കെതിരെ ആരു ജയിച്ചാലും വലിയ കാര്യം എന്നതിനപ്പുറം വിലയിരുത്തലുകൾ ആവശ്യമാണ്.  

കേജ്‌രിവാളിന്റെ ഭരണത്തിൽ പല നല്ല കാര്യങ്ങളുമുണ്ടായിരുന്നു. സർക്കാർ സ്കൂളുകളും നിർധനർക്കുള്ള ചികിൽസാ സൗകര്യങ്ങളും വലിയ തോതിൽ മെച്ചപ്പെടുത്തി, പാലങ്ങൾ പണിതു, സർക്കാർ സേവനങ്ങൾ സുഗമമാക്കി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്ത്രീകൾക്കു ബസുകളിൽ യാത്രാസൗജന്യം, വൈദ്യുതി നിരക്കിൽ കുറവുകൾ. കേന്ദ്ര സർക്കാരിന്റെ ദാക്ഷിണ്യങ്ങൾക്കു വിധേയമായി പ്രവർത്തിക്കുമ്പോഴാണ് ഇതൊക്കെയെന്ന പ്രത്യേകതയുമുണ്ട്.

എന്നാൽ, ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്തമായ ജനക്ഷേമ നടപടികൾക്കപ്പുറം എന്തെങ്കിലും കേജ്‌രിവാളിന്റെ സർക്കാർ ചെയ്തോ? ഇല്ല. പല സർക്കാരുകളും ‌ഇത്തരം ഉത്തരവാദിത്തങ്ങളുടെ പകുതിപോലും ചെയ്യാത്തപ്പോൾ, കേജ്‌രിവാൾ ചെയ്തതൊക്കെയും വലിയ കാര്യമാവുക സ്വാഭാവികം. 

ഡൽഹി സർക്കാരിന്റെ അധികാരം സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കത്തിൽ കേജ്‌രിവാളിനായിരുന്നു മേൽക്കൈ. മതാധിഷ്ഠിത രാഷ്ട്രീയത്തിൽ ബിജെപിയുമായി തർക്കിക്കാനല്ല, അതിനെ വലതുപക്ഷത്തുകൂടിത്തന്നെ തന്ത്രപരമായി മറികടക്കാൻ ആം ആദ്മിക്കു സാധിച്ചു. ഡൽഹിയിലെ വിജയം അതുകൂടിയാണ് വ്യക്തമാക്കുന്നത്. തന്ത്രമെന്ന നിലയ്ക്ക് അതു വിജയമാണ്, രാഷ്ട്രീയ നയമെന്ന നിലയ്ക്ക് അപകടകരവും. ബിജെപി വരയ്ക്കുന്ന വൃത്തത്തിനു പുറത്തേക്ക് ആം ആദ്മി കടക്കുന്നില്ല. അത് ബോധപൂർവം തന്നെയാണ്. അതാണ് ആം ആദ്മി രാഷ്ട്രീയത്തിന്റെ പരിമിതി. ബിജെപിക്കു ബദലാവാൻ അവർക്കു സാധിക്കാത്തതും അതുകൊണ്ടുതന്നെ.

aravind-kejeriwall-app-delhi

മോദിയെ വിമർശിക്കുന്നത് ഒഴിവാക്കുകയെന്നത് പാർട്ടിയുടെ ബോധപൂർവമായ തീരുമാനമായിരുന്നു എന്നാണ് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് ഇന്നലെ എൻഡിടിവി ചാനലിലെ ചർച്ചയിൽ പറഞ്ഞത്. ഷഹീൻ ബാഗിലെ പ്രതിഷേധ സമരത്തോടും െജഎൻയുവിലെ പ്രശ്നങ്ങളോടും പാലിച്ച വ്യക്തമായ അകലവും ഹനുമാൻ ചാലീസ ചൊല്ലാൻ എതിർപക്ഷത്തിനെ വെല്ലുവിളിച്ചതുമൊക്കെ ബോധപൂർവമായ തീരുമാനങ്ങൾ തന്നെയെന്നു വിലയിരുത്താൻ പ്രയാസമില്ല. 

