ADVERTISEMENT

തൃശൂർ∙ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് പുല്ലൂറ്റ് കോഴിക്കട തൈപ്പറമ്പത്ത് വിനോദിനെയും കുടുംബത്തിനെയും തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവും മക്കളും മരിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണു ഇപ്പോൾ പൊലീസിനെ വലയ്ക്കുന്നത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു വിനോദിന്റെ മൃതദേഹം. ഭാര്യയും രണ്ടു മക്കളെയും ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 

മൂന്നുപേരെയും െകാന്നശേഷം വിനോദ് ജീവനാടുക്കിയെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ ഭർത്താവും രണ്ടു മക്കളും മരിച്ച് 24 മണിക്കൂറിനു ശേഷം ഭാര്യ മരിച്ചെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നത്. രമയുടെ തലയിൽ അടിയേറ്റ പാടുണ്ട്. തലയ്ക്കടിയേറ്റതോടെ ബോധം നഷ്ടപ്പെട്ടിരിക്കാം. ഈ സമയം വിനോദ് മക്കളെ കൊന്ന ശേഷം തൂങ്ങി മരിച്ചിരിക്കാം. പിന്നീട് ബോധം തെളിഞ്ഞപ്പോൾ ഭർത്താവും മക്കളും തൂങ്ങി മരിച്ചതു കണ്ട രമയും ജീവനൊടുക്കിയതാകാനാണു സാധ്യതയെന്നു പൊലീസ് പറയുന്നു. രമയുടെ മൃതദേഹം മറ്റു മൃതദേഹങ്ങളുടെ അത്രയും ജീർണിച്ചിരുന്നില്ല

വീടിന്റെ വാതിലുകളെല്ലാം അകത്തു നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നപ്പോഴാണ് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചത്.  കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരം ഇല്ലായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു നാലു പേരുടെ മൃതദേഹങ്ങൾ  പോസ്റ്റുമോർട്ടത്തിനുശേഷം  സംസ്കരിച്ചു. കെട്ടിടങ്ങളുടെ ഡിസൈന്‍ ജോലിക്കാരനായ വിനോദ് സൗമ്യനും മിതഭാഷിയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

എല്ലാവർക്കും മാപ്പ്.......തെറ്റു ചെയ്തവർക്കു മാപ്പില്ല

ഇവരുടെ വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മകൻ നീരജിന്റെ  നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിൽ  ‘എല്ലാവർക്കും മാപ്പ്.......തെറ്റു ചെയ്തവർക്കു മാപ്പില്ല’... .. എന്ന് കുറിച്ചിരുന്നു. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാർ കാണുന്നത്. അന്ന് ഇതുവഴി പോയ നഗരസഭ കൗൺസിലർ കവിത മധു, നയനയെ വീടിനു മുന്നിൽ കണ്ടിരുന്നു. പതിവു പോലെ തലയാട്ടി ചിരിച്ചു. ഇന്നു ഞങ്ങളുടെ വിവാഹ വാർഷികമാണ്; നേരത്തെ പോകുകയാണ് എന്നായിരുന്നു രമ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയിലെ സുഹൃത്തുക്കളോടു വ്യാഴാഴ്ച രമ പറഞ്ഞിരുന്നത്. 

vinod-family
വിനോദും കുടുംബവും

വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വച്ച നിലയിലായിരുന്നു. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഇൗയിടെ സ്വർണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കൾ പറയുന്നു. വീട്ടിൽ നിന്നു ലഭിച്ച രമയുടെ പഴ്സിൽ അത്യാവശ്യം പണം ഉണ്ടായിരുന്നു.

ആത്മഹത്യാക്കുറിപ്പ്  വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്നു പൊലീസ് അറിയിച്ചു. വിനോദിന്റെയും രമയുടെയും കയ്യെഴുത്ത് ശേഖരിച്ചു വിദഗ്ധരെകൊണ്ടു താരതമ്യം ചെയ്യും. വിനോദും രമയും ഉപയോഗിച്ച മൊബൈൽ ഫോണുകൾ സൈബർ സെല്ലിൽ വിശദ പരിശോധന നടത്തും. മരിക്കുന്നതിനു 2 ദിവസം മുൻപ് ഇവരുടെ ഫോണിലേക്കു വിളിച്ചവരുടെ വിവരങ്ങൾ തേടുമെന്നു പൊലീസ് അറിയിച്ചു. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

English Summary: Kodungallur suicide, Mystery surrounds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com