പൗരത്വ ഭേദഗതി നിയമത്തെ കേജ്‌രിവാൾ വിമർശിച്ചിരുന്നു. ബിജെപിയുടെ മിക്ക ഘടകകക്ഷികളും പൗരത്വ നിയമത്തെ വിമർശിച്ചിട്ടുണ്ട്. അവർക്കപ്പുറമൊരു ബിജെപി വിരുദ്ധത കേജ്‌രിവാൾ പ്രകടിപ്പിച്ചിട്ടില്ല. പൗരത്വ പ്രതിഷേധത്തിന്റേ ദേശീയ വേദിയാണ് ഷഹീൻ ബാഗ്. സർവകലാശാലകളിൽ ബിജെപി നടത്തുന്ന വഴിവിട്ട ഇടപെടലുകളുടെയും അതിനെ ചെറുക്കുന്നവരെ നേരിടുന്ന ഗുണ്ടാരീതിയുടെയും തെളിവായി ജെഎൻഎയു. ആ വേദികൾ ഉൾപ്പെടുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് കേജ്‌രിവാൾ. സമരരാഷ്ട്രീയത്തോടും വഴിതടയലുകളോടും വിയോജിപ്പുള്ളയാളാണ് കേജ്‌രിവാളെങ്കിൽ സമ്മതിക്കാം. അദ്ദേഹത്തിന് ദേശീയ മേൽവിലാസമുണ്ടായതുതന്നെ സമരങ്ങളിലൂടെയാണ്. അദ്ദേഹവും പാർട്ടിയും പുതിയ സമരവേദികളോട് അകലം പാലിക്കുമ്പോൾ, അത് നിഷ്പക്ഷതയാവുന്നില്ല.  തെറ്റിന്റെയും ശരിയുടെയും രാഷ്ട്രീയത്തിൽ സമദൂരം ശരിദൂരവുമല്ല. അപ്പോൾ, അത് ബിജെപിക്കൊപ്പമുള്ള നിലപാടാവുന്നു; മോദിയെ വിമർശിക്കേണ്ടതില്ലെന്നപോലൊരു  തീരുമാനവും.

പൊതു ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ച് കൃത്യം ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ഡൽഹി തിരഞ്ഞെടുപ്പ്. രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പാണെങ്കിലും ബജറ്റ് തിരഞ്ഞെടുപ്പു വിഷയമായതേയില്ല. പകരം, ആം ആദ്മി സ്വന്തം ഭരണമികവിനെക്കുറിച്ചു പറഞ്ഞു. ബിജെപി ഷഹീൻ ബാഗിനെയും പൗരത്വ നിയമത്തെയും കുറിച്ചും. വിഷയങ്ങളുടെ പങ്കിടൽ. മൂന്നാം കക്ഷി, ബിജെപിയെ മറികടക്കാൻ ക്ഷേത്രപ്രവേശന തന്ത്രം പ്രയോഗിച്ച് പരാജയപ്പെട്ട കോൺഗ്രസാണ്. അതിന് ബിജെപിക്കൊപ്പം, ആം ആദ്മിയെയും മറികടക്കാൻ എങ്ങനെ സാധിക്കും? അതിപ്പോൾ, പൂജ്യത്തിനും താഴെയെത്തി പാതാളകരണ്ടിയെ പാർട്ടിചിഹ്നമാക്കാവുന്ന സ്ഥിതിയിലായിരിക്കുന്നു.

മോദിക്കു ബദലായി കേജ്‌രിവാൾ, കേജ്‌രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥി എന്നൊക്കെയാണ് ഡൽഹി ഫലത്തിനുശേഷമുള്ള  വാദങ്ങൾ. നിഷ്കളങ്കവും തീവ്രവുമായ മോദിവിരുദ്ധത ഒാർമയെയും കാഴ്ചകളെയും പോലും ബാധിച്ചിട്ടാവാം ചിലർ അങ്ങനെ പറയുന്നത്. അവർക്കൊരു ബദൽ മതി. ആരെന്നതു പ്രസക്തമല്ല. ആ തത്രപ്പാട് ചില രാഷ്ട്രീയകക്ഷികൾ പോലും പ്രകടിപ്പിക്കുന്നു. അതുപക്ഷേ, അപകടമാവാം. കാരണം, ബിജെപിക്കെതിരെയുള്ള ഏതു തിരഞ്ഞെടുപ്പു വിജയവും ബിജെപിരാഷ്ട്രീയത്തിനു വിരുദ്ധമാവുന്നില്ല.

English Summary : Arvind Kejriwal, Delhi Elections 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com